ആകാശ് ടാബ്ലറ്റ് ഇന്ത്യന്‍ നിര്‍മ്മിതമല്ലെന്ന് കണ്ടെത്തി
Big Buy
ആകാശ് ടാബ്ലറ്റ് ഇന്ത്യന്‍ നിര്‍മ്മിതമല്ലെന്ന് കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th December 2012, 3:39 pm

ന്യൂദല്‍ഹി: ആകാശ് ടാബ്‌ലെറ്റ് ഇന്ത്യന്‍ നിര്‍മിതമല്ലെന്ന് പുതിയ വെളിപ്പെടുത്തല്‍. ടാബ്ലറ്റിന്റെ 90 ശതമാനം നിര്‍മാണ സാമഗ്രികളും ചൈനയില്‍ നിന്നു കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്തവയാണെന്നാണ് കണ്ടെത്തല്‍.[]

പരാതികളുടെ അടിസ്ഥാനത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വെളിവായത്. ടാബ്‌ലെറ്റിന്റെ ഒരിടത്തും മെയ്്ഡ് ഇന്‍ ഇന്ത്യയെന്നില്ല.

ആകെയുള്ളത് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത സാമഗ്രികള്‍ ഇന്ത്യയില്‍ വച്ച് കൂട്ടിയോജിപ്പിക്കുന്നു എന്നുമാത്രം. ഒരു ടാബ്‌ലെറ്റിന് വേണ്ട സാമഗ്രികള്‍ ചൈനയില്‍ നിന്നും വാങ്ങുന്നത് 2300 രൂപ നല്‍കിയാണെന്ന് ദ് ഹിന്ദു ദിനപത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വില്‍ക്കുന്നത് 3500 രൂപയ്ക്കും. പോരാത്തതിന് കേന്ദ്രസബ്‌സിഡിയും. ഉപയോഗയോഗ്യമല്ലാത്ത അസംസ്‌കൃത വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് ടാബ്‌ലെറ്റിന്റെ നിര്‍മാണമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സര്‍ക്കാര്‍ നല്‍കുന്ന സബ്്‌സിഡി തുകയുടെയും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന തുകയുടെയും മൂന്നിലൊന്ന് പോലും മൂല്യമില്ലാത്തതാണ് ആകാശ് ടാബ്‌ലെറ്റെന്ന് സാങ്കേതിക വിദഗ്ധരും ചൂണ്ടിക്കാട്ടി.

ഇതിനിടെ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഡേറ്റാവിന്‍ഡ് കമ്പനിയുടെ ഇന്ത്യയിലെ ഓഫിസിന്റെ ചിത്രങ്ങള്‍ ഈ വിവാദങ്ങളെ സാധൂകരിക്കുന്നതാണ്.

ഇംഗ്ലണ്ട് ആസ്ഥാനമായ കമ്പനിയുടെ ഇന്ത്യയിലെ ഓഫിസാണിത്. പഞ്ചാബ് തലസ്ഥാനമായ അമൃത്്‌സറിലെ സുല്‍ത്താന്‍ വിന്‍ഡ് റോഡില്‍, ജൂബിലി കോംപ്ലക്‌സിലെ ഒന്നാംനിലയിലാണ് ഈ ഓഫിസ്. വളരെ ചെറിയൊരു കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്നും തന്നെ ഒട്ടും പ്രഫഷണലായിട്ടല്ല ഡേറ്റാവിന്‍ഡിന്റെ പ്രവര്‍ത്തനം നടക്കുന്നതെന്ന് വ്യക്തമാകും.

എന്നാല്‍ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ടാബ്‌ലെറ്റ് നിര്‍മിക്കാമെന്ന് എവിടേയും വാക്കുകൊടുത്തിട്ടില്ലെന്നാണ് ഡേറ്റാവിന്‍ഡ് കമ്പനി മാനേജ്്‌മെന്റിന്റെ ഔദ്യോഗിക വിശദീകരണം.

അതേസമയം ആകാശ് ടാബ്‌ലറ്റിന് പണമടച്ചവര്‍ക്ക് ടാബ്‌ലറ്റ് ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം പണം തിരികെ നല്‍കണമെന്നും കേന്ദ്രമന്ത്രി ശശി തരൂര്‍ പറഞ്ഞു.

ആകാശ് ടാബ്‌ലറ്റ് നിര്‍മാതാക്കളായ ഡേറ്റാ വിന്‍ഡ് കമ്പനിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞു.