Entertainment
അവരൊരു വലിയ സൂചന തന്നിട്ടുണ്ട്.. ഷാജി പാപ്പൻ വരുന്നു..മലയാളത്തിൽ ഇനി ആടുകാലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 16, 02:59 pm
Saturday, 16th March 2024, 8:29 pm

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ വലിയ ഫാൻ ഫോളോവിങ് ഉള്ള ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ്. മിഥുൻ മാനുവൽ തോമസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം അന്ന് ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

എന്നാൽ ചിത്രത്തിന്റെ ഡി.വി.ഡി റിലീസിന് പിന്നാലെ വലിയ സ്വീകരണമായിരുന്നു ആടിന് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. ഷാജി പാപ്പൻ, അറക്കൽ അബു, സാത്താൻ സേവ്യർ, ഡ്യൂഡ്, സർബത്ത് ഷമീർ തുടങ്ങി ഓരോ കഥാപാത്രങ്ങൾക്കും വലിയ ആരാധക പിന്തുണ ഒരു സിനിമയിൽ നിന്നു തന്നെ നേടുക എന്നത് ചെറിയ കാര്യമല്ല.

രണ്ടു വർഷങ്ങൾക്കു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2വും മിഥുൻ മാനുവൽ ഒരുക്കി. ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗം വമ്പൻ വിജയമായ ചരിത്രമായിരുന്നു അന്ന് മലയാളികൾ കണ്ടത്. സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമായി. മൂന്നാം ഭാഗത്തിനുള്ള സാധ്യത ബാക്കി വെച്ചായിരുന്നു അന്ന് ആട് പോയത്.

എന്നാൽ ഇന്ന് വർഷങ്ങൾക്ക് ശേഷം വലിയൊരു സൂചന തന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഷാജി പാപ്പനും പിള്ളേരും വീണ്ടും വരും. പുതിയൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആട് 3 വരുമെന്ന് മിഥുൻ മാനുവൽ പറയുന്നത്. ചിത്രത്തിൽ ആടുകളെ കയ്യിൽ പിടിച്ച് നിൽക്കുന്ന ജയസൂര്യ, മിഥുൻ മാനുവൽ, വിജയ് ബാബു എന്നിവരെ കാണാം.

‘പാപ്പനും പിള്ളേരും വീണ്ടും വരുവാ കേട്ടോ ഇനി അങ്ങോട്ട് ആടുകാലം’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ്‌ ചെയ്ത ചിത്രം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നാണ് ആട് 2.

മലയാള സിനിമ ഏറ്റവും നല്ല സമയത്തുള്ള ഈ നേരത്ത് ആട് 3യുടെ പ്രഖ്യാപനം പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

Content Highlight: Aadu 3 Is Coming