|

പുലിയെ ആട് വീഴ്ത്തി.... മൂന്നാം വാരത്തിലും മുന്നേറി ആടുജീവിതം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷു റിലീസുകള്‍ക്കിടയിലും മൂന്നാം വാരത്തില്‍ തിയേറ്ററികളില്‍ ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളിലൊന്ന് സിനിമാരൂപത്തില്‍ എത്തിയപ്പോള്‍ മലയാളത്തിന് എന്നും അഭിമാനിക്കാവുന്ന സിനിമകളിലൊന്നായി ആടുജീവിതം മാറി. സാങ്കേതികപരമായി മുന്നില്‍ നില്‍ക്കുന്നതിനോടൊപ്പം ബോക്‌സ് ഓഫീസിലും ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നത്.

ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന മലയാളസിനിമയെന്ന റെക്കോഡ് ഇതിനോടകം ആടുജീവിതം സ്വന്തമാക്കി. റിലീസ് ചെയ്ത് 21ാം ദിവസത്തിലും ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു. ഇതിനോടകം 140 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം മോഹന്‍ലാലിന്റെ പുലിമുരുകന്‍ നേടിയ തിയേറ്ററിക്കല്‍ കളക്ഷന്‍ മറികടന്നു. പൃഥ്വിയുടെ സിനിമാകരിയറിലെ ഏറ്റവും വലിയ വിജയമായി മാറാനും ആടുജീവിതത്തിന് സാധിച്ചു.

ഇതിനോടൊപ്പം മറ്റൊരു നേട്ടവും ആടുജീവിതം നേടിക്കഴിഞ്ഞു. മോഹന്‍ലാലിന് ശേഷം സോളോ മൂവി കൊണ്ട് 130 കോടിയിലധികം നേടിയ നടനായി പൃഥ്വി മാറി. ആടുജീവിതത്തിന് മുന്നില്‍ ഇനിയുള്ളത് മഞ്ഞുമ്മല്‍ ബോയ്‌സും 2018ഉം മാത്രമാണ്.

പി.വി.ആര്‍ മള്‍ട്ടിപ്ലെക്‌സും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം കാരണം നാല് ദിവസം ഇന്ത്യയിലുള്ള എല്ലാ പി.വി.ആര്‍ സെന്ററുകളില്‍ നിന്നും ചിത്രം നീക്കം ചെയ്തത് കളക്ഷനെ ചെറുതായി ബാധിച്ചിരുന്നു. തര്‍ക്കമില്ലായിരുന്നങ്കില്‍ ഇതിനോടകം 150കോടി ക്ലബ്ബില്‍ ചിത്രം കേറിയേനെ എന്നാണ് സിനിമാ ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

മികച്ച കണ്ടന്റകളും ബോക്‌സ് ഓഫീസ് കളക്ഷനുകളും കൊണ്ട് മലയാളസിനിമക്ക് അഭിമാനിക്കാവുന്ന വര്‍ഷം തന്നെയാണ് 2024. ഈ വര്‍ഷം പകുതിയോടടുക്കുമ്പോള്‍ ഒരു 200 കോടി ചിത്രവും രണ്ട് 100 കോടി ചിത്രങ്ങളും, മൂന്ന് 50 കോടി ചിത്രങ്ങളും മലയാളത്തില്‍ നിന്ന് ഉണ്ടായി. എല്ലാം വ്യത്യസ്ത ഴോണറുകളില്‍ പെട്ട സിനിമകളാണെന്നത് മറ്റൊരു നേട്ടമാണ്.

Content Highlight: Aadujeevitham collected more than Pulimurugan’s theatrical collection