കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം 2024 ഏപ്രില്‍ 10ന് തീയേറ്ററുകളിലെത്തും. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നുന്നത്.
ബെന്യാമിന്റെ അവാര്‍ഡ് വിന്നിങ്ങ് നോവലായ ‘ആടുജീവിത’ത്തെ ആസ്പദമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രം ഒട്ടേറെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ ചര്‍ച്ചാവിഷയമായിരുന്നു. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകന്‍ ബ്ലെസ്സിയാണ്.
ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, ഇന്ത്യന്‍ നടന്‍ കെ.ആര്‍. ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
മലയാള സിനിമയിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായി ഒരുങ്ങുന്ന ആടുജീവിതം മികവുറ്റ നിര്‍മ്മാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങള്‍, മികച്ച കഥാഖ്യാനശൈലി, പ്രകടനങ്ങള്‍ തുടങ്ങിയ ഘടകങ്ങളാല്‍ വേറിട്ടു നില്‍ക്കുന്നു.
ചിത്രം കേരളത്തിലെ സുഖസൗകര്യങ്ങളില്‍നിന്ന് ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ്.
‘ആടുജീവിതം സാര്‍വത്രിക ആകര്‍ഷണീയതയുള്ള ഒരു വിഷയമാണ്, അതിന്റെ ആഖ്യാന ശൈലിയോട് കഴിവതും സത്യസന്ധത പുലര്‍ത്തണമെന്നതായിരുന്നു എന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
ഈ നോവല്‍ ചില യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അവിശ്വസനീയമായ സംഭവവികാസങ്ങളിലൂടെ ഓരോ നിമിഷവും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പലപ്പോഴും കഥകളേക്കാള്‍ വിചിത്രമാണ് സത്യം. ഈ ചിത്രം പൂര്‍ണ്ണമായും തീയേറ്റര്‍ ആസ്വാദനം ആവശ്യമായ സിനിമയാണ്. ഈ ‘മാഗ്‌നം ഓപ്പസ്’ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക്സന്തോഷമുണ്ട്,’ ബ്ലെസി പറഞ്ഞു.