ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ വിമര്‍ശനവുമായി ആം ആദ്മി. സ്‌നേഹത്തിന്റെ കട തുറക്കലല്ല നിലവില്‍ നടക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ അന്ത്യമാണെന്നും ആം ആദ്മി വിമര്‍ശനം ഉയര്‍ത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ് ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ആം ആദ്മിയുടെ വിമര്‍ശനം.
അതേസമയം പശ്ചിമ ബംഗാളിലെ സിലിഗുരി മണ്ഡലത്തില്‍ ഭാരത് ജോഡോയുടെ ഭാഗമായി രാഹുല്‍ ഗാന്ധിക്ക് സന്ദര്‍ശനം നടത്താനുള്ള അനുമതി സംസ്ഥാന പൊലീസ് നിഷേധിച്ചു. സംസ്ഥാന അതിര്‍ത്തിയില്‍ പ്രവേശിച്ചത് മുതല്‍ പശ്ചിമ ബംഗാളില്‍ ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നതിന് ഭരണപരമായ തടസങ്ങള്‍ നേരിടുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യം പഞ്ചാബിലും ഭിന്നിപ്പ് നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പഞ്ചാബിലെ എല്ലാ ലോക്സഭാ സീറ്റിലും ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം മാധ്യമങ്ങളെ അറിയിച്ചിരുന്നു.
പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളിലേക്ക് ആം ആദ്മി പാര്‍ട്ടി 40 സ്ഥാനാര്‍ത്ഥികളെ വീതം ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിക്കുന്നതിന് മുമ്പേ സംസ്ഥാനത്ത് തങ്ങള്‍ ഒരു സര്‍വേ നടത്തുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. മത്സരിക്കുന്ന എല്ലാ സീറ്റിലും ആം ആദ്മി വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും ദേശീയതലത്തിലെ സഖ്യവുമായി ബന്ധപ്പെട്ട തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം അറിയിക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജിയും അറിയിച്ചിരുന്നു.
Content Highlight: Aam Aadmi Against Bharat Jodo Nyay Yatra