ലോക്ക്ഡൗണ്‍ കാലം ആടുജീവിതം ടീം അതിജീവിച്ചതെങ്ങനെ? വീഡിയോ പുറത്ത്
Entertainment
ലോക്ക്ഡൗണ്‍ കാലം ആടുജീവിതം ടീം അതിജീവിച്ചതെങ്ങനെ? വീഡിയോ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th February 2024, 11:04 pm

ഈ വര്‍ഷം മലയാളികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ സിനിമ. എട്ട് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടാണ് സിനിമക്ക് ഉണ്ടായത്. സിനിമയുടെ ഒരു ഭാഗം ഷൂട്ട് ചെയ്തത് ജോര്‍ദാനിലെ വാദി റം മരുഭൂമിയിലാണ്. എന്നാല്‍ ജോര്‍ദാനിലെ ഷൂട്ടിനിടെ കൊവിഡ്-19 പൊട്ടിപ്പുറപ്പെടുകയും ക്രൂ മുഴുവന്‍ അവിടെ കുടുങ്ങുകയും ചെയ്തത് വാര്‍ത്തയായിരുന്നു.

ആ ലോക്ക്ഡൗണ്‍ സമയം എങ്ങനെ അതിജീവിച്ചു എന്ന് കാണിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിനായി 30 കിലോയോളം ഭാരം പൃഥ്വിരാജ് കുറച്ചിരുന്നു. അതിനാല്‍ തിരിച്ചുപോയി വീണ്ടും വന്ന് ഷൂട്ട് ചെയ്യുക അസാധ്യമായിരുന്നുവെന്നും മുഴുവന്‍ ക്രൂവും ആ മരുഭൂമിയില്‍ 60 ദിവസത്തോളം കഴിയേണ്ടി വന്നുവെന്നും സംവിധായകന്‍ ബ്ലെസി പറഞ്ഞു.

ഷൂട്ടില്ലാത്ത സമയം ക്രൂവിലെ ചില്‍ ഡിപ്രഷനിലേക്ക് പോയിരുന്നുവെന്നും അത് മാറ്റാനായി എല്ലാവരും ലൂഡോയും, ചീട്ടുകളിയുമൊക്കെ നടത്തി സമയം കളഞ്ഞുവെന്ന് മേക്കപ്പ് മാന്‍ രഞ്ജിത് അമ്പാടി ഓര്‍മ പങ്കുവെച്ചു. ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ ചിലര്‍ തടി കൊണ്ട് ബാറ്റും ചെരുപ്പിന്റെ റബര്‍ കൊണ്ട് ബോളുമുണ്ടാക്കി എല്ലാവരും ക്രിക്കറ്റ് കളിച്ച ഓര്‍മ്മകള്‍ സംവിധായകന്‍ പങ്കുവെച്ചു. ജോര്‍ദന്‍ മരുഭൂമിയില്‍ പൃഥ്വിയും ടീമും ക്രിക്കറ്റ് കളിക്കുന്ന ഫോട്ടോസ് കൊവിഡ് കാലത്ത് വൈറലായിരുന്നു.

വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനെക്കൂടാതെ അമലാ പോള്‍, ജിമ്മി ജീന്‍ ലൂയിസ്, റിക് അബി, ശോഭാ മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് സംഗീതം. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നു. ചിത്രം ഏപ്രല്‍ 10ന് തിയേറ്ററുകളിലെത്തും.

Content Highlight: Aadujeevitham crew Corona days video out