ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളൊന്നാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന് ചലച്ചിത്രഭാഷ്യം ഒരുക്കിയത് ബ്ലെസിയാണ്. ആറ് വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. നോവലിലെ പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജാണ്. സിനിമക്ക് വേണ്ടി പൃഥ്വി ശരീരഭാരം 30 കിലോയോളം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന താരമായ ഗോകുലും പൃഥ്വിയെപ്പോലെ ശരീരഭാരം കുറച്ചിരുന്നു.
മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തിയ ആടുജീവിതത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. പൃഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറഞ്ഞത്. കഥാപാത്രത്തിന് വേണ്ടി ശരീരവും മനസും സമര്‍പ്പിച്ച പ്രകടനമായിരുന്നു സിനിമയിലുടനീളം പൃഥ്വി കാഴ്ചവെച്ചത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. തിയേറ്റര്‍ റിലീസ് ചെയ്ത് നാല് മാസത്തോളം കഴിഞ്ഞാണ് ആടുജീവിതം ഒ.ടി.ടിയിലെത്തുന്നത്. ജൂലൈ 19ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ആടുജീവിതം ഒ.ടി.ടി റിലീസ് ചെയ്യുക. പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
ബോക്‌സ് ഓഫീസിലും ചിത്രം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 150 കോടിയിലധികം രൂപയാണ് ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ആടുജീവിതം നേടിയത്. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 100 കോടി ക്ലബ്ബില്‍ ഇടം നേടിയ സിനിമ കൂടിയാണ് ആടുജീവിതം. പൃഥിയുടെ കരിയറിലെ ആദ്യ സോളോ 100 കോടിയാണ് ഇത്.
ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. സുനില്‍ കെ.എസ് ഛായാഗ്രഹണവും, ശ്രീകര് പ്രസാദ് എഡിറ്റിങും കൈകാര്യം ചെയ്തു. പൃഥ്വിയെക്കൂടതെ അമലാ പോള്‍, ജിമ്മി ജീന്‍ ലൂയിസ്, ഗോകുല്‍ കെ.ആര്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
Content Highlight: Aadujeevitham OTT release announced