| Sunday, 25th June 2023, 4:12 pm

ആം ആദ്മി ബി.ജെ.പിയുടെ ബി ടീം; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ സീറ്റ് നല്‍കില്ല: കോണ്‍ഗ്രസ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ബി.ജെ.പിയുടെ ബി ടീമാണ് ആം ആദ്മി പാര്‍ട്ടിയെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് എം.എല്‍.എ ജയ്‌വര്‍ധന്‍ സിങ്. അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന പാര്‍ട്ടിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി മധ്യപ്രദേശില്‍ സീറ്റ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ദല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസും ആം ആദ്മിയും തമ്മിലെ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കവേയാണ് പാര്‍ട്ടി നേതാവ് ദിഗ് വിജയ് സിങ്ങിന്റെ മകന്‍ കൂടിയായ എം.എല്‍.എയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

‘അവസാനം വരെ പ്രതിപക്ഷ ഐക്യത്തിനൊപ്പം നില്‍ക്കുമോ ഇല്ലയോ എന്ന് ആം ആദ്മി വ്യക്തമാക്കണം. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി എല്ലാ പാര്‍ട്ടിക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഐക്യത്തിന് ചേരാത്ത പരാമര്‍ശങ്ങളാണ് ആം ആദ്മി നടത്തുന്നത്,’ അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിക്ക് മധ്യപ്രദേശില്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസാണ് ഏക പോംവഴിയെന്നും ജയവര്‍ധന്‍ പറഞ്ഞു.

ആം ആദ്മി കോണ്‍ഗ്രസിനോടും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോടും ആത്മാര്‍ത്ഥ കാണിക്കുകയാണെങ്കില്‍ ആം ആദ്മിയെ സ്വാഗതം ചെയ്യാമെന്ന് എം.എല്‍.എ രാഘോഗര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഓര്‍ഡിനന്‍സ് പോലുള്ള പ്രധാനപ്പെട്ട വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നത് കാരണം കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തിന്റെ ഭാഗമാകാന്‍ എ.എ.പിക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന് പട്‌നയില്‍ വെച്ച് നടന്ന യോഗം കഴിഞ്ഞയുടനെ ആം ആദ്മിയും പ്രസ്താവനയിറക്കിയിരുന്നു.

ഓര്‍ഡിനന്‍സിനെതിരെ പരസ്യ നിലപാടെടുക്കുകയും കോണ്‍ഗ്രസിന്റെ എം.പിമാര്‍ രാജ്യസഭയിലെ ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യാതെ തുടര്‍ന്നുള്ള പ്രതിപക്ഷ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ എ.എ.പിക്ക് സാധിക്കില്ലെന്നും യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ എ.എ.പി പറഞ്ഞിരുന്നു.

ഓര്‍ഡിനന്‍സിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് സി.പി.ഐ.എം പി.ബിയും ആവശ്യപ്പെട്ടു.

CONTENT HIGHLIGHTS: Aam Aadmi BJP B Team; No seats in Madhya Pradesh in Lok Sabha elections: Congress MLA

We use cookies to give you the best possible experience. Learn more