ആടുജീവിതം പ്രതീക്ഷയുടെ അസാധാരണമായ കഥ; പുതിയ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്
Film News
ആടുജീവിതം പ്രതീക്ഷയുടെ അസാധാരണമായ കഥ; പുതിയ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th January 2024, 5:47 pm

ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഈ ചിത്രത്തിലെ തന്റെ പുതിയ പോസ്റ്റര്‍ താരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

‘തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും വെളിച്ചമുണ്ട്. പ്രതീക്ഷയുടെ അസാധാരണമായ ഈ കഥ ഏപ്രില്‍ പത്തിന് കാണാം’ എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് പോസ്റ്റര്‍ പങ്കുവെച്ചത്.

ഷൂട്ടിങ് തുടങ്ങിയത് മുതല്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ആടുജീവിതം. എ. ആര്‍. റഹ്‌മാന്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ആടുജീവിതത്തിന് പ്രഖ്യാപനം മുതല്‍ തന്നെ വലിയ ഹൈപ്പ് ഉണ്ടായിരുന്നു.

ബെന്യാമിന്റെ അവാര്‍ഡ് വിന്നിങ്ങ് നോവലായ ‘ആടുജീവിത’ത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ചിത്രം ഒട്ടേറെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ ചര്‍ച്ചാവിഷയമായിരുന്നു. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ.ആര്‍. ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

പൃഥ്വിരാജ് എന്ന നടന്റെ കരിയര്‍ ബെസ്റ്റ് ചിത്രമായിട്ടാണ് ആടുജീവിതത്തെ പ്രേക്ഷകര്‍ നോക്കികാണുന്നത്. ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നുന്നത്.

ചിത്രത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുനില്‍ കെ.എസും, എഡിറ്റിങ്ങ് ശ്രീകര്‍ പ്രസാദുമാണ്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം അണിയറ പ്രവര്‍ത്തകരുടെ അഞ്ചു വര്‍ഷത്തോളം നീണ്ട അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്.

മലയാള സിനിമയിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായി ഒരുങ്ങുന്ന ആടുജീവിതം മികവുറ്റ നിര്‍മാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങള്‍, മികച്ച കഥാഖ്യാനശൈലി, പ്രകടനങ്ങള്‍ തുടങ്ങിയ ഘടകങ്ങളാല്‍ വേറിട്ടു നില്‍ക്കുന്നു.

ചിത്രം കേരളത്തിലെ സുഖസൗകര്യങ്ങളില്‍നിന്ന് ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ്.

Content Highlight: Aadujeevitham Prithviraj Sukumaran’s New Poster Out