| Wednesday, 17th April 2024, 10:07 am

'ഗോഡി മീഡിയ ഗോ ബാക്ക്'; ആജ് തക് അവതാരകയുടെ ഷോ ലോഞ്ച് തടസപ്പെടുത്തി ജനക്കൂട്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ആജ് തക് അവതാരകയുടെ ഷോ ലോഞ്ച് തടസപ്പെടുത്തി ആള്‍ക്കൂട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും എന്‍.ഡി.എ സര്‍ക്കാരിനും വേണ്ടി അനുകൂലമായും പക്ഷപാതപരമായും റിപ്പോര്‍ട്ടിങ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജനക്കൂട്ടത്തിന്റെ പ്രതികരണം.

ഋഷികേശിലെത്തിയ ആജ് തക് അവതാരകയായ അഞ്ജന ഓം കശ്യപിനെയാണ് ജനക്കൂട്ടം തടഞ്ഞത്. ഏപ്രില്‍ 14 ഞായറാഴ്ചയാണ് സംഭവം. ‘ആജ് തക് കാ ഹെലികോപ്റ്റര്‍ ഷോട്ട്-രാജ്തിലക്’ എന്ന ഷോയുടെ ലോഞ്ചിനിടയില്‍ അവതാരകയെ ‘ഗോഡി മീഡിയ ഗോ ബാക്ക്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ജനക്കൂട്ടം തടസപ്പെടുത്തുകയായിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തകളുടെ സംപ്രേക്ഷണത്തെ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ഗോഡി മീഡിയ.

അവതാരകക്കെതിരെ പ്രതികരിക്കുന്ന ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയാവുന്നത്.

ആജ് തക് പ്രത്യേക രാഷ്ട്രീയ അജണ്ടകള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും വാര്‍ത്തകള്‍ സെന്‍സേഷണലൈസ് ചെയ്യുന്നുവെന്നും പക്ഷപാതപരമായി റിപ്പോര്‍ട്ടിങ് നടത്തുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കവറേജിനെ പുനര്‍നിര്‍വചിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘രാജ്തിലക്’ ഷോ രാജ്യത്തെ 100 നഗരങ്ങളില്‍ എത്തിക്കാന്‍ ചാനല്‍ പദ്ധതിയിട്ടിരുന്നു. പദ്ധതി തുടക്കത്തില്‍ തന്നെ പാളിയതായാണ് റിപ്പോര്‍ട്ട്.

Content Highlight: Aaj Tak host’s show launch disrupted by mob in Uttarakhand

We use cookies to give you the best possible experience. Learn more