| Saturday, 9th March 2024, 2:17 pm

മഞ്ഞുമ്മല്‍ ബോയ്‌സ് പോലെ ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുമോ? പ്രതീക്ഷകള്‍ ഇരട്ടിപ്പിച്ച് ആടുജീവിതം ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം. 10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ ചര്‍ച്ചാവിഷയമായിരുന്നു. 30 കിലോയോളമാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. നജീബ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങള്‍ ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. മരുഭൂമിയിലെ അതിജീവന രംഗങ്ങളുടെ ചില ഭാഗങ്ങള്‍ ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. പൃഥ്വിയുടെ മികച്ച പ്രകടനത്തോടൊപ്പം ഗംഭീര സിനിമാനുഭവും ലഭിക്കുമെന്നാണ് ട്രെയ്‌ലര്‍ തരുന്ന പ്രതീക്ഷ. ചിത്രത്തിന്റെ നിര്‍മാതാക്കളായ വിഷ്വല്‍ റൊമാന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. യോദ്ധ എന്ന സിനിമയുടെ സംഗീതം ചെയ്ത് 30 വര്‍ഷത്തിന് ശേഷം റഹ്‌മാന്‍ കമ്മിറ്റ് ചെയ്ത മലയാളസിനിമ കൂടിയാണ് ആടുജീവിതം. ആടുജീവിതത്തിന് ശേഷം മലയന്‍കുഞ്ഞ് എന്ന സിനിമക്കും റഹ്‌മാന്‍ കമ്പോസ് ചെയ്തിരുന്നു. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്.

പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് മറ്റ് താരങ്ങള്‍. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും. മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Aadujeevitham trailer out

We use cookies to give you the best possible experience. Learn more