| Sunday, 14th April 2024, 9:04 am

ആടുജീവിതത്തിന് മുന്നില്‍ പ്രേമലുവും വീണു; ഇനിയുള്ളത് ആ മോഹന്‍ലാല്‍ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ വലിയ നേട്ടവുമായി പൃഥ്വിരാജ് സുകുമാരന്‍ – ബ്ലെസി ചിത്രം ആടുജീവിതം. മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി വന്ന സിനിമയായിരുന്നു ഇത്.

ചിത്രം തിയേറ്ററുകളിലെത്തി പതിനാറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 2024ലെ വലിയ വിജയചിത്രമായ പ്രേമലുവിനെ മറികടന്നിരിക്കുകയാണ്. പ്രേമലുവിനെ പിന്നിലാക്കി ലോകബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ എക്കാലത്തെയും നാലാമത്തെ മലയാള ചിത്രമായി ആടുജീവിതം മാറി.

134.60 കോടിയിലധികമാണ് ആടുജീവിതം ലോകബോക്‌സ് ഓഫീസില്‍ നേടിയത്. 132.68 കോടിയായിരുന്നു പ്രേമലുവിന്റെ കളക്ഷന്‍. ഈ കളക്ഷനെയാണ് ആടുജീവിതം മറികടന്ന്.

നിലവില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാമതുള്ളത് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സാണ്. 222.86 കോടിയലധികമാണ് ലോകബോക്‌സ് ഓഫീസില്‍ ഈ ചിത്രം നേടിയിട്ടുള്ളത്.

രണ്ടാമത് ജൂഡ് ആന്തണി ജോസഫ് ചിത്രമായ 2018 ആണ്. 181 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. ലോകബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളുടെ ലിസ്റ്റില്‍ ആടുജീവിതത്തിന്റെ തൊട്ടുമുകളില്‍ മൂന്നാമതായുള്ളത് മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനാണ്.

ആടുജീവിതം ഇനി മറികടക്കേണ്ടത് പുലിമുരുകന്റെ 140 കോടി കളക്ഷനാണ്. ആടുജീവിതത്തിന്റെ പിന്നിലായി പ്രേമലു, ലൂസിഫര്‍, ഭീഷ്മ പര്‍വ്വം, നേര്, ആര്‍.ഡി.എക്‌സ്, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളാണ് ഉള്ളത്.

Content Highlight: Aadujeevitham Surpasses Premalu Movie In World Box Office

We use cookies to give you the best possible experience. Learn more