| Thursday, 22nd June 2023, 9:13 pm

ലൈഫ് പദ്ധതിയിലെ പഞ്ചായത്തിന്റെ അധികാരം എടുത്തുകളഞ്ഞത് സര്‍ക്കാര്‍: ആര്‍ക്ക് നല്‍കണമെന്നത് അവരുടെ തീരുമാനം: ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ലൈഫ് പദ്ധതിയില്‍ വീട് ആര്‍ക്ക്, എപ്പോള്‍ നല്‍കണമെന്ന് തീരുമാനിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനാണെന്ന് ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സല്‍ കെ.ടി. മുന്‍ കാലങ്ങളില്‍ ഈ അധികാരം പഞ്ചായത്തിനായിരുന്നെന്നും എന്നാല്‍ ആ അധികാരം സര്‍ക്കാര്‍ എടുത്തുകളഞ്ഞെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ലൈഫ് പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ച് ലഭിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസില്‍ മുജീബ് എന്ന് പറയുന്നൊരാള്‍ തീയിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അഫ്‌സല്‍ പങ്കുവെച്ചിരിക്കുന്നത്.

‘കീഴാറ്റൂര്‍ ഒരു ചൂണ്ടു പലകയാണ്. ഡോ. വന്ദനയെ പോലെ ഒരാഴ്ചത്തേക്ക് വാട്‌സ് ആപ്പ് പ്രൊഫൈല്‍ ചിത്രത്തിലേക്ക് ചില പഞ്ചായത്ത് ജീവനക്കാരുടെ ചിത്രം കൂടെ വരാനുള്ള സാധ്യതയിലേക്കുള്ള ചൂണ്ടു പലക. ഇപ്പോള്‍ തന്നെ പ്രാദേശിക വാട്‌സ് ആപ്പ് കോടതികളിലും ചാനല്‍ വാര്‍ത്തകളുടെ കമന്റ് കോളത്തിലും ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കുറ്റപത്രവും ശിക്ഷയുമൊക്കെ തീരുമാനിച്ചു കഴിഞ്ഞു.

ഇനിയത് നടപ്പിലാക്കിയാല്‍ മാത്രം മതി. നമുക്ക് അപ്ലോഡ് ചെയ്യാനുള്ള പ്രൊഫൈല്‍ ചിത്രം റെഡി. സത്യത്തില്‍ അവരെന്ത് പിഴച്ചു. ലൈഫ് ഭവന പദ്ധതിയില്‍ ക്രമം മറി കടന്ന് വീട് ലഭിച്ചില്ല എന്നതാണല്ലോ ഈ പരാക്രമത്തിനാധാരം. ലൈഫ് ഭവന പദ്ധതിയില്‍ വീട് ആര്‍ക്ക്, എപ്പോള്‍ നല്‍കണം എന്ന് തീരുമാനിക്കുന്നതിനുള്ള അധികാരം ആര്‍ക്കാണ്. പഞ്ചായത്തിനാണോ, അതോ പഞ്ചായത്ത് ജീവനക്കാര്‍ക്കോ?

രണ്ടുമല്ല, മറിച്ച് മുന്‍ കാലങ്ങളായി ഈ അധികാരം മുഴുവന്‍ ഉണ്ടായിരുന്ന പഞ്ചായത്തുകളില്‍ നിന്നും അത്തരം അധികാരങ്ങള്‍ എല്ലാം എടുത്തു കളഞ്ഞ സര്‍ക്കാരിന് മാത്രമാണ്. 2020 ല്‍ ആണ് അവസാനമായി സര്‍ക്കാര്‍ ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷ സ്വീകരിച്ചത്.

ഒമ്പത് ലക്ഷത്തില്‍ പരം അപേക്ഷകള്‍ മൂന്ന് ഘട്ടങ്ങളിലായി വെരിഫിക്കേഷന്‍ നടത്തി. ആദ്യ ഘട്ടത്തില്‍ പഞ്ചായത്തിനകത്ത് നിന്ന് തന്നെയുള്ള ഉദ്യോഗസ്ഥര്‍. അതില്‍ കുറേ അപേക്ഷകള്‍ തള്ളിപ്പോയി. പിന്നീട് ബ്ലോക്ക് തലത്തിലും ശേഷം ജില്ലാ തലത്തിലും പരിശോധന നടത്തി.

ഓരോ ഘട്ട പരിശോധനയിലും അപേക്ഷകള്‍ തള്ളിക്കൊണ്ടേയിരുന്നു. അവസാനം വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലൈഫ് ഭവന പദ്ധതിയുടെ അന്തിമ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു. 9 ലക്ഷം അപേക്ഷകരില്‍ നിന്നുമത് അഞ്ച് ലക്ഷത്തില്‍ പരമായി ചുരുങ്ങി,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് വീട് നല്‍കാന്‍ ലിസ്റ്റ് വന്നതിന് ശേഷവും കുറേ നാള്‍ കാത്തിരിക്കേണ്ടി വന്നുവെന്നും അതിന്റെ ന്യായമായി പറഞ്ഞത് പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയതിന് ശേഷം മാത്രമേ ജനറല്‍ വിഭാഗത്തിന് നല്‍കുകയുള്ളൂവെന്നുമാണെന്നും അഫ്‌സല്‍ പറഞ്ഞു.

‘എന്നാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് വീട് നല്‍കാന്‍ ലിസ്റ്റ് വന്നു പിന്നെയും കുറേ നാള്‍ കാത്തിരിക്കേണ്ട അവസ്ഥ. അതിന് ന്യായം പറഞ്ഞത് പട്ടിക ജാതി വിഭാഗത്തിലുള്ള ആളുകള്‍ക്ക് മുഴുവന്‍ നല്‍കിയതിന് ശേഷം മാത്രമേ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നല്‍കൂ എന്നായിരുന്നു.

അപേക്ഷ ക്ഷണിച്ച് ഒരു വട്ടം വെരിഫിക്കേഷന്‍ നടത്തി തൃപ്തി വരാതെ രണ്ടാം വട്ടം വെരിഫിക്കേഷനിലും തൃപ്തി വരാതെ മൂന്നാം വെരിഫിക്കേഷനും കഴിഞ്ഞ് പട്ടിക പുറത്ത് വിട്ടതിന് ശേഷമാണ് ഈ തടസം. കഴിയുന്ന മുട്ടാപ്പോക്ക് മുഴുവന്‍ പറഞ്ഞു പരമാവധി വൈകിപ്പിക്കുക എന്ന പോളിസിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്,’ അദ്ദേഹം പറഞ്ഞു.

ഒന്നെങ്കില്‍ മുന്‍കാലങ്ങളിലെ പോലെ വീടുകള്‍ നല്‍കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് തിരിച്ചു നല്‍കണമെന്നും അല്ലെങ്കില്‍ പ്രായോഗികമല്ലാത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കി നിലവില്‍ ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കാനുള്ള ഫണ്ട് അനുവദിക്കണമെന്നും അഫ്‌സല്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കീഴാറ്റൂര്‍ ഒരു ചൂണ്ടു പലകയാണ്. ഡോ. വന്ദനയെ പോലെ ഒരാഴ്ചത്തേക്ക് വാട്‌സ് ആപ്പ് പ്രൊഫൈല്‍ ചിത്രത്തിലേക്ക് ചില പഞ്ചായത്ത് ജീവനക്കാരുടെ ചിത്രം കൂടെ വരാനുള്ള സാധ്യതയിലേക്കുള്ള ചൂണ്ടു പലക. ഇപ്പോള്‍ തന്നെ പ്രാദേശിക വാട്‌സ് ആപ്പ് കോടതികളിലും ചാനല്‍ വാര്‍ത്തകളുടെ കമന്റ് കോളത്തിലും ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കുറ്റ പത്രവും ശിക്ഷയുമൊക്കെ തീരുമാനിച്ചു കഴിഞ്ഞു.

ഇനിയത് നടപ്പിലാക്കിയാല്‍ മാത്രം മതി. നമുക്ക് അപ്ലോഡ് ചെയ്യാനുള്ള പ്രൊഫൈല്‍ ചിത്രം റെഡി. സത്യത്തില്‍ അവരെന്ത് പിഴച്ചു. ലൈഫ് ഭവന പദ്ധതിയില്‍ ക്രമം മറി കടന്ന് വീട് ലഭിച്ചില്ല എന്നതാണല്ലോ ഈ പരാക്രമത്തിനാധാരം. ലൈഫ് ഭവന പദ്ധതിയില്‍ വീട് ആര്‍ക്ക്, എപ്പോള്‍ നല്‍കണം എന്ന് തീരുമാനിക്കുന്നതിനുള്ള അധികാരം ആര്‍ക്കാണ്. പഞ്ചായത്തിനാണോ, അതോ പഞ്ചായത്ത് ജീവനക്കാര്‍ക്കോ?

രണ്ടുമല്ല, മറിച്ച് മുന്‍ കാലങ്ങളായി ഈ അധികാരം മുഴുവന്‍ ഉണ്ടായിരുന്ന പഞ്ചായത്തുകളില്‍ നിന്നും അത്തരം അധികാരങ്ങള്‍ എല്ലാം എടുത്തു കളഞ്ഞ സര്‍ക്കാരിന് മാത്രമാണ്. 2020 ല്‍ ആണ് അവസാനമായി സര്‍ക്കാര്‍ ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷ സ്വീകരിച്ചത്.

ഒമ്പത് ലക്ഷത്തില്‍ പരം അപേക്ഷകള്‍ മൂന്ന് ഘട്ടങ്ങളിലായി വെരിഫിക്കേഷന്‍ നടത്തി. ആദ്യ ഘട്ടത്തില്‍ പഞ്ചായത്തിനകത്ത് നിന്ന് തന്നെയുള്ള ഉദ്യോഗസ്ഥര്‍. അതില്‍ കുറേ അപേക്ഷകള്‍ തള്ളിപ്പോയി. പിന്നീട് ബ്ലോക്ക് തലത്തിലും ശേഷം ജില്ലാ തലത്തിലും പരിശോധന നടത്തി.

ഓരോ ഘട്ട പരിശോധനയിലും അപേക്ഷകള്‍ തള്ളികൊണ്ടേയിരുന്നു. അവസാനം വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലൈഫ് ഭവന പദ്ധതിയുടെ അന്തിമ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു. 9 ലക്ഷം അപേക്ഷകരില്‍ നിന്നുമത് അഞ്ച് ലക്ഷത്തില്‍ പരമായി ചുരുങ്ങി.

എന്നാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് വീട് നല്‍കാന്‍ ലിസ്റ്റ് വന്നു പിന്നെയും കുറേ നാള്‍ കാത്തിരിക്കേണ്ട അവസ്ഥ. അതിന് ന്യായം പറഞ്ഞത് പട്ടിക ജാതി വിഭാഗത്തിലുള്ള ആളുകള്‍ക്ക് മുഴുവന്‍ നല്‍കിയതിന് ശേഷം മാത്രമേ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നല്‍കൂ എന്നായിരുന്നു.

അപേക്ഷ ക്ഷണിച്ച് ഒരു വട്ടം വെരിഫിക്കേഷന്‍ നടത്തി തൃപ്തി വരാതെ രണ്ടാം വട്ടം വെരിഫിക്കേഷനിലും തൃപ്തി വരാതെ മൂന്നാം വെരിഫിക്കേഷനും കഴിഞ്ഞ് പട്ടിക പുറത്ത് വിട്ടതിന് ശേഷമാണ് ഈ തടസം. കഴിയുന്ന മുട്ടാപ്പോക്ക് മുഴുവന്‍ പറഞ്ഞു പരമാവധി വൈകിപ്പിക്കുക എന്ന പോളിസിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.

വളരെ സിംപിള്‍ ലോജിക് ആണതിന്റെ കാരണം. 500000X100000= എത്ര എന്ന് നിങ്ങളുടെ മൊബൈല്‍ ഫോണിലെ കാല്‍കുലേറ്ററില്‍ ഒന്ന് അടിച്ച് നോക്ക്. മൊബൈലിന്റെ സ്‌ക്രീനില്‍ കൊള്ളാത്ത ഒരു സംഖ്യ കിട്ടും. അത് തരാന്‍ ഖജനാവില്‍ ഇല്ല. അതായത് മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പഞ്ചായത്തുകളുടെ മുഴുവന്‍ അധികാരവും കവര്‍ന്നെടുത്ത് സര്‍ക്കാര്‍ നേരിട്ടു അപേക്ഷ ക്ഷണിച്ച്, വിവിധ ഘട്ടങ്ങളിലായി സര്‍ക്കാര്‍ തന്നെ വെരിഫിക്കേഷന്‍ നടത്തി, സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ പട്ടിക പ്രകാരം ഉള്ള ആളുകള്‍ക്ക് വീട് വെക്കാന്‍ സര്‍ക്കാര്‍ നല്‍കുന്നത് ഒരു ലക്ഷം രൂപ മാത്രം.

ബാക്കി മൂന്ന് ലക്ഷം പഞ്ചായത്ത് കണ്ടെത്തണം. ആ ഒരു ലക്ഷം നല്‍കാനുള്ള പണവും സര്‍ക്കാരിന്റെ കയ്യില്‍ ഇല്ല. സ്വാഭാവികമായും പദ്ധതി നീണ്ട് പോവണം. എസ.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് മുഴുവന്‍ വീട് നല്‍കിയാല്‍ പ്രശ്‌നം തീര്‍ന്നോ? അവിടെയും തീരുന്നില്ല.

മമ്മദു ഇമ്മാക്ക് ചെലവിന് കൊടുക്കുന്ന പോലെ ഓരോ വര്‍ഷവും വീടുകള്‍ക്ക് എഗ്രിമെന്റ് വെക്കാനുള്ള ടാര്‍ഗറ്റ് സര്‍ക്കാര്‍ തന്നെ നല്‍കുന്നു. ചില പഞ്ചായത്തുകള്‍ക് അത് അമ്പത് ആവാം, ചിലയിടത്ത് നൂറ് അങ്ങനെ പോവുന്നു. അഥവാ അത്ര വീടുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതമേ ലഭിക്കൂ. അത് പ്രകാരം കീഴാറ്റൂര്‍ പഞ്ചായത്തില്‍ അമ്പത് വീടുകള്‍ക്കാണ് ഈ വര്‍ഷം ടാര്‍ഗറ്റ് നല്‍കിയത്. അവിടെയാണ് 104ാം സ്ഥാനക്കാരന് വീട് വേണമെന്ന ആവശ്യവുമായി എത്തിയതും ഓഫീസ് കത്തിച്ചതും.

കളി ഇവിടെയും നില്‍ക്കുന്നില്ല. മൂന്ന് ഘട്ട പരിശോധന കഴിഞ്ഞാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയില്‍ പേര് വരുന്നതോടെ ആളുകള്‍ വീട് കിട്ടിയെന്ന് ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ അപ്പോഴും ഉറപ്പിച്ചിട്ടില്ല. എഗ്രിമെന്റ് വെക്കുന്നതിന് മുന്‍പ് പഞ്ചായത്തിലെ വി.ഇ.ഒമാരെ വെച്ച് വീണ്ടും വെരിഫിക്കേഷന്‍.

വര്‍ഷങ്ങള്‍ കാത്തിരുന്ന് വീട് വെക്കാന്‍ സഹായമൊന്നും കിട്ടാതെ വന്നപ്പോള്‍ കയ്യിലുള്ളതെല്ലാം പണയം വെച്ചും കടം വാങ്ങിയും വീട് വെച്ചവര്‍ ഉണ്ടെങ്കില്‍ അവര്‍ പുറത്ത്. സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലോണ്‍ എടുത്ത ആ വീട് മിക്കവാറും നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കകം ബാങ്കുകള്‍ കൊണ്ട് പോവും.

മറ്റൊന്ന് അപേക്ഷ സമര്‍പ്പിച്ച സമയത്ത് റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ആര്‍ക്കെങ്കിലും വാസയോഗ്യമായ വീട് ഉണ്ടെങ്കില്‍ അതും തള്ളി. അതായത് അനിയന്‍ അപേക്ഷകന്‍ ആണ്. 2020 ല്‍ അനിയന്‍ അപേക്ഷ സമര്‍പ്പിച്ച സമയത്ത് ജ്യേഷ്ഠന്റെ പേര് റേഷന്‍ കാര്‍ഡില്‍ ഉണ്ട്. പിന്നീട് ജ്യേഷ്ഠന്‍ വേറെ വീട് വെച്ച് വേറെ റേഷന്‍ കാര്‍ഡും ആയി. ആ വീട് കൊണ്ട് അനിയന് കാര്യമൊന്നുമില്ല, പക്ഷെ സര്‍ക്കാര്‍ പറയുന്നത് അത് അനിയന് കൂടിയുള്ള വീടാണ്, അത് കൊണ്ട് മൂന്ന് വെരിഫിക്കേഷനും കഴിഞ്ഞ് ലിസ്റ്റില്‍ വന്ന അയാളും പുറത്ത്.

അതിലും വിചിത്രമായൊരു സംഗതിയാണ് ഞങ്ങളുടെ പഞ്ചായത്തില്‍ സംഭവിച്ചത്. ഒരമ്മയുടെ മകള്‍ 2021 ല്‍ കല്യാണം കഴിഞ്ഞ് പോയി. ലൈഫിന് അപേക്ഷ നല്‍കിയ 2020 ല്‍ അമ്മ ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡില്‍ മകളുമുണ്ട്. കല്യാണം കഴിഞ്ഞ് പോയതിന് ശേഷം ഭര്‍ത്താവിന്റെ നാട്ടില്‍ പുതിയ ഒരു വീട് വെക്കുന്നു. അത് ഭാര്യയുടെ കൂടി പേരില്‍ ആണ് വെച്ചത്. ലൈഫ് പട്ടികയില്‍ വന്ന ഈ അമ്മ എഗ്രിമെന്റ് വെക്കാന്‍ വന്നപ്പോള്‍ അപേക്ഷ സമര്‍പ്പിച്ച സമയത്ത് റേഷന്‍ കാര്‍ഡില്‍ ഉണ്ടായിരുന്ന മകളുടെ പേരില്‍ വീട് ഉണ്ട് എന്ന കാരണത്താല്‍ അവര്‍ പുറത്ത് പോവുന്നു, ഇപ്പോഴും വാടക വീട്ടില്‍ തുടരുന്നു.

ഇത് പോലെയുള്ള വളരെ വിചിത്രമായ മാനദണ്ഡങ്ങള്‍, അത്തരം മാനദണ്ഡങ്ങള്‍ ജനങ്ങള്‍ക് മേല്‍ അടിച്ചേല്പിക്കാന്‍ വിധിക്കപ്പെട്ട ജീവനക്കാര്‍, അധികാര വികേന്ദ്രീകരണം പ്രസംഗത്തിലും പ്രവര്‍ത്തിയില്‍ അധികാരങ്ങള്‍ മുഴുവന്‍ കവര്‍ന്നെടുക്കപ്പെട്ട പഞ്ചായത്തുകള്‍, ഈ കഥകള്‍ ഒന്നുമറിയാത്ത പൊതു ജനം.

സര്‍ക്കാറിനോടപേക്ഷയാണ്. ഒന്നുകില്‍ മുന്‍ കാലങ്ങളിലെ പോലെ വീടുകള്‍ നല്‍കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് തിരിച്ചു നല്‍കുക, അല്ലെങ്കില്‍ പ്രായോഗികമല്ലാത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കി നിലവില്‍ ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കാനുള്ള ഫണ്ട് അനുവദിക്കുക ഇതൊന്നും നടക്കില്ലെങ്കില്‍ കീഴാറ്റൂര്‍ പോലെ വീട് ലഭിക്കാതെ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് കത്തിക്കാന്‍ എല്ലാ പഞ്ചായത്തിലും ഓരോ സെക്ടട്ടറിയേറ്റ് നല്‍കുക. അല്ലാത്ത പക്ഷം നമുക്കൊക്കൊക്കെയുള്ള പ്രൊഫൈല്‍ ചിത്രങ്ങള്‍ ഇവിടെ റെഡിയാണ്.

അഫ്‌സല്‍ കെ.ടി
പ്രസിഡന്റ്, ആലിപ്പറമ്പ് പഞ്ചായത്ത്.

CONTENT HIGHLIGHTS: AALIPPARAMB PANCHAYATH PRESIDENT ABOUT LIFE MISSION

We use cookies to give you the best possible experience. Learn more