വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ ഇടം കണ്ടെത്താന്‍ സാധിക്കാത്തത് സഞ്ജു സാംസണ് 2025 ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ഇടം നഷ്ടപ്പെടാന്‍ കാരണമായേക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. റിഷബ് പന്തിനെ മറികടന്ന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാനുള്ള അവസരവും സഞ്ജുവിന് ഉണ്ടായിരുന്നെന്നും ചോപ്ര പറയുന്നു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമുക്ക് സഞ്ജു സാംസണെ കുറിച്ച് സംസാരിക്കാം, കാരണം അവന്‍ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ ഇടം നേടിയിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും.
അവന്‍ വയനാട്ടിലേക്ക് പോയില്ല, ക്യാമ്പില്‍ പങ്കെടുത്തില്ല. ഇതുകൊണ്ട് കേരളം സഞ്ജുവിനെ ടീമിന്റെ ഭാഗമാക്കിയില്ല. എന്നാല്‍ താരത്തിന്റെ കാലിന് പരിക്കേറ്റിട്ടുണ്ടെന്നും ഇക്കാര്യം സഞ്ജു ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നതായും ചില ഫാന്‍ പേജുകളും ചൂണ്ടിക്കാട്ടുന്നു.
എന്നിരുന്നാലും അവനെ സെലക്ട് ചെയ്തിട്ടില്ല. വിജയ് ഹസാരെയില്‍ കളിക്കുക എന്നത് സഞ്ജുവിനെ സംബന്ധിച്ച് ഏറെ പ്രധാനമായിരുന്നു. നിങ്ങള്‍ ടി-20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുമ്പോള്‍ ഏകദിനവും നിങ്ങളുടെ മനസിലുണ്ടാകണം. റിഷബ് പന്ത് ഇനിയും ആ ഫോര്‍മാറ്റില്‍ സ്വയം തെളിയിച്ചിട്ടില്ല എന്നതിനാല്‍ എന്തുകൊണ്ട് ഏകദിനത്തിലും അത് ആയിക്കൂടാ?
എന്നാല്‍ അതിന് അവന്‍ വിജയ് ഹസാരെ ട്രോഫി കളിക്കണം. എപ്രകാരമാണ് സഞ്ജു ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഇടം നേടുക? നിങ്ങള്‍ ഈ ചിന്തകളില്‍ പോലുമില്ല,’ ചോപ്ര പറഞ്ഞു.
അതേസമയം, സൂപ്പര്‍ താരം സല്‍മാന്‍ നിസാറിനെ ക്യാപ്റ്റനാക്കിയാണ് കേരളം വിജയ് ഹസാരെ ട്രോഫിക്കായി കളത്തിലിറങ്ങുന്നത്. സഞ്ജുവിന് ഇടമില്ലാത്ത ടീമില്‍ മുഹമ്മദ് അസറുദ്ദീനും അജ്‌നാസുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.
സല്‍മാന്‍ നിസാര്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, ഷോണ്‍ റോജര്‍, മുഹമ്മദ് അസറുദീന്‍ (വിക്കറ്റ് കീപ്പര്‍), ആനന്ദ് കൃഷ്ണന്‍, കൃഷ്ണ പ്രസാദ്, അഹമ്മദ് ഇമ്രാന്‍, ജലജ് സക്സേന, ആദിത്യ സര്‍വാതെ, സിജോ മോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍.പി, നിധീഷ് എം.ടി, ഏദന്‍ അപ്പിള്‍ ടോം, ഷറഫുദീന്‍ എന്‍.എം, അഖില്‍ സ്‌കറിയ, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍, അജ്നാസ് എം. (വിക്കറ്റ് കീപ്പര്‍).
ഡിസംബര്‍ 23 നാണ് കേരളം ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. കരുത്തരായ ബറോഡയാണ് എതിരാളികള്‍. നിലവില്‍ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനത്തിലാണ് കേരള ടീം.
ബറോഡക്ക് പുറമെ ബീഹാര്‍, ബംഗാള്‍, ദല്‍ഹി, മധ്യപ്രദേശ്, ത്രിപുര എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഇ-യിലാണ് കേരളം ഇടം പിടിച്ചിരിക്കുന്നത്.
രാവിലെ ഒമ്പത് മണിക്കാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്. ബറോഡയ്‌ക്കെതിരായ മത്സരശേഷം 26ന് മധ്യ പ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
Content highlight: Aakash Chopra talks about Sanju Samson not being picked in Kerala’s Vijay Hazare Trophy squad