സൂപ്പർ താരം വിരാട് കോഹ് ലിക്ക് വിശേഷണങ്ങൾ ഏറെയാണ്. ആരാധകർക്ക് വിരാട് കിങ് കോഹ് ലിയും ചെയ്‌സ് മാസ്റ്ററുമാണ്. ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലെ കോഹ് ലിയുടെ പ്രകടനത്തിന് പിന്നാലെ താരത്തിന് പുതിയ വിശേഷണവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.
കോഹ് ലിനൂരെന്നാണ് മുൻ താരം വിരാടിനെ വിശേഷിപ്പിച്ചത്. കോഹ് ലി ക്രീസിലുണ്ടാക്കുമ്പോൾ ഇന്ത്യൻ ഡ്രസിങ് റൂമിൽ ശാന്തതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ കോഹ്‌ലിയെ കോഹ് ലിനൂർ എന്ന് വിളിക്കും. കോഹിനൂർ എന്നല്ല. അതൊരു ദുശ്ശകുനമാണ്. അവൻ ക്രീസിലുണ്ടാകുമ്പോൾ ഇന്ത്യൻ ഡ്രസിങ് റൂമിലും സ്റ്റാൻഡിലും ഒരു ശാന്തതയുണ്ടാകും. പക്ഷേ, അവനെ ഭയപ്പെടുന്ന എതിരാളികൾക്ക് അത് അങ്ങനെയല്ല,’ ചോപ്ര പറഞ്ഞു.
മത്സരത്തിൽ കോഹ് ലി പുറത്തായ രീതിയെക്കുറിച്ചും ചോപ്ര പ്രതികരിച്ചു. മത്സരത്തിൽ പുറത്തായത് കോഹ് ലിയുടെ രീതിക്ക് നിരക്കാത്തതാണെന്നും മത്സരം അവസാനിക്കുമ്പോൾ തന്റെ പേരിന് മുന്നിൽ ഒരു നക്ഷത്രം വേണമെന്ന് വിരാട് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘മത്സരത്തിൽ പുറത്തായത് അവന്റെ രീതിക്ക് നിരക്കാത്തതാണ്. കാരണം അവൻ ഒരു സ്റ്റാറാണ്, മത്സരം അവസാനിക്കുമ്പോൾ തന്റെ പേരിന് മുന്നിൽ ഒരു നക്ഷത്രം വേണമെന്ന് അവൻ ആഗ്രഹിക്കുന്നു,’ ചോപ്ര പറഞ്ഞു.
കിങ് കോഹ് ലിയുടെ അർധ സെഞ്ച്വറി പ്രകടനത്തിന്റെ കരുത്തിലാണ് ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ കീഴടക്കിയത്.
98 പന്തിൽ 84 റൺസാണ് മത്സരത്തിൽ വിരാട് സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയർത്തിയ 264 റൺസ് പിന്തുടർന്ന ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കമായിരുന്ന ലഭിച്ചത്. ആദ്യ പത്ത് ഓവറിനിടെ തന്നെ ഇന്ത്യക്ക് ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും നഷ്ടമായിരുന്നു. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരെയും കൂട്ട് പിടിച്ച് വിരാടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.
ഇരുവരും ചേർന്ന് 91 റൺസിന്റെ കൂട്ട്കെട്ടാണ് പടുത്തുയർത്തിയത്. കെ.എൽ. രാഹുലുമായും അക്‌സർ പട്ടേലുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടുകളും വിജയത്തിൽ നിർണായകമായിരുന്നു. ടൂർണമെന്റിൽ വിരാട് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ താരം സെഞ്ച്വറിയെടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. ചാമ്പ്യൻഷിപ്പിൽ 217 റൺസെടുത്ത് വിരാട് റൺ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.
Content Highlight: Aakash Chopra about Virat Kohli’s performance in Champions Trophy