കെ.സി.എല്ലിലെ ബ്ലൂ ടൈഗേഴ്‌സ് ടീമിനെതിരെ നിയമനടപടിക്കൊരുങ്ങി ആടുജീവിതം നിര്‍മാതാക്കള്‍
Film News
കെ.സി.എല്ലിലെ ബ്ലൂ ടൈഗേഴ്‌സ് ടീമിനെതിരെ നിയമനടപടിക്കൊരുങ്ങി ആടുജീവിതം നിര്‍മാതാക്കള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st September 2024, 6:10 pm

കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗ് ആരംഭിക്കാനിരിക്കെ ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിനെതിരെ നിയമനടപടിയുമായി ആടുജീവിതത്തിന്റെ നിര്‍മാതാക്കള്‍. ആടുജീവിതത്തില്‍ എ.ആര്‍. റഹ്‌മാന്‍ പാടിയ ‘ഹോപ്പ് സോങ്’ എഡിറ്റ് ചെയ്ത് ഉപയോഗിച്ചതുകൊണ്ടാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ വിഷ്വല്‍ റൊമാന്‍സ് നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.

എ.ആര്‍. റഹ്‌മാന്‍ പാടിയഭിനയിച്ച പാട്ടിനെ എഡിറ്റ് ചെയ്ത് റഹ്‌മാന്റെ വീഡിയോയും ചേര്‍ത്താണ് ബ്ലൂ ടൈഗേഴ്‌സ് ഔദ്യോഗികഗാനം പുറത്തിറക്കിയത്. പാട്ടിന്റെ പകര്‍പ്പവകാശം ബ്ലൂ ടൈഗേഴ്‌സിന് നല്‍കിയിട്ടുണ്ടെങ്കിലും വീഡിയോയോ പാട്ടോ എഡിറ്റ് ചെയ്യാന്‍ അനുവാദം നല്‍കിയില്ലെന്ന് പറഞ്ഞ് നിര്‍മാതാക്കള്‍ പല തവണ ടീമിന്റെ ഉടമകളെ ബന്ധപ്പെട്ടിരുന്നു.

എന്നാല്‍ ടീമിന്റെ ഉടമകളില്‍ നിന്ന് യാതൊരു പ്രതികരണവും വരാത്തതുകൊണ്ടും പാട്ട് നീക്കം ചെയ്യാത്തതുകൊണ്ടുമാണ് നിര്‍മാതാക്കള്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ടീമിന്റെ സ്‌പോണ്‍സര്‍ എ.ആര്‍. റഹ്‌മാനാണെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുനനത്. ഇതില്‍ റഹ്‌മാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ ‘ഹോപ്പ് സോങ്’ പുറത്തുവിട്ടത്. യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലെ ജനതയെ ചേര്‍ത്തുപിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഹോപ്പ് സോങ് അണിയിച്ചൊരുക്കിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകള്‍ സമന്വയിപ്പിച്ചാണ് ഹോപ്പ് സോങ് ഒരുക്കിയത്.

Content Highlight: Aadujeevitham producers proceed to move legally against Kochi Blue Tigers team