| Tuesday, 9th January 2024, 6:43 pm

ബിഗ് സ്ക്രീനിലെ നജീബിനെ നാളെ കാണാം, ആടുജീവിതത്തിനായി വീണ്ടും ഒന്നിച്ച് പൃഥ്വി - പ്രഭാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. വലിയ ഇടവേളക്കുശേഷം സംവിധായകൻ ബ്ലെസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൽ നജീബായി എത്തുന്നത് പൃഥ്വിരാജാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റിബൽ സ്റ്റാർ പ്രഭാസിന്റെ ഒഫീഷ്യൽ പേജിലൂടെ നാളെ അഞ്ചു മണിക്ക് ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങും.

പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ അപ്ഡേഷൻ പ്രേക്ഷകർക്കായി നൽകിയത്. പ്രഭാസും പൃഥ്വിയും ഒന്നിച്ച് അഭിനയിച്ച സലാർ ഈയിടെ റിലീസ് ചെയ്തിരുന്നു.

എ. ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി തുടങ്ങിയവർ പിന്നണിയിൽ പ്രവർത്തിക്കുന്ന ആടുജീവിതത്തിന് പ്രഖ്യാപനം മുതൽ തന്നെ വലിയ ഹൈപ്പ് ഉണ്ടായിരുന്നു.

ബെന്യാമിന്റെ അവാര്‍ഡ് വിന്നിങ്ങ് നോവലായ ‘ആടുജീവിത’ത്തെ ആസ്പദമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രം ഒട്ടേറെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ ചര്‍ച്ചാവിഷയമായിരുന്നു. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ.ആര്‍. ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഏപ്രിൽ പത്തിനാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. അതേസമയം പ്രഭാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ സലാർ എന്ന ചിത്രം ബോക്സ്‌ ഓഫീസിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. കെ.ജി. എഫിന് ശേഷം പ്രശാന്ത് നീൽ ഒരുക്കിയ ചിത്രം വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്.

Content Highlight: Aadujeevitham Movie  First Look Poster Updation

We use cookies to give you the best possible experience. Learn more