| Monday, 25th March 2024, 7:44 pm

പൃഥ്വിരാജിന്റെ മാറ്റം സര്‍പ്രൈസായിരുന്നു; മുഖത്തെ ചുളിവിനായി വെള്ളം പോലും കുടിച്ചില്ല: ആടുജീവിതം കോസ്റ്റ്യൂം ഡിസൈനര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനര്‍ ആയി വര്‍ക്ക് ചെയ്തിട്ടുള്ള ആളാണ് സ്റ്റെഫി സേവ്യര്‍. മലയാളികള്‍ ഇന്ന് ഏറെ കാത്തിരിക്കുന്ന ആടുജീവിതത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫിയാണ്. സിനിമക്ക് വേണ്ടി പൃഥ്വിരാജ് സുകുമാരന്‍ ശരീര ഭാരം കുറച്ചതിനെ കുറിച്ച് പറയുകയാണ് സ്റ്റെഫി സേവ്യര്‍.

പൃഥ്വിരാജ് ആടുജീവിതത്തിന് വേണ്ടി മെലിയുമെന്ന് തങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയുന്നതായിരുന്നുവെന്നും പക്ഷേ ഇത്രത്തോളം മെലിയുമെന്ന് ആരും കരുതിയിരുന്നില്ലെന്നും സ്റ്റെഫി പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തന്റെ സ്‌കിന്നില്‍ ചുളിവ് വരുത്താനായി പൃഥ്വിരാജ് വെള്ളം കുടിക്കാതെ നിന്നുവെന്ന് പറയുന്ന സ്റ്റെഫി വേറെ ആര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് ചോദിച്ചാല്‍ തനിക്ക് സംശയമാണെന്നും കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം സിനിമക്ക് വേണ്ടി മെലിയുമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയുന്നതായിരുന്നു. പക്ഷേ ഇത്രത്തോളം മെലിയുമെന്ന് നമ്മള്‍ കരുതിയിരുന്നില്ല. അത് ശരിക്കും സര്‍പ്രൈസായിരുന്നു. തന്റെ സ്‌കിന്നില്‍ ചുളിവ് വരുത്താനായി അദ്ദേഹം വെള്ളം കുടിക്കാതെ നിന്നു.

വേറെ ആര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് ചോദിച്ചാല്‍ എനിക്ക് സംശയമാണ്. കാരണം അത്രത്തോളം അദ്ദേഹം ആ സിനിമക്ക് വേണ്ടി മാറിയിട്ടുണ്ട്. മരിച്ചാലും കുഴപ്പമില്ലെന്ന മട്ടിലാണ് അദ്ദേഹം ഉണ്ടായത്,’ സ്റ്റെഫി സേവ്യര്‍ പറയുന്നു.

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത സിനിമയാണ് ഇത്.

ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 2008ലായിരുന്നു ചിത്രത്തിനെ കുറിച്ചുള്ള ആദ്യ ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ 2018ലാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ അമ്പരപ്പിക്കുന്നതായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളക്കായി പുറത്തുവിട്ട സിനിമയുടെ ട്രെയ്ലറും അതിനു പിന്നാലെ വന്ന ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു.

Content Highlight: Aadujeevitham Costume Designer Talks About Prithviraj Sukumaran

We use cookies to give you the best possible experience. Learn more