| Friday, 29th March 2024, 12:25 pm

ആടുജീവിതം മനുഷ്യനെന്ന മനോഹരമായ പദത്തെ നിര്‍വ്വചിക്കുന്നു!

പി. ജിംഷാര്‍

‘Human, What a beautiful Word’ | Maxim Gorky

അപരന് വേണ്ടി ത്യാഗം സഹിച്ച് അതിജീവനം സാധ്യമാക്കുന്ന മനുഷ്യരെ കാണുമ്പോള്‍, അറിയാതെ നമ്മള്‍ പറഞ്ഞു പോകും, മനുഷ്യന്‍…ഹാ എത്ര സുന്ദരമായ പദമെന്ന്. നജീബും ഹക്കീമും ഇബ്രാഹിം ഖാദിരിയുടെ പിറകെ മൂസാനബിയുടെ കാലടികളെ പിന്‍പറ്റിയെന്നോം മുന്നോട്ട് നീങ്ങുമ്പോള്‍, ത്യാഗങ്ങള്‍ സഹിച്ച് മൂവരും അതിജീവിക്കാന്‍ വഴികള്‍ തേടുമ്പോള്‍, പടച്ചവനോടുള്ള വിശ്വാസത്തിന്റെ ബലത്തിലെന്നോണം മരുഭൂമി താണ്ടുമ്പോള്‍, മരീജികയും മരണവും പിന്നിട്ട്, അടിമയായ ആടില്‍ നിന്നും നജീബ് തന്റെ സ്വത്വം വീണ്ടെടുക്കുമ്പോള്‍, അറിയാതെ പറഞ്ഞു പോകും ‘മനുഷ്യന്‍…ഹാ..എത്ര സുന്ദരമായ പദം’

‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്’ എന്ന മുഖവുരയോടെ തുടങ്ങുന്ന ആടുജീവിതം എന്ന നോവലിനെ ബ്ലെസി തിരശീലയിലേക്ക് പരാവര്‍ത്തനം ചെയ്യുമ്പോള്‍, നാം അനുഭവിക്കാത്ത നജീബിന്റെ ജീവിതം വെറും കെട്ടുകഥ അല്ലെന്ന് നമുക്ക് അനുഭവപ്പെടും.

മസറയിലെ ആടുകളില്‍ ഒന്നായി സ്വത്വം നഷ്ടപ്പെടുന്ന നജീബ് നമ്മളാണെന്ന് ഓരോ നിമിഷവും പ്രേക്ഷകന് തോന്നും.

തന്റെ മുന്‍ഗാമിയായ ഇടയന്റെ മരണത്തിന് ശേഷം ആട്ടിന്‍ പറ്റത്തെ നയിച്ചു തുടങ്ങുന്ന നജീബിന്റെ ജീവന്‍ തങ്ങള്‍ കാരണം നഷ്ടപ്പെടരുതെന്ന് കരുതി, ആട്ടിന്‍കുട്ടി കൂടെയുള്ള ആടുകളോട് സംസാരിക്കുമ്പോള്‍, ആടുജീവിതം കെട്ടുകഥയല്ലെന്ന് ഉറപ്പാകും. ലോകത്തെ സകല ജീവജാലങ്ങള്‍ക്കും സ്നേഹിക്കാനും വെറുക്കാനും പകയോടെ പെരുമാറാനും കഴിയുമെന്ന തിരിച്ചറിവ് പ്രേക്ഷകന് ഉണ്ടാകും.

‘പള്ളിക്കൂടത്തിലേക്ക് വീണ്ടും’ എന്ന കവിതയില്‍ തിര്യക്കുകളോട് സംസാരിക്കാനുള്ള ഭാഷ മകന് കൈമോശം വരുമോ എന്ന് വ്യാകുലപ്പെടുന്നുണ്ട്. കാല്‍പ്പനികമായ ആ കവി ഹൃദയം പ്രേക്ഷകന് നല്‍കി കൊണ്ട്, കവിതപോലെ ഒരു സിനിമ ഒരുക്കിയിരിക്കുകയാണ് ബ്ലെസി ആടുജീവിതം എന്ന ചലച്ചിത്രത്തില്‍.

മഹാകാവ്യമായൊരു സിനിമ എന്ന് ആടുജീവിതത്തെ വിശേഷിപ്പിക്കാം.

ബ്ലസി

Greatest of all Time എന്ന് ആടുജീവിതം എന്ന ബ്ലെസി ചിത്രത്തെ വിലയിരുത്തുന്നത് ഒട്ടും അതിശയോക്തിയല്ല. സിനിമ അവസാനിക്കുമ്പോള്‍, തിയേറ്റര്‍ മുഴുവനും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത് ഈ ബ്ലെസി സിനിമ ‘Really GOAT’ ആയതുകൊണ്ടാണ്.

അറവ് മൃഗത്തെ പോലെ സ്വത്വം നഷ്ടപ്പെട്ട് മസറയിലെ ആടുകളിലൊന്നായി മാറിപ്പോയിട്ടും, ആത്മഹത്യ ചെയ്യാതെ നജീബ് ജീവിതത്തെ പ്രതീക്ഷയോടെ മുന്നോട്ട് കൊണ്ടുപോകുന്നത്, സൈനുവിനോടുള്ള തീവ്രമായ പ്രണയവും അവളെ ചേര്‍ത്തുപിടിച്ച് ചുംബിക്കാനുള്ള റൂഹിന്റെ വെമ്പലുമാണ്‌.

സൈനുവിന്റെ കാത്തിരിപ്പ് സഫലമാകാന്‍ പ്രകൃതി ഗൂഢാലോചന നടത്തി അയച്ചതാണ്, പ്രവാചകന്‍ മൂസാനബിയുടെ മുഖമുള്ള ഇബ്രാഹിം ഖാദിരിയെ. അയാളാണ്, പെരിയോന്‍!… ആഫ്രിക്കയിലെ ആദിമ മനുഷ്യന്റെ കാരുണ്യം നിറഞ്ഞവന്‍. സൂഫി ഇസ്ലാമിന്റെ പ്രതിഫലനമായ പാട്ടുകാരനായ പ്രവാചകന്‍.

മരുഭൂമിയിലെ നീരുറവയ്ക്കടുത്ത് നിന്നും കിട്ടുന്ന കുപ്പിയില്‍ ചൂളമിട്ട് പടച്ചവനെ സ്തുതിക്കുന്ന ഇബ്രാഹിം ഖാദിരിയുടെ മുഖം, മരുഭൂമിയുടെ വിമോചകനായ പ്രവാചകന്റേതായി മാറുന്നു. ‘Muhammad: The Messenger of God’ എന്ന മജീദി മജീദി സിനിമയില്‍ പ്രവാചകന്റെ സാന്നിദ്ധ്യം തന്റെ മാന്ത്രിക സംഗീതത്താല്‍ സൃഷ്ടിച്ചതിന്റെ സമാനമായി ഇബ്രാഹിം ഖാദിരിയില്‍ പ്രവാചകത്വം സ്രഷ്ടിക്കുന്നു.

കേവലം മനുഷ്യന്‍ മാത്രമായ ഇബ്രാഹിം ഖാദിരി, AR റഹ്മാന്റെ സംഗീതത്താല്‍ പ്രവാചകനായ മൂസയും മുഹമ്മദും ആകുന്നു. പ്രണയമായും ഭക്തിയായും യാത്രയായും നിസ്സഹായതയായും നജീബ് അനുഭവിച്ച ജീവിതത്തെ ഋജുവായി ആവിഷ്‌ക്കരിച്ച കവിതയായി റഫിക്ക് അഹമ്മദിന്റെ വരികള്‍ ഉള്ളുതൊടുന്നു.

എ.ആര്‍. റഹ്മാന്‍

മസ്റയ്ക്ക് ചുറ്റും വീശിയടിക്കുന്ന കാറ്റിന്റെ ഹുങ്കാരവും മണല്‍ക്കാറ്റിന്റെ രൗദ്രതയും റസൂല്‍ പൂക്കുട്ടിയും സംഘവും ഒരുക്കിയ ശബ്ദവിന്യാസങ്ങളാല്‍ പ്രേക്ഷകനെ ഭയപ്പെടുത്തുകയും നിസ്സഹായരാക്കുകയും ചെയ്യും നജീബിനെ പോലെ!..

റസൂല്‍ പൂക്കുട്ടി

മരുഭൂമിയിലെ കാറ്റാണ് ‘ആടുജീവിതം’ സിനിമയില്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. സുനില്‍ കെ.എസ്‌ മരുഭൂമിയില്‍ അലയാന്‍ വിട്ട് നജീബിന്റേയും നമ്മുടേയും ശരീരത്തെ പൊള്ളിക്കുന്നു. ഓര്‍മ്മയിലെ നാടിന്റെ പച്ചപ്പും പുഴയും കാട്ടി മോഹിപ്പിക്കും. പ്രണയത്തണുപ്പായി ഒരിറ്റ് വെള്ളത്തിനായി ദാഹിച്ച് തൊണ്ട വരളുന്ന അനുഭൂതി സൃഷ്ടിക്കുന്നു.

സുനില്‍ കെ.എസ്‌

ദൃശ്യങ്ങളെ നജീബിന്റെ ഓര്‍മ്മകളായും അതിജീവിക്കുന്ന കാലമായും ശ്രീകര്‍ പ്രസാദ് തുന്നിച്ചേര്‍ക്കുന്നു, മനോഹരമായൊരു കുപ്പായം പോലെ!…

നജീബ് അനുഭവിച്ച ദുരന്തിന്റെ ആഴം അടയാളപ്പെടുത്തും വിധമാണ്, ‘ആടുജീവിതം’ സിനിമയുടെ വസ്ത്രാലങ്കാരം സ്റ്റഫി സേവ്യര്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. നജീബും ഹക്കീമും ജീവിച്ചു തീര്‍ത്ത മരുഭൂമിയിലെ ദുരിത ജീവിതത്തെ ഉള്ളുലയ്ക്കും വിധം പ്രേക്ഷകരിലേക്ക് സംവദിക്കാന്‍ രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പിന് കഴിഞ്ഞിട്ടുണ്ട്.

സ്റ്റെസി സേവ്യര്‍

രഞ്ജിത് അമ്പാടി

മസ്റയില്‍ നിന്നും രക്ഷപ്പെട്ട് മരുഭൂമി താണ്ടുന്ന മൂവര്‍ സംഘത്തിന്റെ ശരീരത്തില്‍ വരുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ തന്മയത്വത്തോടെയാണ് രഞ്ജിത്ത് അമ്പാടി മേക്കപ്പിലൂടെ സാധ്യമാക്കിയത്. മരുഭൂമിയുടെ ചൂട് ഏറ്റ് നജീബിന്റെ കാല് പൊള്ളിയടര്‍ന്നതിന്റെ Close Up ഷോട്ടിന് വീണ കയ്യടി രഞ്ജിത്ത് അമ്പാടിയ്ക്ക് ഉള്ളതായിരുന്നു.

Al Pacino (Scarface), Christian Bale (The Machinist), Matteq McConaughey (Bally Buyers Club) എന്നീ വിഖ്യാതരായ നടന്മാര്‍ കഥാപാത്രങ്ങളാകാന്‍ നടത്തിയ ആത്മസമര്‍പ്പണത്തിന് തുല്ല്യമാണ് പൃഥ്വിരാജ് സുകുമാരന്റേത്. നജീബിന്റെ ജീവിതം തിരശീലയില്‍ ജീവിച്ചു തീര്‍ക്കാന്‍ ശരീരവും മനസ്സും അര്‍പ്പിച്ച പൃഥ്വിരാജ്‌ സുകുമാരന്‍ ബ്ലെസിയ്ക്കൊപ്പം ‘Really GOAT’ ആകുന്നു.

വായനക്കാരെ നൊമ്പരപ്പെടുത്തിയ ബെന്യാമീന്റെ ആടുജീവിതം എന്ന നോവല്‍ എടുത്ത് വീണ്ടും വായിക്കാന്‍ തോന്നുന്നു എന്നതും വീണ്ടും ഒരിക്കല്‍ക്കൂടി ‘ആടുജീവിതം’ സിനിമ തിയേറ്ററില്‍ നിന്നും കാണണമെന്നും ആഗ്രഹിച്ചു കൊണ്ട് തിയേറ്ററില്‍ നിന്നും പുറത്തേക്ക് ഇറങ്ങി എന്നതിനാല്‍, എന്റെ ആസ്വാദനത്തില്‍ ആടുജീവിതം എന്ന ബ്ലെസി സിനിമ Greatest of all Time ആണ്.

ബെന്യാമിന്‍

ആടുജീവിതം സിനിമ Classic ആയി സകലകാലവും നിലനില്‍ക്കും. ആത്മസമര്‍പ്പണത്തിന്റെ ആവിഷ്‌ക്കാരമായി ‘ആടുജീവിതം’ അണിയിച്ചൊരുക്കിയ ബ്ലെസിയ്ക്കും ക്രൂവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

content highlights: aadu jeevitham review witten by p jimshar

പി. ജിംഷാര്‍

We use cookies to give you the best possible experience. Learn more