| Monday, 7th October 2019, 10:19 pm

'ആളൊരുക്കം' അംഗീകാരങ്ങളുടെ നെറുകയില്‍; വിദേശ പ്രേക്ഷകരുടെ നീണ്ട ഹര്‍ഷാരവവുമായി ചിത്രം ബ്രിക്‌സില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വി.സി അഭിലാഷ് സംവിധാനം ചെയ്ത് ഇന്ദ്രന്‍സ് മുഖ്യവേഷത്തിലെത്തിയ ‘ആളൊരുക്കം’ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന നാലാമത് ബ്രിക്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ഏറെനേരം നീണ്ടുനിന്ന ഹര്‍ഷാരവത്തോടെയാണ് ചിത്രത്തെ വിദേശ പ്രേക്ഷകര്‍ സ്വീകരിച്ചത്.

ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ചാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. സംവിധായകന്‍ വി.സി അഭിലാഷും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം നടന്‍ ഇന്ദ്രന്‍സിന് ഏറ്റവും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ആളൊരുക്കത്തിലെ അഭിനയത്തിനു ലഭിച്ചിരുന്നു. ഏറ്റവും മികച്ച സാമൂഹിക പ്രസക്തിയേറിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടിയ സിനിമയാണ് ആളൊരുക്കം.

പ്രവാസി വ്യവസായിയായ ജോളി ലോനപ്പനാണ് ചിത്രം നിര്‍മ്മിച്ചത്. ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പു പിഷാരടിയുടെയും മകന്റെയും കഥയിലൂടെ വളരെ ഗൗരവമേറിയ ഒരു പ്രമേയമാണ് ആളൊരുക്കം പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒക്ടോബര്‍ 9 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. രാജ്യത്തെ നാലു സംവിധായകരുടെ രണ്ട് വീതം വര്‍ക്കുകളാണ് കേന്ദ്രസര്‍ക്കാര്‍ ഒദ്യോഗികമായി ഫെസ്റ്റിവലിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നത്.

ആളൊരുക്കത്തെ കൂടാതെ വി.സി അഭിലാഷ് ഒരുക്കിയ ഡോക്യുമെന്ററി ‘ഒരു സുപ്രധാന കാര്യ’വും ഇന്ത്യയുടെ പ്രസ്തുത നാമനിര്‍ദേശ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ നിന്നാണ് ആളൊരുക്കം ഔദ്യോഗിക എന്‍ട്രിയായി ഫെസ്റ്റിവല്‍ ടീം തെരഞ്ഞെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കലാമണ്ഡലത്തില്‍ നിന്നുള്ള വിദ്ഗദരായ കലാകാരന്മാര്‍ ചിത്രത്തിന് വേണ്ടി ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്. മറ്റ് അഭിനേതാക്കള്‍: ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ്.സാംലാല്‍ പി തോമസാണ് ക്യാമറ.

We use cookies to give you the best possible experience. Learn more