ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് ആംആദ്മി. ഘരാവോ പ്രതിഷേധം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.
ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിക്ക് മുന്നില്‍ മാര്‍ച്ച് 26ന് എ.എ.പി നേതാക്കള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഈ വര്‍ഷത്തെ ഹോളി ആഘോഷിക്കില്ലെന്ന് ദല്‍ഹി എ.എ.പി ഘടകം കണ്‍വീനര്‍ ഗോപാല്‍ റായ് പറഞ്ഞു.
കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത ദിവസം ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് എ.എ.പി പ്രതികരിച്ചു. ഇ.ഡിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ബി.ജെ.പിയുടെ ഉദ്ദേശമെന്ന് മന്ത്രി ആതിഷി പറഞ്ഞു. എ.എ.പി നേതാക്കള്‍ക്കെതിരെ ഇതുവരെ കുറ്റമൊന്നും തെളിയിക്കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിഷി ചൂണ്ടിക്കാട്ടി.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ഇന്ത്യാ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഇലക്ടറല്‍ ബോണ്ടിലെ വിവരങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനാണ് കെജ്‌രിവാളിനെ ബി.ജെ.പി അറസ്റ്റ് ചെയ്തതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതേസമയം കെജ്‌രിവാളിനെ ഏഴ് ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍ വിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.മാര്‍ച്ച് 28 വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. കേസില്‍ ജഡ്ജി കാവേരി ഭൗജയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മൂന്നേകാല്‍ മണിക്കൂറുകള്‍ക്ക് ശേഷമുള്ള വാദത്തിനൊടുവിലാണ് കോടതിയുടെ ഉത്തരവ്. പത്ത് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.
Content Highlight: Aam Aadmi announces Gharao march to Modi’s official residence