നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടു കഥകൾ മാത്രം ആയിരിക്കും. ബെന്യാമിന്റെ ഈ വാക്കുകളിലൂടെ ആടുജീവിതം അവസാനിക്കുമ്പോൾ തീർച്ചയായും തിയേറ്ററിൽ അനുഭവിച്ചറിയേണ്ട ബ്രില്ല്യന്റ് വർക്കായി ആടുജീവിതം മാറുന്നുണ്ട്. ഉണ്ടാക്കിയ ഹൈപ്പിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന ചിത്രമാണ് ബ്ലെസിയുടെ ആടുജീവിതം. നീണ്ട പതിനാറു വർഷത്തെ പരിശ്രമങ്ങളും കഷ്ടപ്പാടുകളും ഈയൊരു നിമിഷത്തിലേക്ക് വന്ന് ചേരുന്നത് പോലെയായിരുന്നു.
മലയാളികൾക്ക് ഒരുപോലെ പരിചയമുള്ള ഒരു കഥ തന്നെ തന്റെ സ്വപ്ന സിനിമയ്ക്കായി തെരഞ്ഞെടുക്കുകയെന്നതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യം. എന്നാൽ ആ ബാലികേറമലയെ തന്റെ ആത്മസമർപ്പണത്തിലൂടെ തോല്പിക്കുകയാണ് ബ്ലെസിയും പൃഥ്വിരാജും.
നജീബായി മാറാൻ പൃഥ്വിരാജ് നടത്തിയ ട്രാൻസ്ഫോർമേഷൻ മലയാളികളെല്ലാം ഏറെ അത്ഭുതത്തോടെയാണ് കണ്ടത്. കഥാപാത്രത്തിനായി രൂപമാറ്റം നടത്തിയ പൃഥ്വി കൊവിഡ് സമയത്ത് വീണ്ടും പൂർവസ്ഥിതിയിലേക്ക് വന്നിരുന്നു. എന്നാൽ ചിത്രത്തിനായി വീണ്ടും ശരീരഭാരം കുറയ്ക്കുക എന്ന റിസ്ക്കി ടാസ്ക്കും ആ നടൻ ഏറ്റെടുത്തു. എന്നാൽ ട്രെയിലറിലും പോസ്റ്ററിലും കണ്ടത് മാത്രമല്ലായിരുന്നു പൃഥ്വിരാജ് ആടുജീവിതത്തിനായി ജീവിച്ചു തീർത്തത്, പകർന്നാടി വെച്ചത്.
നടപ്പിലും, നോക്കിലുമെല്ലാം പൃഥ്വി പൂർണമായി നജീബെന്ന സാധാരണക്കാരനായി മാറി. അർബാബിനടുത്ത് ചെന്ന് പെടുമ്പോഴും തല്ല് വാങ്ങുമ്പോഴും ഭാഷയറിയാതെ നിസഹായനായി പോവുമ്പോഴും പ്രേക്ഷകരും കരയുന്നത് അതുകൊണ്ടാണ്. ബെന്യാമിന്റെ ആടുജീവിതത്തിൽ നിന്ന് സിനിമയിലേക്ക് വരുമ്പോൾ ബ്ലെസി നജീബിനും സൈനുവിനും ഇടയിലുള്ള പ്രണയത്തെ വളരെ ശക്തമായി അവതരിപ്പിക്കുന്നുണ്ട്.
മരുഭൂമിയിൽ പെട്ടുപോവുന്ന നജീബിന്റെ ഓർമകളിൽ സൈനു വന്ന് പോവുമ്പോഴെല്ലാം ഉള്ളുല്ലക്കുന്ന കാഴ്ച്ചയായി ചിത്രം മാറുന്നുണ്ട്. പെർഫോമൻസിലും തിരക്കഥയിലും യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത സംവിധായകനാണ് ബ്ലെസി.
സൈനുവായി എത്തിയ അമല പോളിന് സ്ക്രീൻ ടൈം കുറവാണെങ്കിലും പൃഥ്വിയുമായുള്ള അസാധ്യ കെമിസ്ട്രിയായിരുന്നു സ്‌ക്രീനിൽ കണ്ടത്. നജീബിനെ യാത്രയാക്കുന്ന സീനിലെല്ലാം അമലയുടെ പ്രകടനം പ്രശംസയർഹിക്കുന്നുണ്ട്.
പൃഥ്വിയെ പോലെ തന്നെ ചിത്രത്തിൽ എടുത്ത് പറയേണ്ട മേക്ക് ഓവർ നടത്തിയ നടനാണ് കെ.ആർ.ഗോകുൽ. നോവൽ വായിച്ച എല്ലാവരിലും ഇന്നും നോവായി അവശേഷിക്കുന്ന ഹക്കീമിനെ ഏറ്റവും ഗംഭീരമായാണ് ഈ യുവ നടൻ ചെയ്ത് വെച്ചിട്ടുള്ളത്. മുമ്പ് ബാലതാരമായി അഭിനയിച്ചിട്ടുള്ള ഗോകുൽ തീർച്ചയായും മലയാള സിനിമയ്ക്ക് ഒരു മുതൽകൂട്ടാണെന്ന് ഒറ്റ ചിത്രം കൊണ്ട് തെളിയിച്ചിട്ടുണ്ട്.
ഇബ്രാഹിം കാഥിരിയായി വേഷമിട്ട ജിമ്മി ജിൻ ലൂയിസും ആടുജീവിതത്തിൽ കളം നിറഞ്ഞു നിൽക്കുന്നുണ്ട്. പല അടിയന്തര ഘട്ടങ്ങളിലും നജീബിനെയും ഹക്കീനിനെയും മുന്നിൽ നിന്ന് നയിക്കുന്നത് ഇബ്രാഹിമാണ്.
ടെക്നിക്കലി ഏറ്റവും മികച്ച ഔട്ട്‌പുട്ടാണ് ആടുജീവിതം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഓരോ ഫ്രെയിമുകളും അത് വ്യക്തമാക്കുന്നുണ്ട്. മണലാരണ്യത്തിലെ നജീബിന്റെ ജീവിതത്തെ അതിന്റെ ഭീകരതയോടെ സ്‌ക്രീനിൽ എത്തിക്കുന്നത് സുനിൽ കെ.എസിന്റെ ക്യാമറ കണ്ണുകളാണ്.. ഇന്റർനാഷണൽ സിനിമകളെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് നജീബിന്റെ ആടുജീവിതം അദ്ദേഹം ഒപ്പിയെടുത്തിരികുന്നത്. ആട്, ഒട്ടകം, പാമ്പ് തുടങ്ങി മരുഭൂമിയിലെ മഴയും നിലാവുമെല്ലാം അത്രയും സൂക്ഷ്മമായാണ് പ്രേക്ഷകരിൽ പതിയുന്നത്.
അതിനൊപ്പം മാന്ത്രിക സംഗീതജ്ഞൻ എ. ആർ. റഹ്മാൻ കൂടെ ചേരുമ്പോൾ വിഷ്വൽ ബ്യൂട്ടിയുടെ മാക്സിമം തന്നെ പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ റിലീസിനു മുമ്പ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് ബ്ലെൻഡായി വരുന്ന സംഗീതമാണ് അദ്ദേഹം ഒരുക്കിവെച്ചത്. ദീർഘനേരം മരുഭൂമിയിലൂടെയുള്ള യാത്ര കാണിക്കുന്ന ചിത്രത്തിൽ ലാഗായി വഴുതി വീഴാത്ത വിധം റഹ്മാൻ മാജിക് പിടിച്ചു നിർത്തുന്നുണ്ട്.
ഫിൻ ജോർജ് മൊടത്തറ, എ. ശ്രീകർ പ്രസാദ് എന്നിവരുടെ എഡിറ്റിങ്ങും സിനിമയെ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. അത് വ്യക്തമാക്കുന്ന പല ട്രാൻസിക്ഷൻ സീനുകളും ചിത്രത്തിൽ കാണാൻ സാധിക്കും. റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനിങും ഗോട്ട് ലൈഫിന് ജീവൻ ആവുന്നുണ്ട്.
മരുഭൂമിയിലെ മണൽകാറ്റ്, കഴുകൻമാർ തുടങ്ങി ചില ദൃശ്യങ്ങൾക്ക് വി. എഫ്. എക്സ് ഉപയോഗിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ അത് വ്യക്തമാവുന്നുമുണ്ട്. പക്ഷെ പെർഫോമൻസ് കൊണ്ട് നിറഞ്ഞ് നിൽക്കുന്ന ചിത്രത്തിൽ നജീബിനൊപ്പം പ്രേക്ഷകർ ആ മണൽകാറ്റിൽ പെട്ട് പോവുന്നുണ്ട്.
കാഴ്ച, തന്മാത്ര തുടങ്ങിയ ബ്ലെസി ചിത്രങ്ങളോടൊപ്പമോ അതിനുമുകളിലോ ചേർത്ത് വെക്കാവുന്ന റിയൽ ലൈഫ് ചലച്ചിത്രാവിഷ്ക്കാരമാണ് ആടുജീവിതം. 16 വർഷം മുമ്പ് തന്നെ ഒരു ലോകോത്തോര നിലവാരമുള്ള ഫിലിം മേക്കിങിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നു. നജീബും ഹക്കീമും മണൽ പരപ്പിലൂടെ നടന്ന കാൽപാടിന്റെ കൺടിന്യുവിറ്റിയിൽ പോലും അത് വ്യക്തമാണ്.
ഇടറിയ കാലുകളാൽ നജീബായി പൃഥ്വിരാജ് ഓടികയറുന്നത് ലോകസിനിമയുടെ നെറുകയിലേക്കാണ്. തീർച്ചയായും കണ്ടിരിക്കേണ്ട ബ്ലെസിയുടെ ഒരു ക്ലാസിക് ചിത്രം തന്നെയാണ് ആടുജീവിതം.
Content Highlight: Aadujeevitham Movie Review