കൊല്ലം: പോലീസുകാരനായ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനായ ആട് ആന്റണിയുടെ ഒരു ധനസഹായവും തങ്ങള്‍ക്ക് വേണ്ടെന്ന് മണിയന്‍പിള്ളയുടെ കുടുംബം.
ആന്റണിയുടെ കയ്യിലുള്ളത് കളവു മുതലാണെന്നും അതു തങ്ങള്‍ക്കു വേണ്ടെന്നും കുടുംബം വ്യക്തമാക്കി. ആട് ആന്റണിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും മണിയന്‍പിള്ളയുടെ കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
അതേസമയം, ശിക്ഷാവിധി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വിധി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പിനകത്തു പ്രവേശിച്ചാല്‍ തടയുമെന്നും അഭിഭാഷകര്‍ ജഡ്ജിയെ അറിയിച്ചു. ഇതേത്തുടര്‍ന്നു കോടതി പരസിരത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിച്ചിട്ടുണ്ട്.
പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ ജോയിയെ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ആട് ആന്റണിയുടെ ശിക്ഷ അല്‍പസമയത്തിനകം പ്രഖ്യാപിക്കും. കൊല്ലം സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിക്കുക.