ഡൂള്‍ന്യൂസ് തിയ്യറ്റര്‍ റേറ്റിംഗ്: 4/5
ചിത്രം: ആട് ടു
സ്റ്റാറിംഗ്: ജയസൂര്യ
സംവിധായകന്‍: മിഥുന്‍ മാനുവല്‍ തോമസ്
തിരക്കഥ: മിഥുന്‍ മാനുവല്‍ തോമസ്
നിര്‍മ്മാണം: വിജയ് ബാബു
സംഗീത സംവിധാനം: ഷാന്‍ റഹ്മാന്‍
ഛായാഗ്രഹണം: വിഷ്ണു നാരായണന്‍
ആട് ഒരു ഭീകര ജീവിയാണ്. ടൊറന്റും സോഷ്യല്‍ മീഡിയയും ഉള്ളതു കൊണ്ട് മാത്രം ഉയിര്‍ത്തെഴുന്നേറ്റ സിനിമയാണ്. തിയ്യറ്ററുകളില്‍ പരാജയമായിരുന്ന ചിത്രത്തിന് പക്ഷെ സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത് വന്‍ സ്വീകരണമായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും കള്‍ട്ട് ആരാധകരുണ്ടായി. തിയ്യറ്ററില്‍ കണ്ട് കൂവി വിളിച്ചവര്‍ തന്നെ ഷാജി പാപ്പന്റേയും പിള്ളേരുടേയും കട്ട ഫാന്‍സ് ആയി മാറുന്നതായിരുന്നു പിന്നീട് കണ്ടത്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു പരാജയപ്പെട്ട സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നില്‍ സോഷ്യല്‍ മീഡിയ നല്‍കിയത് സമാനാതകളില്ലാത്ത സ്വീകരണമായിരുന്നു.
ചിത്രം പുറത്തിറങ്ങും മുമ്പു തന്നെ സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസും നടന്‍ ജയസൂര്യയുമെല്ലാം ലോജിക്ക് പുറത്ത് വച്ച് കയറണമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ലോജിക്കിനേയും കീറിമുറിക്കാനുള്ള കത്രികയേയുമെല്ലാം നേരത്തെ തന്നെ നാലായി മടക്കി വെച്ചാണ് ആട് ടൂവിന് കയറിയത്. ആട് കണ്ട് നിര്‍ത്താതെ ചിരിച്ച പൊട്ടിച്ചിരികള്‍ മാത്രം മതിയായിരുന്നു അങ്ങനെയൊരു തീരുമാനത്തിലെത്താന്‍. ആദ്യത്തെ ഒരു പത്ത് മിനുറ്റ് നേരത്തെ ശാന്തതയ്ക്ക് പിന്നാലെ പാപ്പനും പിള്ളേരും അവതരിക്കുകയാണ്. പിന്നീടങ്ങോട്ട് ക്ലൈമാക്‌സും ടെയില്‍ എന്റും വരെ ചിരിയ്ക്ക് ഇടവേളയില്ല. ഫുള്‍ സ്പീഡില്‍ നിര്‍ത്താതെയുള്ള പോക്കാണ് പാപ്പന്റെ ചിരിവണ്ടി.
ഒന്നാം ഭാഗത്തു നിന്നും രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ ലോലന്‍ ഒഴികെയുള്ള കഥാപാത്രങ്ങള്‍ക്കൊന്നും യാതൊരു മാറ്റവുമില്ല. ( ലോലന്‍ ആളൊന്ന് മിനുങ്ങി മാസായിട്ടുണ്ട്). അബുവും ക്ലീറ്റസും സര്‍ബത്ത് ഷമീറും ഡൂഡും സാത്താന്‍ സേവിയറുമെല്ലാം രണ്ട് കൊല്ലം മുമ്പ് കണ്ടപ്പോള്‍ ഉണ്ടായിരുന്ന അതേ മണ്ടന്മാര്‍ തന്നെ. പാപ്പനാണേല്‍ പിന്നെ മുണ്ടിന്റെ സ്റ്റൈലൊന്ന് മാറ്റിയെന്നല്ലാതെ മാസിനും കോമഡിയക്കും യാതൊരു കുറവുമില്ല. അബു ഒന്നുകൂടൊന്ന് തെളിഞ്ഞിട്ടുമുണ്ട്. ലോലന്‍ മാസായെങ്കിലും കോമഡിയ്ക്ക് പഞ്ഞമൊന്നുമില്ല. അപ്പോ പറഞ്ഞ് വന്നത് ലോജിക്കിനെ കുറച്ചായിരുന്നു. ലോജിക്ക് പടിക്ക് പുറത്തു വച്ച് കയറിയാലും കൂടെ കൂട്ടിയാലും ഒരു പ്രശ്‌നവുമില്ല. ചിരിക്കുന്നതിനിടയില്‍ ചിന്തിക്കാന്‍ ഗ്യാപ്പ് കിട്ടിയാല്‍ മാത്രമല്ലേ ലോജിക്കിനെ കുറിച്ച് ആലോചിക്കാന്‍ പറ്റൂ. കഷ്ടപ്പെട്ട് ആരെങ്കിലും അതിന് മുതിര്‍ന്നാലും തരക്കേടില്ല.
ഒന്നാം ഭാഗത്തില്‍ പിങ്കിയാടും നീലകൊടുവേലിയുമായിരുന്നു പാപ്പന് നേരിട്ട പ്രശ്‌നങ്ങള്‍. ( നടുവേദന പണ്ടേ കൂടെയുണ്ടായിരുന്നല്ലോ?) രണ്ടാം ഭാഗത്തില്‍ നോട്ട് നിരോധനവും പ്രാരാബ്ധവുമൊക്കെയാണ് പാപ്പന്റെ പ്രതിസന്ധികള്‍. നടുവേദനയ്ക്കിപ്പോഴും കുറവൊന്നുമില്ലട്ടോ. നോട്ട് നിരോധനം രാജ്യം മൊത്തം നേരിട്ട വെല്ലുവിളിയാതിനാല്‍ സാത്താന്‍ സേവ്യറും ഡൂഡും ഷമീറുമെല്ലാം അതിന്റെ ഇരകളാണ്. ഒന്നാം ഭാഗം ഇറങ്ങിയിട്ട് ഇത്രയും നാളയെന്ന് ഒരിക്കല്‍ പോലും തോന്നാത്ത വിധത്തിലാണ് മിഥുന്‍ കഥ പറഞ്ഞ് പോകുന്നത്. കഥാപാത്രങ്ങളൊക്കെ അതേ താളവും ഒഴുക്കുമുള്ളതു തന്നെയാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ഇന്റ്രോ സീനും പഞ്ച് മ്യൂസിക്കുമായിരുന്നു ഒന്നാം ഭാഗത്തിന്റെ സവിശേഷത. അതു തന്നെയായിരുന്നു ഓരോ കഥാപാത്രങ്ങളേയും ആരാധകര്‍ക്കിടയില്‍ കള്‍ട്ടാക്കി മാറ്റിയതും. രണ്ടാം ഭാഗത്തിലും അതങ്ങനെ തുടരാന്‍ സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ചെമ്പന്‍ വിനോദിന്റെ കഥാപാത്രമൊഴികെയുള്ള എല്ലാവരും രണ്ടാം ഭാഗത്തിലുമുണ്ട്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന ആശാനിന്ന് മന്ത്രിയാണ്. ആശാനായി ഇന്ദ്രന്‍സ് തന്റെ പഴയകാല തമാശ രംഗങ്ങളിലെ ചടുലതും ടൈമിംഗുമൊക്കെ ഓര്‍മ്മിപ്പിക്കുന്നു. സര്‍ബത്ത് ഷമീറിന്നും പാപ്പനും പിള്ളേര്‍ക്കും പേടി സ്വപ്‌നമാണ് (തിരിച്ചും). ഹൈറേഞ്ചിലെ രാജാവായി സാത്താന്‍ സേവിയറായി സണ്ണിവെയ്‌നും പൊരിക്കുന്നുണ്ട്. ഒന്നാം ഭാഗത്തില്‍ നിന്നും രണ്ടാം ഭാഗത്തിലേക്ക് ആട് എത്തുമ്പോള്‍ വിനായകന്‍ എന്ന നടന്റെ വളര്‍ച്ച വളരെ വലുതാണ്. ചിത്രത്തിലെ നായകന്‍ ജയസൂര്യയേക്കാള്‍ ഒരുപക്ഷെ ജനപ്രീതിയും അംഗീകാരവും വിനായകന്‍ നേടിയെടുത്തിട്ടുണ്ട്. ആ സ്റ്റാര്‍ വാല്യൂവിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് മാത്രമല്ല വിനായകനിലെ കോമിക് എലമെന്റ് ഒന്നുകൂടൊന്ന് തെളിഞ്ഞ് വന്നിട്ടുമുണ്ട്. ദിസ് ഈസ് മൈ എന്റര്‍ടെയ്‌മെന്റ് സീനിന് കയ്യടിക്കാതെ തരമില്ല.
എല്ലാ കഥാപാത്രങ്ങളും അവരവരുടെ റോളുകളെ ആത്മാര്‍ത്ഥമായി അവതരിപ്പിക്കുമ്പോഴും ചിത്രത്തിന്റെ നട്ടെല്ല് ജയസൂര്യയുടെ ഷാജി പാപ്പന്‍ തന്നെയാണ്. പാവത്തിന്റെ നടുവേദന മാറിയിട്ടില്ലെങ്കിലും സിനിമയുടെ ഭാരം മുഴുവന്‍ ആ നടുവും വെച്ച് പാപ്പന്‍ ചുമക്കുന്നുണ്ട്. മാസ് എന്‍ട്രി മുതല്‍ അതിലും മാസായ ക്ലൈമാക്‌സ് വരെ ജയസൂര്യ ഒരിക്കല്‍ പോലും പാപ്പനില്‍ നിന്നും വഴിതെറ്റുന്നില്ല. മാസും കോമഡിയും കൃത്യമായി തന്നെ പാപ്പനില്‍ സമന്വയിച്ചിരിക്കുന്നു. പിന്നെ, ആദ്യ ഭാഗത്തിലെ താരമായ പിങ്കിയാട് പാപ്പന്റെ വീട്ടില്‍ കുടുംബസമേതം ഉണ്ട്‌ട്ടോ.
ചിത്രത്തിന്റെ ബി.ജി.എം മുതല്‍ കളര്‍ കോഡും ആമ്പിയന്‍സും വരെ അതേ പടി നിലനിര്‍ത്തിയ മിഥുന്‍ മാനുവലിന്റെ സംവിധാന മികവിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ഓരോ കഥാപാത്രത്തെ അടുത്തറിഞ്ഞ് രചിച്ചിരിക്കുന്ന തിരക്കഥയും ചളികള്‍ക്കപ്പുറത്തെ ചിരിയും കൂടിചേരുമ്പോള്‍ ആട് ടൂ ഈ വര്‍ഷത്തെ ഏറ്റവും മികച്ച എന്റര്‍ടെയിനറായി മാറുന്നു. ഹൈറേഞ്ചിന്റെ ഭംഗി പകര്‍ത്തിയ ഹെലിംകാം ഷോട്ടുകളുമൊക്കെയായി ക്യാമറാ വര്‍ക്കും മനോഹരം. ഷാന്റെ മ്യൂസിക്ക് ചിത്രത്തിന്റെ ആത്മാവാണ്. പ്രകടനത്തില്‍ ജയസൂര്യയും വിനായകനും സൈജു കുറുപ്പുമാണ് ആദ്യ സ്ഥാനങ്ങളില്‍.
മൊത്തത്തില്‍ ഒന്നാം ഭാഗത്തിന്റെ പകരം പാപ്പനും പിള്ളേരും രണ്ടാം ഭാഗത്തില്‍ വീട്ടുന്നു. പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗമിറക്കി അന്ന് കൂവി വിളിച്ചവര്‍ക്കുള്ള മറുപടി നല്‍കിയ മിഥുന്‍ മാനുവലെന്ന സംവിധായകനാണ് യഥാര്‍ത്ഥ താരം. രാഷ്ട്രീയ വിഷയങ്ങളെ ഹാസ്യവത്കരിക്കാനുള്ള മിഥുന്റെ കഴിവ് ഓരോ സിനിമകള്‍ കഴിയുന്തോറും നന്നായി വരുന്നുണ്ട്. അവസാന വാക്കായി പറയാനുള്ളത്, മിഥുന്‍ പറഞ്ഞതുപോലെ തന്നെ റിവ്യൂകളില്‍ വീഴാതെ തിയ്യറ്ററില്‍ പോയി തന്നെ കാണേണ്ട പൂരമാണ് ആട് ടു.