കൊല്ലം: പൊലീസുകാരനായ മണിയന് പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എ.എസ്.ഐയെ കുത്തിപ്പരുക്കേല്‍പിക്കുകയും ചെയ്ത കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്കെതിരെ വിധി പറയുന്നത് ഈ മാസം 20 ലേക്ക് മാറ്റി.
കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്. അതിവേഗ വിചാരണ നടന്ന കേസില്‍ മുപ്പത് സാക്ഷികളെ വിസ്തരിച്ചു. കേസില്‍ മണിയന്‍പിള്ളയ്ക്ക് ഒപ്പമുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ.ജോയിയുടെ മൊഴിയാണ് പ്രോസിക്യൂഷന് ഏറ്റവും അനുകൂലമായത്. ഇനി ഒരു കുടുംബത്തിനും ഈ ആവസ്ഥ വരാത്ത രീതിയില്‍ ആന്റണിയെ ജയിലിനുള്ളില്‍ തന്നെ ഇടണം എന്നതായിരുന്നു മണിയന്‍പിള്ളയുടെ കുടുംബത്തിന്റെ അഭ്യര്‍ഥന.
വാനിലെ വിരലടയാളവും രക്തക്കറയുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംഭവ ദിവസം താന്‍ കേരളത്തിലില്ലായിരുന്നു എന്നായിരുന്നു ആട് ആന്റണിയുടെ വാദം.
ഈ ദിവസം ഗ്യാസ് കണക്ഷന് വേണ്ടി അപേക്ഷ നല്‍കിയത് ചൂണ്ടിക്കാണിച്ചാണ് ഈ വാദത്തെ പ്രോസിക്യൂഷന് പൊളിച്ചത്. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട എസ്.ഐ ജോയി കേസില്‍ നിര്‍ണായക സാക്ഷിയായിരുന്നു.
78 രേഖകളും 30 സാക്ഷികളേയും പ്രോസിക്യൂഷന് പ്രതിക്കെതിരെ ഹാജരാക്കി. ഇയാള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് തന്നെയായിരുന്നു പ്രോസിക്യൂഷന് വാദം.
2012 ജൂണ്‍ 26 നാണ് കേസിനാസ്പദമായി സംഭവം നടന്നത്. കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്റണിയെ ഗ്രേഡ് എസ്.ഐ ജോയി പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു.
വാനിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് ആന്റണി ജോയിയേയും മണിയന്‍പിള്ളയെയും കുത്തി. മണിയന്‍പിള്ള തല്‍ക്ഷണം മരിച്ചു. ജോയി പരുക്കുകളോടെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
പൊലീസ് പിന്തുടര്ന്നതിനാല് വാന്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു ആന്റണി. പാരിപ്പള്ളി ജവഹര്‍ ജംക്ഷനില്‍ വാഹനപരിശോധനയ്ക്കിടെ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തിയിട്ട് രക്ഷപെട്ട ആട് ആന്റണിയെ മൂന്നര വര്‍ഷത്തിന് ശേഷം കഴിഞ്ഞ ഒക്ടോബര്‍ 13ന് പാലക്കാട് തിമിഴ്നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തുവെച്ചാണ് പൊലീസ് പിടികൂടുന്നത്.
കൊലയ്ക്കു ശേഷം രക്ഷപെട്ട ആട് ആന്റണി തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പലപേരിലും പല വേഷത്തിലുമാണ് ഒളിവില്‍ കഴിഞ്ഞത്. ആന്റണിയുടെ പലവേഷങ്ങളിലുള്ള ഫോട്ടകള്‍ ഉള്‍പ്പടെ രാജ്യത്തിന്റെ പല ഭാഗത്തും പൊലീസ് നോട്ടീസ് പതിച്ചപ്പോഴും മറ്റു വേഷങ്ങളില്‍ ആന്റണി ഒളിവില്‍ കഴിഞ്ഞിരുന്നു.
ഒളിവില്‍ കഴിയുമ്പോളും മോഷണം തുടര്‍ന്ന് ആന്റണി തമിഴ്നാട്ടിലെ ധാരാപുരത്ത് രാജേന്ദ്രന് എന്ന പേരിലാണ് ഏറ്റവും കൂടുതല്‍ താമസിച്ചത്. ഇതിനിടെ ചെന്നെയില്‍ പിടിയിലായെങ്കിലും രക്ഷപെട്ടു. ഒടുവില്‍ പാലക്കാട് ഗോപാലപുരത്ത് ഭാര്യയെ കാണാന്‍ എത്തിയപ്പോള്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. ആദ്യം രക്ഷപെടാന്‍ ശ്രമിച്ച ആന്റണി പിന്നീട് പൊലീസിന് കീഴടങ്ങുകയായിരുന്നു.