| Friday, 29th March 2024, 2:14 pm

ആടുജീവിതം; വായനയും കാഴ്ച്ചയും

പി.ടി. രാഹേഷ്

ആടുജീവിതം വായിച്ചവരെല്ലാം നജീബിനെ കണ്ടിട്ടുണ്ട്. നജീബിന്റെ ജീവിതം വായനക്കൊപ്പം ദൃശ്യവല്‍ക്കരിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെയാണ് ഒരു വലിയ വായനാസമൂഹം ‘ആടുജീവിതം’ സിനിമയാകുന്നത് കാണാനായി കാത്തിരുന്നത്.

പുസ്തകം വായിച്ചവര്‍ക്ക് മാത്രമാണോ സിനിമ കാണാനാവുക ? സിനിമ കണ്ടവര്‍ ഇനി പുസ്തകം വായിക്കേണ്ടതില്ലേ ? രണ്ടു ചോദ്യങ്ങള്‍ക്കും കൂടി ഒറ്റ ഉത്തരമാണ്. വായനയും കാഴ്ച്ചയും രണ്ടു വ്യത്യസ്ത അനുഭവങ്ങളാണ്. പുസ്തകം വായിച്ചവര്‍ നിര്‍ബന്ധമായും സിനിമ കാണും, സിനിമ കണ്ടവര്‍ സ്വാഭാവികമായും പുസ്തകം വായിക്കും.

ആടുജീവിതത്തിന്റെ വായനക്കും കാഴ്ച്ചക്കും നമ്മെ പിടിച്ചിരുത്താനുള്ള പ്രത്യേകമായ കഴിവുള്ളതു കൊണ്ടാണത്

ലക്ഷോപലക്ഷം മലയാളികള്‍ വായിച്ചറിഞ്ഞ ഒരു കഥ സിനിമയാക്കി മാറ്റുകയും കഥയറിയാവുന്നവരെ പോലും ആകാംക്ഷയില്‍ നിര്‍ത്താനുമാവുന്നതുമാണ് ഈ ബ്ലെസി ചിത്രത്തിന്റെ സവിശേഷത. എന്താവുമെന്ന ആകാംക്ഷ നിലനിര്‍ത്തി പ്രേഷകരെ പിടിച്ചു നിര്‍ത്തുന്ന സാധാരണ രീതിയില്‍ നിന്നും ‘ആടുജീവിതം’ വ്യത്യസ്തമാവുന്നതിങ്ങനെയാണ്.

ഓരോ വായനക്കാരനും സ്വയം ആവിഷ്‌ക്കരിച്ച രംഗങ്ങള്‍ മനോഹരമായി ബിഗ്‌സ്‌ക്രീനില്‍ തെളിയുമ്പോള്‍ ഇതു ഞാന്‍ സംവിധാനം ചെയ്ത സിനിമയാണെന്ന് ഓരോരുത്തര്‍ക്കും തോന്നിപ്പിക്കുന്നതാണ് സിനിമയുടെ വിജയ രഹസ്യം.

കാണാന്‍ കൊതിച്ച പല രംഗങ്ങളും സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയില്‍ മുറിച്ചു മാറ്റിയതു കൂടിയാണ്. വായനക്കും, വായനാനുഭവത്തിനും സെന്‍സറിങ്ങില്ലാത്തതിനാല്‍ കൂടിയാണ് നാം കണ്ട നോവല്‍ പൂര്‍ണമായും സിനിമയില്‍ നമുക്ക് കാണാനാവാതെ പോയത്.

ബ്ലെസി

വായനക്കിടയിലോ, വായന കഴിഞ്ഞോ നടത്തിയ നജീബിന്റെ ആലോചനകളിലെ നാടിന്റേയും, പ്രണയത്തിന്റേയും നാം കണ്ട കാഴ്ച്ചകള്‍ മരുഭൂമിയിലെ ജീവിതത്തിനിടയിലൂടെ ഒഴുകുന്ന നീര്‍ച്ചാലിലൂടെ നീന്തി തുടിച്ച്, പുഴയിലേക്കെത്തിക്കുന്ന ബ്ലെസി മാജികാണ് വായനാനുഭവത്തില്‍ നിന്ന് കാഴ്ച്ചാനുഭവത്തിലേക്കുള്ള മാറ്റം.

മണല്‍ വാരല്‍ തൊഴിലാളിയായിരുന്ന നജീബിന്റെ പ്രണയവും കുടുംബവും പ്രവാസ ലോകത്തു നിന്നുരുകുന്ന ഓരോ സാധാരണക്കാരന്റേയും ജീവിതം കൂടിയായി അനുഭവിക്കാനാവുന്നതിലൂടെ ‘ആടുജീവിതം’ എല്ലാ പ്രവാസ ജീവിതങ്ങളുടേയും കൂടി കഥയായി മാറുകയാണ്.

ശരീരം കൊണ്ടുള്ള അഭിനയമാണ് പൃഥിരാജിനെ നജീബാക്കി രൂപാന്തരപ്പെടുത്തുന്നത്.

സിനിമയുടെ പതിനാറു വര്‍ഷത്തെ ഷൂട്ടിങ്ങ് കഥ മലയാളികള്‍ക്കെല്ലാം ഇന്ന് കേട്ടു പരിചിതമാണ്. നാം അനുഭവിക്കാത്ത ഒരു ലോകത്തെ കെട്ടുകഥയല്ലാതെ അവതരിപ്പിക്കാന്‍ പതിനാറു വര്‍ഷത്തെ പ്രയത്‌നം വേണ്ടി വന്നു എന്ന രീതിയിലാണ് അതിനെ കാണേണ്ടത്.

വായിച്ചപ്പോള്‍ പോലും ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടാവുമോ എന്ന സംശയം നമുക്കുണ്ടായിട്ടുണ്ടാവും. ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്’ എന്ന് നോവലിന്റെ തുടക്കത്തില്‍ തന്നെ ബെന്യാമിന്‍ എഴുതിവച്ചത് ആ സംശയത്തെ നിവാരണം ചെയ്യാനാണ്. സിനിമ ആ സംശയത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയും, ജീവിത യാഥാര്‍ത്ഥ്യമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്.

ബെന്യാമിന്‍

കെട്ടുകഥകള്‍ ചരിത്ര സിനിമകളായി ആവിഷ്‌കരിക്കപ്പെടുകയും, യഥാര്‍ത്ഥ ജീവിതം കെട്ടുകഥയാക്കി മാറ്റുകയും ചെയ്യുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്. ചരിത്രത്തേയും, സ്വാതന്ത്ര്യ സമരത്തേയും അപനിര്‍മ്മിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കുകയും, ദാരിദ്രവും, പട്ടിണിയും, മനുഷ്യത്വ വിരുദ്ധതയും നിറഞ്ഞ ഭൂതകാലത്തെ സുവര്‍ണ്ണ കാലമായി അവതരിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സിനിമകള്‍ക്കിടയില്‍ ‘ആടുജീവിതം’ ഒരു ബദല്‍ രാഷ്ട്രീയ പ്രയോഗം കൂടിയാണ്.

വായനക്കാരെ തൃപ്തിപ്പെടുത്താന്‍ ഇതുകൊണ്ടെല്ലാമായോ എന്ന പ്രശ്‌നം നിലനില്‍ക്കുകയാണ്. പുസ്തകം വായിക്കാത്തവരെ സംബന്ധിച്ച് ഇതൊരു അസാധ്യമായതും, അസാധാരണവുമായ ദൃശ്യാനുഭവമാണ്. വായനയ്ക്കിടയില്‍ പലരും കണ്ടതും, വായനക്കാര്‍ പ്രതീക്ഷിച്ചതുമായ പല രംഗങ്ങളും കാണാനായില്ലല്ലോ എന്ന വിഷമം പലരുടെയും ഉള്ളില്‍ ഉണ്ടാവും.

നിങ്ങള്‍ എത്ര സമയമെടുത്താണ് പുസ്തകം വായിച്ചു തീര്‍ത്തത് എന്നതിനനുസരിച്ച് നോക്കിയാല്‍, സിനിമയുടെ സമയത്തിനുള്ളില്‍ കാണിക്കാവുന്നതെല്ലാം അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ചിലതെല്ലാം കൂടി വേണ്ടതായിരുന്നു എന്ന് ഇപ്പോഴും തോന്നുന്നു.

നജീബ് ഒരാടായി മാറുന്നത് നിവൃത്തികേട് കൊണ്ട് മാത്രമല്ല, ആടുകളുമായി ഉണ്ടാകുന്ന ഹൃദയബന്ധം കൊണ്ട് കൂടിയാണ്. നോവലില്‍ അത് സാധ്യമാക്കുന്ന നിരവധി രംഗങ്ങള്‍ സിനിമയില്‍ കാണാനാവുന്നില്ല എന്നത് വായനക്കാരെ സംബന്ധിച്ച് അവരുടെ പ്രതീക്ഷയെ നിരാശരാക്കുന്നുണ്ട്.

‘നബീല്‍’ എന്ന ആട്ടിന്‍കുട്ടി എവിടെയെന്ന് ഓരോ വായനക്കാരനും സിനിമയില്‍ തിരയും. നാട്ടിലെ ഓരോരുത്തരുടെയും പേര് ചൊല്ലി വിളിക്കുന്ന ആടുകള്‍ എവിടെയെന്ന് പരതി നോക്കും. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ പിറകെ വരുന്ന ആടിനെ വെടിവെച്ചിടുന്ന ആര്‍ബാബിനെ വായനക്കിടയില്‍ നമുക്കറിയാം. തനിക്കുവേണ്ടി വെടിയുണ്ട ഏറ്റുവാങ്ങേണ്ടി വന്ന ആടിനെ കെട്ടിപ്പിടിച്ചു കരയുന്ന നജീബിനെ സിനിമയില്‍ നമുക്ക് കാണാനാവില്ല.

ആടുകളുമായി നജീബിനുണ്ടാകുന്ന ആത്മബന്ധവും, അതിലൂടെ സ്വയം ഒരു ആട് തന്നെയായി മാറുന്ന നജീബിന്റെ ജീവിതവുമാണ് യഥാര്‍ത്ഥത്തില്‍ ആടുജീവിതം. ശരീരവും, ഭാഷയും, ജീവിതവുമെല്ലാം ഒരു ആടിനെ പോലെയായി മാറുന്ന ഒരു മനുഷ്യന്റെ കഥയെ പൃഥ്വിരാജ് സ്വയം ആവിഷ്‌കരിക്കുന്നത് അത്ഭുതകരമായ ഒരു കാഴ്ച തന്നെയാണ്.

ഓരോ വായനക്കാരന്റേയും പ്രതീക്ഷക്കൊത്തുയരാന്‍ പൃഥിരാജിനു മാത്രമല്ല, എല്ലാ അഭിനേതാക്കള്‍ക്കുമായി എന്നതാണ് സിനിമയെ പ്രിയപ്പെട്ടതാക്കുന്നത്. ഇബ്രാഹിം ഖാദരി എന്ന കഥാപാത്രത്തെ പ്രവാചകനാക്കി മാറ്റുന്ന വായനാനുഭവത്തില്‍ നിന്ന് വ്യത്യസ്തമായി അയാളെ ഒരു മനുഷ്യനായി തന്നെ അടയാളപ്പെടുത്തുന്നു എന്നത് സിനിമയുടെ സവിശേഷതയാണ്.

ജീവിത ദുരിതങ്ങള്‍ക്കിടയിലും രക്ഷപ്പെടാനുള്ള പോരാട്ടത്തിനിടയിലും ദൈവവിശ്വാസത്തെ മുറുകെ പിടിക്കുന്ന നജീബും ഹക്കീമും രക്ഷപ്പെടുന്നത് ഒരു മനുഷ്യന്റെ തോളിലിരുന്ന് തന്നെയാണെന്ന് അടിവരയിടുകയും, അടയാളപ്പെടുത്തുകയാണ് സിനിമ ചെയ്യുന്നത്.

ഏതൊരു ചതിക്കുഴിയില്‍ നിന്നും ദുരന്ത ഭൂമിയില്‍ നിന്നും കരകയറാന്‍ മനുഷ്യനെ സഹായിക്കുന്നത് മനുഷ്യന്‍ തന്നെയാണെന്ന് പറയുന്നതിലൂടെ മാനവികതയുടെ രാഷ്ട്രീയമാണ് ‘ആടുജീവിതം’ പങ്കുവയ്ക്കുന്നത്. ഒറ്റയായി പോകുന്ന ഏതൊരാള്‍ക്കും, അരികു വല്‍ക്കരിക്കപ്പെടുന്ന ഏതൊരു സമൂഹത്തിനും ഇന്നല്ലെങ്കില്‍ നാളെ അതിജീവിക്കാനാവുമെന്ന് മഹത്തായ സന്ദേശം നല്‍കുന്ന ആടുജീവിതം സിനിമയാകുമ്പോള്‍, പുസ്തകം ഉല്പാദിപ്പിച്ച ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ല എന്നത് എടുത്തു പറയേണ്ടതു തന്നെയാണ്.

വായനയും കാഴ്ചയും വേറിട്ട് തന്നെ നില്‍ക്കുന്നു എന്നത് ആടുജീവിതം സംബന്ധിച്ച് അഭിമാനകരമാണ്

സിനിമ പുസ്തകത്തെയും, പുസ്തകം സിനിമയെയും വേറിട്ടതായി മാറ്റിനിര്‍ത്തുന്നു എന്നത് ഒരു കലാസൃഷ്ടി എന്ന നിലയില്‍ ആടുജീവിതത്തിന്റെ പ്രത്യേകതയാണ്. വായിച്ചവരെല്ലാം സിനിമ കാണുമെന്ന് ഉറപ്പാണെങ്കിലും, സിനിമ കണ്ടവരെയെല്ലാം പുസ്തകം തേടിയിറങ്ങാന്‍ പ്രേരിപ്പിക്കാനാവുമ്പോഴാണ് സിനിമ കോടിക്ലബില്‍ കയറുന്നതിനേക്കാള്‍ സന്തോഷം നല്‍കാനാവുക. മലയാളികളുടെ അഭിമാനമുയര്‍ത്തി പിടിക്കാന്‍ ഈ അതിജീവനകഥയുടെ ദൃശ്യാവിഷ്‌ക്കാരത്തിലൂടെ കഴിയുമെന്നുറപ്പാണ്.

ആടുജീവിതം വായിച്ചുകൊണ്ട് വായന തുടങ്ങിയ ധാരാളം മലയാളികള്‍ ഉണ്ട്. അനുഭവിക്കാത്ത ജീവിതങ്ങളെ വായിക്കുകയും, അതിജീവനത്തിന്റെ മാതൃകകളെ സ്വീകരിക്കുകയും ചെയ്യുന്ന മലയാളികള്‍ ഈ സിനിമയും ഏറ്റെടുക്കുമെന്നുറപ്പാണ്. വായനയും കാഴ്ചയും നല്‍കിയ വ്യത്യസ്ത അനുഭവങ്ങള്‍ ആടുജീവിതത്തെ മലയാളിയുടെ ഇതിഹാസൃഷ്ടിയായി എക്കാലത്തേക്കും നിലനിര്‍ത്തുകയും ചെയ്യും.

content highlights: aadujeevitham; Reading and viewing, movie review 

പി.ടി. രാഹേഷ്

പി.ടി.രാഹേഷ്. പാലക്കാട് ജില്ലയിലെ മുതുതല സ്വദേശി. കോവിഡ് കാല അനുഭവങ്ങളുടെ സമാഹാരമായ 'ബൂസ്റ്റര്‍ഡോസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എഴുതാറുണ്ട്. കുട്ടികള്‍ക്കിടയില്‍ ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.

We use cookies to give you the best possible experience. Learn more