|

കൊവിഡ് കര്‍ഫ്യൂവിന് ഇളവ്; ജോര്‍ദാനില്‍ ആടുജീവിതം ചിത്രീകരണം പുന:രാരംഭിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്ന ആടുജീവിതം സിനിമയുടെ ഷൂട്ടിങ് ജോര്‍ദാനില്‍ പുനഃരാരംഭിച്ചു. രണ്ട് ആഴ്ചയോളമായി സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജുമടക്കമുള്ള സംഘം ജോര്‍ദാനില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

ജോര്‍ദാനില്‍ കര്‍ഫ്യൂ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് സിനിമയുടെ ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചത്. നേരത്തെ ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദാന്‍ റദ്ധാക്കിയിരുന്നു.

ഇതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നിരുന്നു.

ഇതിനിടെ ചിത്രീകരണ സംഘത്തിന്റെ വിസാകാലാവധി അവസാനിക്കാനായതും ആശങ്കയുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്ക് തിരിച്ച് വരാന്‍ കഴിയാതെ അകപ്പെട്ടു പോയതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് മെയില്‍ അയച്ചിരുന്നു.

തുടര്‍ന്ന് ബി ഉണ്ണികൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.ഇതിന് പിന്നാെല നടനും എം.പിയുമായ സുരേഷ് ഗോപിയെ കാര്യങ്ങള്‍ ധരിപ്പിക്കുകയും പ്രശ്‌നത്തില്‍ അദ്ദേഹം സജീവമായി ഇടപെടുകയും ഏപ്രില്‍ 8- നു തീരുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ വിസയുടെ കാലാവധി നിട്ടുന്നതിനു യാതൊരു തടസവും ഉണ്ടാവില്ലെന്ന് സുരേഷ് ഗോപിയെ എംബസി അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു.

പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കം 58 പേരായിരുന്നു സംഘത്തില്‍ കുടുങ്ങിയത്.

DoolNews Video