ഓണ്‍ലൈന്‍ ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയില്‍ 2024ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടു. മലയാളസിനിമയായ ആടുജീവിതമാണ് രണ്ടാം സ്ഥാനത്ത്. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം.
12 വര്‍ഷത്തോളമെടുത്തിട്ടാണ് ബ്ലെസി ആടുജീവിതം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ നായകനായ പൃഥ്വിരാജിന്റെ ലുക്കും മേക്ക് ഓവറും ചര്‍ച്ചാവിഷയമായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം തെന്നിന്ത്യന്‍ താരം പ്രഭാസ് പുറത്തുവിട്ടിരുന്നു. ഏപ്രില്‍ 10ന് റിലീസാവുന്ന ചിത്രത്തിന് ബുക്ക് മൈ ഷോയില്‍ 1,17,000 ആളുകളാണ് കാത്തിരിക്കുന്നത്.
2021ല്‍ റിലീസായ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2 ആണ് ലിസ്റ്റില്‍ ഒന്നാമത്. 1,58,000 പേരാണ് പുഷ്പ 2 റിലീസിന് ബുക്ക് മൈ ഷോയില്‍ കാത്തിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ അല്ലുവിന്റെ ഗെറ്റപ്പും ഡയലോഗും മാനറിസവും ആഗോളതലത്തില്‍ വൈറലായിരുന്നു. മികച്ച നടന്‍, സംഗീത സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ 2021ല്‍ ദേശീയ അവാര്‍ഡും പുഷ്പക്ക് ലഭിച്ചു. 2024 ഓഗസ്റ്റ് 15ന് പുഷ്പ 2 തിയേറ്ററുകളിലെത്തും.
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായി എത്തുന്ന കല്‍ക്കി 2898 എ.ഡി. യാണ് ലിസ്റ്റില്‍ മൂന്നാമത്. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന കല്‍ക്കിയില്‍ ദീപിക പദുകോണാണ് നായിക. അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കമല്‍ഹാസനാണ് വില്ലനായി എത്തുന്നത്. ചിത്രത്തിന്റെ ഗ്ലിമ്പ്സ് പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരുന്നു. 2024 മെയ് ഒമ്പതിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. 1,10000 ആളുകളാണ് ബുക്ക് മൈ ഷോയില്‍ കല്‍ക്കി എന്ന സിനിമക്കായി കാത്തിരിക്കുന്നത്.