മലയാളത്തിലെ വേഗതയേറിയ 50 കോടി; തകർത്തത് മോഹൻലാലിന്റെ റെക്കോർഡ്
Film News
മലയാളത്തിലെ വേഗതയേറിയ 50 കോടി; തകർത്തത് മോഹൻലാലിന്റെ റെക്കോർഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st March 2024, 1:25 pm

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം. 10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു.

മാർച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ 16.76 കോടിയാണ് ആടുജീവിതം നേടിയെടുത്തത്. ആഗോളതലത്തില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുന്നുവെന്നും ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട് ചെയ്യുന്നു.

ഇന്നലെ ആഗോളതലത്തില്‍ 46 കോടിക്ക് മുകളില്‍ ആടുജീവിതം നേടിയിരുന്നു. ആടുജീവിതത്തിന്റെ ആകെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് കണക്കുകൾ പരിഗണിക്കുമ്പോള്‍ 50 കോടി ക്ലബില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് മലയാളത്തിന്റെ വമ്പൻ നേട്ടമായിട്ടാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ കണക്കാക്കുന്നത്.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം. തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ ചര്‍ച്ചാവിഷയമായിരുന്നു. 30 കിലോയോളമാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്. ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. യോദ്ധ എന്ന സിനിമയുടെ സംഗീതം ചെയ്ത് 30 വര്‍ഷത്തിന് ശേഷം റഹ്‌മാന്‍ കമ്മിറ്റ് ചെയ്ത മലയാളസിനിമ കൂടിയാണ് ആടുജീവിതം. ആടുജീവിതത്തിന് ശേഷം മലയന്‍കുഞ്ഞ് എന്ന സിനിമക്കും റഹ്‌മാന്‍ കമ്പോസ് ചെയ്തിരുന്നു. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്.

പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് മറ്റ് താരങ്ങള്‍. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് പുറത്തിറങ്ങിയിട്ടുള്ളത്.

Content Highlight: Aadujeevitham 4 days box office collection report