കൊല്ലം: കൊല്ലം: പോലീസുകാരനെ കുത്തികൊന്ന കേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തം കഠിനതടവ്. 4,45000 രൂപ പിഴയും ഒടുക്കണം. ഇതില്‍ രണ്ട് ലക്ഷം രൂപ മണിയന്‍ പിള്ളയുടെ കുടുംബത്തിനും 2 ലക്ഷം രൂപ എ.എസ്.ഐ ജോയിയുടെ കുടുംബത്തിനും നല്‍കണം.
പാരിപ്പള്ളി സിവില്‍ പോലീസ് ഓഫീസര്‍ മണിയന്‍പിള്ള വധക്കേസില്‍ ആട് ആന്റണി കുറ്റക്കാരനെന്ന് കൊല്ലം സെഷന്‍സ് കോടതി കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു.
കൊലപാതകം (ഐപിസി 302), കൊലപാതക ശ്രമം (307), തെളിവു നശിപ്പിക്കല്‍ (201), വ്യാജരേഖ ചമയ്ക്കല്‍ (468), വ്യാജരേഖ യഥാര്‍ഥ രേഖയെന്ന തരത്തില്‍ ഉപയോഗിക്കല്‍ (471), ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പരിക്കേല്‍പ്പിക്കല്‍, ഔദ്യോഗിക കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടല്‍ (224) എന്നീ ഏഴു കുറ്റങ്ങളാണു ആന്റണിക്കെതിരെ ചുമത്തിയിരിക്കുന്നത്.
8 രേഖകളും 30 സാക്ഷികളേയും പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ഹാജരാക്കി. ഇയാള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് തന്നെയായിരുന്നു പ്രോസിക്യൂഷന്‍ വാദം. ആട് ആന്റണിക്ക് തൂക്കുകയര്‍ നല്‍കണമായിരുന്നെന്ന് മണിയന്‍പിള്ളയുടെ ഭാര്യ സംഗീത പറഞ്ഞു.
2012 ജൂണ്‍ 26 നാണ് കേസിനാസ്പദമായി സംഭവം നടന്നത്. കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്റണിയെ ഗ്രേഡ് എസ്.ഐ ജോയി പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു.
വാനിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് ആന്റണി ജോയിയേയും മണിയന്‍പിള്ളയെയും കുത്തി. മണിയന്‍പിള്ള തല്‍ക്ഷണം മരിച്ചു. ജോയി പരുക്കുകളോടെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
പൊലീസ് പിന്‍തുടര്‍ന്നതിനാല്‍ വാന്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു ആന്റണി. പാരിപ്പള്ളി ജവഹര്‍ ജംക്ഷനില്‍ വാഹനപരിശോധനയ്ക്കിടെ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തിയിട്ട് രക്ഷപെട്ട ആട് ആന്റണിയെ മൂന്നര വര്‍ഷത്തിന് ശേഷം കഴിഞ്ഞ ഒക്ടോബര്‍ 13ന് പാലക്കാട് തിമിഴ്‌നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തുവെച്ചാണ് പൊലീസ് പിടികൂടുന്നത്.
കൊലയ്ക്കു ശേഷം രക്ഷപെട്ട ആട് ആന്റണി തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പലപേരിലും പല വേഷത്തിലുമാണ് ഒളിവില്‍ കഴിഞ്ഞത്. ആന്റണിയുടെ പലവേഷങ്ങളിലുള്ള ഫോട്ടകള്‍ ഉള്‍പ്പടെ രാജ്യത്തിന്റെ പല ഭാഗത്തും പൊലീസ് നോട്ടീസ് പതിച്ചപ്പോഴും മറ്റു വേഷങ്ങളില്‍ ആന്റണി ഒളിവില്‍ കഴിഞ്ഞിരുന്നു.
ഒളിവില്‍ കഴിയുമ്പോളും മോഷണം തുടര്‍ന്ന് ആന്റണി തമിഴ്‌നാട്ടിലെ ധാരാപുരത്ത് രാജേന്ദ്രന്‍ എന്ന പേരിലാണ് ഏറ്റവും കൂടുതല്‍ താമസിച്ചത്. ഇതിനിടെ ചെന്നെയില്‍ പിടിയിലായെങ്കിലും രക്ഷപെട്ടു. ഒടുവില്‍ പാലക്കാട് ഗോപാലപുരത്ത് ഭാര്യയെ കാണാന്‍ എത്തിയപ്പോള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. ആദ്യം രക്ഷപെടാന്‍ ശ്രമിച്ച ആന്റണി പിന്നീട് പൊലീസിന് കീഴടങ്ങുകയായിരുന്നു.