16 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആടുജീവിതം റിലീസ് ആയിരിക്കുകയാണ്. മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി വരുന്ന സിനിമയാണ് ആടുജീവിതം. മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
കണ്ണ് നിറയാതെ കാണാൻ കഴിയില്ലെന്നാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങിയവരുടെ അഭിപ്രായം. വർഷങ്ങൾക്ക് ശേഷം ഒരു സിനിമ കണ്ട് കരഞ്ഞുപോയെന്നാണ് ആളുകൾ പറയുന്നത്. ഗംഭീര അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നതെങ്കിലും വാക്കുകൾക്ക് അതീതമാണെന്നാണ് ആളുകളുടെ മുഖഭാവത്തിലൂടെ പ്രതിഫലിക്കുന്നത്. ഉള്ളിലെ സങ്കടം കൊണ്ട് പ്രേക്ഷകർക്ക് വാക്കുകൾ കിട്ടുന്നില്ലെന്നും തിയേറ്ററിൽ നിന്ന് ഇറങ്ങിയിട്ടും ആ ട്രോമയിൽ നിന്ന് ഇറങ്ങാൻ കഴിയില്ലെന്നും ആളുകൾ പറയുന്നുണ്ട്.
ബെന്യാമിൻ എഴുതി വെച്ച ഒരു വരിയുണ്ട് ‘നമ്മൾ കേൾക്കാത്ത കഥകൾ നമുക്ക് വെറും കെട്ടുകഥകളാണ് എന്ന്’ അതിന്റെ ദൃശ്യ വിസ്മയം അതിശയിപ്പിക്കുന്നതെന്നാണ് ഒരാൾ പറയുന്നത്. ലോകത്ത് ഏത് കോണിലും ജീവിക്കുന്ന പ്രവാസിയുടെ പ്രതിനിധിയാണ് നജീബെന്നും ആളുകൾ പറയുന്നുണ്ട്. പൃഥ്വിരാജ് എന്ന നടന്റെ ഓസ്കർ ലെവൽ അഭിനയമാണെന്നും ചിരിത്രം അവാർഡുകൾ വാരികൂടുമെന്ന് അഭിപ്രായപെടുന്നവരുണ്ട്.
ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫറായ സുനിൽ കെ.എസിന്റെ വർക്കിനെ എടുത്ത് പറയണമെന്നും അത്തരത്തിലുള്ള ഫ്രെയ്മുകളാണ് എടുത്ത് വെച്ചിട്ടുള്ളതെന്നും ആദ്യ ഷോ കണ്ടിറങ്ങിയവർ പറയുന്നുണ്ട്. ചിത്രത്തിലെ ബാക്ക്ഗ്രൗണ്ട് സ്കോർ മികച്ചതാണെന്നും ഇന്റർനാഷണൽ രീതിയിലാണ് എടുത്തിട്ടുള്ളതെന്നും ആളുകൾ പറയുന്നു.
സിനിമയിലെ ഓരോ സീനുകളും വീണ്ടും കാണാൻ തോന്നുമെന്നും അത് അത്തരത്തിൽ വിലയിരുത്തണമെന്നും ഒരാൾ അഭിപ്രായപ്പെട്ടു. ചിത്രത്തിൽ പൃഥ്വിയുടെ അഭിനയത്തെയാണ് ഓരോരുത്തരും എടുത്ത് പറയുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് പടമാണെന്നും പൃഥ്വിരാജ് എന്ന നടൻ വീണ്ടും പുനർജനിച്ചെന്നും ആളുകൾ പറയുന്നുണ്ട്.
Content Highlight: Aadujeevitham movie’s first day theater response