|

ആലായാല്‍ തറ വേണോ ? വേണ്ടെ വേണ്ട; പൊളിച്ചെഴുത്തിന് തുടക്കമിട്ട് സൂരജ് സന്തോഷിന്റെ പുതിയ ആല്‍ബം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: വര്‍ഷങ്ങളോളം മലയാളികള്‍ കേള്‍ക്കുകയും പാടുകയും ചെയ്ത നാടന്‍ പാട്ടാണ് ‘ആലായാല്‍ തറ വേണം’ എന്നത്. കാവാലം നാരായണ പണിക്കര്‍ എഴുതിയ ഈ ഗാനം വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ മാറ്റി പാടുകയാണ് ഗായകന്‍ സൂരജ് സന്തോഷ്.

നേരത്തെ മസാല കോഫി ബാന്റ് ആലായാല്‍ തറ വേണം എന്ന ഗാനം റീ മാസ്റ്റര്‍ ചെയ്ത് പുറത്ത് ഇറക്കിയിരുന്നു. സൂരജ് തന്നെയായിരുന്നു ഗാനം ആലപിച്ചതും. പിന്നീട് സോളോ എന്ന ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലും ഗാനം ഉപയോഗിച്ചു.

പുരുഷന് ഗുണവും സ്ത്രീകള്‍ക്ക് അടക്കമൊതുക്കവും വേണമെന്നാണു ആലായാല്‍ തറ വേണം എന്ന പാട്ടില്‍ പറയുന്നത്. ശ്രീരാമനെയും സീതയെയും ഉപമിച്ച് കൊണ്ടായിരുന്നു ഇത്. വാക്കിന് പൈങ്കിളിപ്പെണ്ണിന്റെ തെളിച്ചവും ശുദ്ധിയും വേണം. നാട് നന്നാവണമെങ്കില്‍ നല്ല ഭരണാധികാരി മാത്രം പോര നല്ല പ്രജകളും വേണം.

പൂവായാല്‍ മണം വേണം പൂമാനായാല്‍ ഗുണം വേണം,പൂമാനിനിമാര്‍കളായാല്‍ അടക്കം വേണം എന്നൊക്കെയായിരുന്നു ഗാനത്തിലെ വരികള്‍.

എന്നാല്‍ ഈ ഗാനങ്ങളിലെ വരികളില്‍ സ്ഥാപിക്കപ്പെടുന്ന ചില തെറ്റായ ചിന്തകളും രീതികളും ഉണ്ട്. ഇതിനെ പൊളിച്ചെഴുതി ആലപിക്കുകയാണ് സൂരജ് ഇപ്പോള്‍.

ആലായാല്‍ തറ വേണ്ടെന്നും അടുത്ത് അമ്പലം വേണ്ടെന്നും സൂരജ് പറയുന്നു. പുതിയ ഗാനത്തിനെ കുറിച്ച് സൂരജ് പറയുന്നത് ഇങ്ങനെയാണ്. ‘നാമെല്ലാവരും കേട്ട് വളര്‍ന്ന ഒരു നിരുപദ്രവകരമായ ഗാനമാണ് ആലായാല്‍ തറ വേണം. എന്നാല്‍ അതില്‍ പല തലത്തില്‍ തെറ്റായ നിരവധി കാര്യങ്ങളുണ്ട്, ശ്രുതി നമ്പൂതിരിയോടൊപ്പം ഞാന്‍ പഴയ ഗാനം പുനാരാവിഷ്‌ക്കരിക്കുകയാണ്. തലമുറകളിലൂടെ അന്ധമായി കൈമാറിയ എല്ലാ സ്റ്റീരിയോടൈപ്പുകളെയും എല്ലാ ‘സത്യത്തെയും’ ഞങ്ങള്‍ ചോദ്യം ചെയ്യുന്നു. പറയുന്നതെന്തും നിശബ്ദമായി സ്വീകരിക്കുന്നതിനുപകരം ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു പുതിയ കലാപത്തിന്റെ വിത്ത് വിതയ്ക്കാം’ എന്നാണ് ഗാനം പുറത്തുവിട്ട് കൊണ്ട് സൂരജ് തന്റെ ചാനലില്‍ എഴുതിയത്.

1992 ല്‍ ആലോലം എന്ന സിനിമയ്ക്കായി കാവാലം നാരായണപ്പണിക്കര്‍ ആയിരുന്നു ആലായാല്‍ തറ വേണം എന്ന ഗാനം എഴുതിയത്. നെടുമുടി വേണുവാണ് ഗാനം ആലപിച്ചത്. മോഹന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

സൂരജ് സന്തോഷും ശ്രുതി നമ്പൂതിരിയുമാണ് പുതിയ ഗാനത്തിന്റെ വരികള്‍ തയ്യാറാക്കിയത്. സൂരജ് തന്നെയാണ് പുതിയ ഗാനം ആലപിച്ചതും സംഗീതം പകരുകയും ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Aalayal Thara Veno? Suraj Santhosh’s new album new rebellion that asks question