| Saturday, 9th April 2016, 3:48 pm

കേരളത്തിലെ ആദിവാസി മുന്നേറ്റങ്ങളും സി.കെ ജാനുവിന്റെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിത്വവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സി.കെ ജാനു ചെകുത്താന്‍ മുന്നണിയിലാണെന്നു വിഷമിക്കുന്നവര്‍ 70കളില്‍  അതിജീവനത്തിന്റെ പേര് പറഞ്ഞു സംഘപരിവാര്‍ കൂടിയുള്‍പെട്ട ജനസംഘത്തിന്റെ തോളത്തു കയ്യിട്ടതും തെരഞ്ഞെടുപ്പില്‍ കെ.ജി മാരാരെ പിന്തുണച്ചതും ഒന്നോര്‍ക്കുന്നത് നല്ലതായിരിക്കും. ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്നു ഇതിനു മുമ്പു കേരളത്തില്‍ പറഞ്ഞിട്ടുള്ളയാള്‍ പലരുടെയും ആചാര്യനായ “ഈ.എം.എസ് നമ്പൂതിരിപാടാണ്”



ഒപ്പീനിയന്‍  / ദിനില്‍


ആദിവാസികളെ സ്വസ്ഥമായി ജീവിക്കാന്‍ വിട്ടാല്‍ ആദിവാസികള്‍ രക്ഷപ്പെടും എന്നു വിശ്വസിക്കുന്ന നിരവധിപേര്‍     നമ്മുടെ നാട്ടിലുണ്ട്. ആദിവാസികളെ പശ്ചിമഘട്ടത്തിലെ തടവുകാരാക്കി മാറ്റി, അയ്യായിരത്തോളം വരുന്ന കോളനികളിലെക്ക് ഒതുക്കിയത്തിനു ദീര്‍ഘമായ ചരിത്രമുണ്ട്. കൊളോനിയലിസം, ആദിവാസികളെ അടിമാകളാക്കിയ ജാതിവ്യവസ്ഥ, ബ്രിട്ടീഷ് വനനിയമം, ബ്രിട്ടീഷ് വനനിയമം ഇന്നും തുടരുന്ന വനം വകുപ്പ്, ഇവരെല്ലാം കേരളത്തില്‍ സ്ഥാപിച്ചെടുത്ത വമ്പന്‍ എസ്‌റ്റേറ്റുകള്‍, ഈ വന്‍കിട എസ്റ്റെറ്റുകളെ ഒഴിവാക്കി കൊളോണിയല്‍ താല്പര്യങ്ങള്‍ക്ക് പോറലേല്‍പ്പിക്കാതെ നടപ്പാക്കിയ ഭൂപരിഷ്‌കരണവും കോളനി വല്‍ക്കരണവും, വന്‍കിട അണക്കെട്ടുകളും വികസന പദ്ധതികളും, മധ്യതിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റം, വിദേശ ഫണ്ടിങ് പദ്ധതിയും രാഷ്ട്രീയ ദല്ലാളുകളുടെ വിഭവക്കൊള്ളയും തുടങ്ങി അതിവിപുലമായ സാമ്പത്തിക രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണ് ഇന്നത്തെ ആദിവാസികളുടെ ദു:സ്ഥിതി.”  ആദിവാസികളെ കുറിച്ചുള്ള പി.വത്സലയുടെ ദുസ്വപ്നങ്ങള്‍ -എം.ഗീതാന്ദന്‍ (മാതൃഭൂമി ആഴ്ചപതിപ്പ്, ഏപ്രില്‍ 10)

തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ഡിഗ്രി കഴിഞ്ഞു ഹൈറോഡിലെ എസ്‌കൊട്ടലിന്റെ ഓഫീസില്‍ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്ന നാളുകളിലെ ഒരു ചായകുടിക്കിടയിലാണ് ഈവനിംഗ് പത്രമായ രാഷ്ട്രദീപികയില്‍ നിന്നും ഞാനാ വാര്‍ത്ത ആദ്യമായി വായിക്കുന്നത്. മുത്തങ്ങയില്‍ ആയുധങ്ങളുമായി ഭൂമി “കയ്യേറുകയും” ഫോറസ്റ്റ് ഓഫിസര്‍മാരെ ബന്ധികളാക്കുകയും ചെയ്ത കേരളത്തിലെ ആദിവാസികള്‍ എന്ന ഭീകരരെ ആന്റണിയുടെ പോലീസ് അതി സാഹസികമായി പിടികൂടി എന്നായിരുന്നു വാര്‍ത്തയുടെ ചുരുക്കം.

പോലീസ് വെടിവെപ്പില്‍ ആദിവാസി കൊല്ലപെട്ടതെല്ലാം പിന്നീടാണ് അറിയുന്നത്. ആ നാളുകളില്‍ ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു: എന്തിനായിരിക്കും ആദിവാസികള്‍ ഭൂമി കയ്യേറിയത് എന്നുള്ളത്. പിന്നീടുള്ള അന്വേഷങ്ങളില്‍ അവരുടെ ഭൂമിയും ആവാസ വ്യവസ്ഥയും ഭൂമിയെന്ന അധികാര വസ്തുവിന്റെ വിലയറിയുന്ന മ്യാനന്മാര്‍ (ചിലര്‍ നാട്ടുകാര്‍ എന്നും വിളിക്കും) കയ്യേറിയിരിക്കുന്നുവെന്നും പതുക്കെ മനസിലായി.

അന്ന് ഭരിക്കുന്ന മുന്നണി വലതു മുന്നണിയായിരുന്നതു കൊണ്ടു എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും എന്ന “വിശ്വാസത്തില്‍” ആ അതിജീവന സമരത്തെ വഴിയിലുപേക്ഷിച്ചു ഞാന്‍ എന്റെ കാര്യമന്വേഷിച്ചു ജീവിക്കാന്‍ തുടങ്ങി. വളരെ കാലത്തിനു ശേഷമാണെങ്കിലും ഇനിയതിനു കഴിയില്ലെന്നും തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഉള്ളതല്ലെന്നുമുള്ള തിരിച്ചറിവുണ്ടായിരിക്കുന്നു. അതു ആദിവാസികളുടെ തന്തയാകാനോ മറിച്ചു ഉത്തരാധുനികന്‍ ആകാനുള്ള വ്യഗ്രത കൊണ്ടോ അല്ല.

ആധുനികര്‍ പോലും സത്യസന്ധമായി സമീപിക്കാത്ത അതിന്റെ സിവില്‍ / ക്രിമിനല്‍ നിയമങ്ങള്‍ പൂര്‍ണ്ണമായും ബോധ്യമില്ലാത്ത ഒരു Indigenous community യോടുള്ള ഐക്യപെടലാണതു. ആധുനികരായാലും ഉത്തരാധുനികരായാലും പുസ്തകതാളുകള്‍ നോക്കി എന്തൊക്കെ നിരീക്ഷിച്ചാലും ഈ വിഷയത്തില്‍ എന്റെ നിലപാട് തല്‍ക്കാലം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. മധ്യവര്‍ഗ ഉത്കണ്ഠകളുടെ പ്രശ്‌നമല്ല ആദിവാസി ഭൂപ്രശ്‌നം. മധ്യവര്‍ഗ്ഗ വോട്ടുകള്‍ക്കേവേണ്ടി ആദിവാസി ജീവിതത്തെ ഒറ്റുകൊടുത്തവര്‍ക്ക് അതിനെ കുറിച്ചു പറയാന്‍ അര്‍ഹതയില്ല.

70 കള്‍ക്ക് ശേഷം ഭൂപരിഷ്‌ക്കരണത്തിന്റെ തുടര്‍ച്ചയില്ലാതായതാണ് തോട്ടം മേഖലയിലെ പ്രശ്‌നമെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന ഒരു ലേഖനം ഓണ്‍ലൈനില്‍  കഴിഞ്ഞ ദിവസം വായിച്ചു. 1970 കഴിഞ്ഞു നിരവധി വര്‍ഷങ്ങള്‍ ഭരണത്തില്‍ ഉണ്ടായിരുന്നിട്ടും തോട്ടം മേഖലയില്‍ ഒന്നും ചെയ്യാതിരുന്നവരാണിത് പറയുന്നതെന്ന് ഓര്‍ക്കണം. ഇതെഴുതിയ ആളുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മുഖ്യമന്ത്രിയായിരുന്ന വേളയില്‍ രണ്ടാം ഭൂപരിഷ്‌ക്കരണം ആവശ്യമാണെന്നു പറഞ്ഞപ്പോള്‍ (മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സമയം) അതിനി നടക്കില്ലെന്ന് പറഞ്ഞത് അവരുടെ തന്നെ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. പാര്‍ട്ടി ബുദ്ധിജീവിയാണെന്നു അറിയപ്പെടുന്ന ആള്‍ രണ്ടാം ഭൂപരിഷ്‌കരണത്തിനെതിരെ  ലേഖനമെഴുതുകയുമുണ്ടായി. അങ്ങിനെ അതവിടെ തീരുന്നു. ഇടയ്ക്കിടയ്ക്കു ഭരിച്ച കോണ്‍ഗ്രസ്സ് മുന്നണിയുടെ കാര്യം പതിവ് പോലെ ഒന്നും പറയാനില്ല!


ഗോത്രമഹാസഭ മുന്നോട്ടു വെച്ചിരുന്ന മുദ്രാവാക്യം കേവലം ഭൂമി എന്നുള്ളതു മാത്രമായിരുന്നില്ല. ആദിവാസി ഭൂമി ഇനിയൊരിക്കലും നഷ്ടപെട്ടു പോകാതിരിക്കാന്‍ അവയെ പട്ടികവര്‍ഗ മേഖലയായി പ്രഖ്യാപിക്കുക, പെസ (പഞ്ചായത്തു രാജ് വ്യവസ്ഥകള്‍  പട്ടികവര്‍ഗ മേഖലയിലേക്ക് വ്യാപിപിക്കല്‍) നിയമം 1996 നടപ്പാക്കി ആദിവാസി ഗ്രാമസഭകള്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നിവയും പ്രധാന ആവശ്യങ്ങളായിരുന്നു.


ഭൂമിയുടെ രാഷ്ട്രീയവും സ്വയം ഭരണവും

ഭൂമിയെന്നതു മനുഷ്യന്റെ അന്തസിന്റെയും അതിജീവനത്തിന്റെയും ഉപജീവനത്തിന്റെയും ദൃശ്യതയുടെയും സ്വപ്നങ്ങളുടെയും രാഷ്ട്രീയമാണ്. നിങ്ങള്‍ വാടകയ്ക്ക് താമസിച്ചിട്ടുണ്ടോ? എന്തെങ്കിലും സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാനായോ, റേഷന്‍ കാര്‍ഡ് ലഭിക്കാനായോ എന്തിനു ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് ലഭിക്കാനായോ ഒറ്റയ്ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ പോയിട്ടുണ്ടോ. ബാങ്കുകളില്‍ നിന്നും ഒരു ലോണിനു അപേക്ഷിച്ചിട്ടുണ്ടോ. ഉണ്ട് എന്നാണു ഉത്തരമെങ്കില്‍ അപ്പോള്‍ നിങ്ങള്‍ ഒരുപക്ഷെ ഓര്‍ത്തുകാണും ഒരു തുണ്ടു ഭൂമിയുണ്ടായിരുന്നുവെങ്കിലെന്നു? അല്ലെങ്കില്‍ മറ്റൊരാളുടെ (പലപ്പോഴും കക്ഷി രാഷ്ട്രീയക്കാരുടെ) കാരുണ്യം നിറഞ്ഞ പ്രവൃത്തിക്കായി കാത്തിരിക്കുകയായിരിക്കും വിധി!

ചുരുക്കി പറഞ്ഞാല്‍ ഒരിടത്തും ഐഡന്റിറ്റി ഇല്ലാതെ വിസിബിലിറ്റി ഇല്ലാതെ ജീവിക്കേണ്ടി വരുന്ന മനുഷനാവുക എന്നുള്ളതു അനുഭവിച്ചറിയേണ്ട കാര്യമാണ്. സ്വന്തം വീടുണ്ടായിട്ടും മറ്റുകാരണങ്ങളാല്‍ വാടകയ്ക്ക് ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരുടെ അവസ്ഥ ഇതാണെങ്കില്‍ സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവരുടെ അവസ്ഥ എന്തായിരിക്കും. ഒരു മനുഷ്യന്‍ ജീവനോടെ ഉണ്ടെന്നുള്ള അവസ്ഥ, സ്ഥിതി, നിലനില്‍പ്പ്, ഉണ്മ, ഐഡന്റിറ്റി എന്നിവയെല്ലാം ഇന്ത്യന്‍ ഭരണ സംവിധാനത്തിനകത്ത് ഭൂമിയുമായി ബന്ധിതമാണ്.

അടുത്തപേജില്‍ തുടരുന്നു


നിയാംഗിരി കുന്നുകളില്‍ നിന്നും വേദാന്തഎന്ന മൈനിംഗ് കോര്‍പ്പറേറ്റിനെ ഓടിപ്പിച്ചത് അവിടുത്തെ പെസഗ്രാമ സഭകള്‍ ആയിരുന്നു. ഒരു പക്ഷെ അത്തരത്തില്‍ അധികാരം ആദിവാസിക്ക് ലഭിക്കുന്നത് ഭയക്കുന്നതു കൊണ്ടു കൂടിയായിരിക്കണം പെസ ഗ്രാമ സഭകള്‍ കേരളത്തില്‍ ഇത്രയും നാള്‍ അനുവദിക്കാതിരുന്നത്.


ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന അര്‍ദ്ധ ഫ്യൂഡല്‍ വ്യവസ്ഥയുടെയും ചരിത്ര സംഭവങ്ങളുടെയും പിന്‍പറ്റി ഭൂമിയില്ലാത്തവരോട് കാണിക്കേണ്ട സഹതാപത്തിന്റെ പ്രശ്‌നമല്ലത്! ഭൂമിയില്ലാത്തവന് അര്‍ദ്ധ ഫ്യൂഡല്‍ വ്യവസ്ഥ തകരുന്ന നാളില്‍ “സ്വാഭാവികമായും” ലഭിക്കേണ്ട ആനുകൂല്യവുമല്ല!  സ്വന്തമായി കൃഷി ചെയ്യുവാനും വിപണിയില്‍ വില്പന നടത്തുവാനും പൊളിറ്റിക്കല്‍ എക്‌ണോമിയില്‍ ഇടപെടുവാനുമുള്ള അവസരമുണ്ടാകണം.

ആ മനുഷ്യര്‍ക്ക് നിങ്ങളെ പോലെ തന്നെ ഇതേ രാജ്യത്തു പണിയെടുക്കാനും ജീവിക്കാനുമുളള അവസരം ഉണ്ടാകണം. അതിനു അവര്‍ക്കു ഭൂമി വേണം. നിങ്ങള്‍ക്ക് എന്തിനെല്ലാം ഭൂമി ആവിശ്യമാണോ അതിനെല്ലാം അവര്‍ക്കും ഭൂമിവേണം. എന്നും കര്‍ഷക തൊഴിലാളി എന്ന ഓമന പേരില്‍ ഭൂരഹിതരായ കമ്യൂണിറ്റിയായി ആദിവാസികള്‍ ജീവിക്കണം എന്നു എന്താണിത്ര നിര്‍ബന്ധം?

കേരളത്തില്‍ ഭൂമി കയ്യേറിയ കര്‍ഷകര്‍ എന്നു വിളിപ്പേരുള്ള ഹൈറെഞ്ചിനെ സംരക്ഷിക്കുന്ന സമിതിക്കാര്‍ക്ക് കൊടുക്കാനായി ഭൂമിയും പട്ടയവും അധികാര വര്‍ഗ്ഗപാര്‍ട്ടികളുടെ കയ്യില്‍ ഇഷ്ടം പോലെയുണ്ടല്ലോ… ല്ലെ. അപ്പോള്‍ ആദിവാസികള്‍ക്കും കൊടുക്കണം. അല്ലെങ്കില്‍ അതു സാമൂഹ്യ നീതിയുടെ ലംഘനം ആകും. ആ അനീതിയുടെ ചരിത്രമാണ്  കേരളത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ടിനു പറയാനുള്ളത്.


 “സ്വാഭാവികാവകാശ” ത്തിന്റെ മറവില്‍ വെട്ടിപ്പിടുത്തമെന്ന പ്രഥമ വസ്തുതയെ മൂടിവെയ്ക്കാന്‍ അവര്‍ കഠിനമായി ശ്രമിച്ചിട്ടുണ്ടെന്ന് മാത്രമേ ഞാനിപ്പോള്‍ പറയുന്നുള്ളൂ. വെട്ടിപ്പിടുത്തം കുറച്ചു പേരുടെ സ്വാഭാവികാവകാശമാണെങ്കില്‍ കൂടുതല്‍ പേരെ സംബന്ധിച്ചിടത്തോളം , തങ്ങളില്‍നിന്നു പിടിച്ചെടുത്തത് തിരിച്ചു പിടിച്ചെടുക്കാനുള്ള സ്വാഭാവികാവകാശം ആര്‍ജ്ജിക്കാന്‍ വേണ്ടത്ര ശക്തി സംഭരിക്കുകയെ വേണ്ടൂ.”


ആദിവാസി നയമെന്നൊന്നില്ലാതിരുന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും മുന്നണികള്‍ക്ക് മുന്നില്‍ വിഭവങ്ങള്‍ പങ്കുവേക്കുന്നതിലെ തുല്യനീതി, അധികാരത്തിലെ പങ്കാളിത്തം,  ആദിവാസി സ്വയം ഭരണ പ്രദേശങ്ങളും പെസ നിയമവും തുടങ്ങിയ വിഷയങ്ങള്‍ ഗോത്ര മഹാസഭ മുന്നോട്ടു വെക്കുന്നു. വെറുതെ എന്തെങ്കിലും ആവിശ്യപ്പെടുന്നതിനു പകരമായി ഇക്കാര്യങ്ങള്‍ എങ്ങിനെ പ്രായോഗികമായി കേരളത്തില്‍ നടപ്പിലാക്കാമെന്നതിനെ കുറിച്ചുള്ള പ്രോഗ്രാം തയ്യാറാക്കി അതു അവതരിപ്പിക്ക കൂടിയുണ്ടായി.

മാത്രവുമല്ല, സെമിനാര്‍ ഹാളില്‍ ഇരുന്നു പ്രത്യയ ശാസ്ത്ര ക്ലാസെടുത്തു സ്വസ്ഥമായി വീട്ടില്‍ പോയി ഉറങ്ങുന്നതിനു പകരം തങ്ങള്‍ ഉന്നയിച്ച മാനിഫെസ്റ്റോ നടപ്പിലാക്കി തരാന്‍ ആവിശ്യപ്പെട്ടുകൊണ്ട് നീണ്ടു നില്‍ക്കുന്ന പോരാട്ടങ്ങള്‍ക്കും പ്രക്ഷോപങ്ങള്‍ക്കും രംഗത്തിറങ്ങുകയുണ്ടായി. ഭൂമിക്കു വേണ്ടിയുള്ള സമരം മാത്രമാണ് ഗോത്ര മഹാസഭ ചെയ്തിട്ടുള്ളതെന്നു പറയുന്നവര്‍ മുകളില്‍ പറഞ്ഞതു ഇനിയെങ്കിലും മനസിലാക്കുമെന്നു വിശ്വസിക്കുന്നു.

വിഭവങ്ങളുടെ മേലെ കേരളത്തിലെ ചില വരേണ്യ സമുദായങ്ങള്‍ക്ക് മാത്രമുണ്ടായിരുന്ന അധികാരത്തെ ഗോത്രമഹാ സഭയുടെ നേതൃത്വത്തില്‍ കേരളത്തിലെ ആദിവാസികള്‍ ചോദ്യം ചെയ്തു. ചൂഷണം എന്നുള്ളതു ഫാക്റ്ററി മുതലാളിമാര്‍ “മാത്രം” നടത്തുന്നതാണെന്ന യുറോപ്യന്‍ മോഡല്‍ കമ്യൂണിസ്റ്റ് പരികല്പനകളെ ഇന്ത്യന്‍ സാഹചര്യത്തില്‍ വിശേഷിച്ചു കേരളീയ സാഹചര്യത്തില്‍ ഗോത്രമഹാ സഭ ചോദ്യം ചെയ്തു.

ആദിവാസികളെ സംബന്ധിച്ച് ചൂഷണം എന്നുള്ളതു ഒരിക്കലും തൊഴില്‍ രംഗത്തെ ചൂഷണം മാത്രമായിരുന്നില്ല. അധീശത്വ സമൂഹവും അവരുടെ കാവല്‍ പടയാളികളായി മാറിയ ഭരണകൂട സംവിധാനങ്ങളും ഒരേ രാജ്യത്ത് ജീവിക്കുന്ന മനുഷ്യരില്‍ ചിലര്‍ കൂടുതല്‍ സമന്മാര്‍ ആണെന്നുള്ള സ്ഥിതിയുണ്ടാക്കി. ആ നഗ്‌ന സത്യം മൂന്നു പതിറ്റാണ്ട് നീണ്ടു നിന്ന തുടര്‍ പോരാട്ടങ്ങളിലൂടെ ആദിവാസി ഗോത്ര മഹാസഭ കേരളത്തിലെ ജനാധിപത്യ മനസുകളോട് വിളിച്ചു പറഞ്ഞു. വിഭവാധികാരത്തിനും സാമൂഹിക നീതിക്കും, സ്വയംഭരണത്തിനും വേണ്ടിയുള്ള അവരുടെ സമരങ്ങളായിരുന്നു അതുവരെയുണ്ടായിരുന്ന പല രാഷ്ട്രീയ സ്‌കൂളുകളെയും വിറപ്പിച്ചത്.

ചിലരെങ്കിലും സ്വയം വിമര്‍ശനപരമായി അതിനെ സമീപിക്കുകയും ചെയ്തു. ഈ സമരങ്ങള്‍ നടക്കുമ്പോഴെല്ലാം ജനാധിപത്യ വിശ്വാസികളേയും നീതിബോധമുള്ള ലിബറല്‍ മനസുകളെയും അകറ്റി ദൂരെ നിറുത്തുകയുണ്ടായില്ലെന്നതും എല്ലാവരുമായി സമര സംവാദത്തിലേര്‍പ്പെടാന്‍ ഗോത്ര മഹാസഭയ്ക്കായതും ശ്രദ്ധേയമായ കാര്യങ്ങളായിരുന്നു. തങ്ങളോട് സംസാരിക്കാന്‍ വരുന്ന ആരുമായും ഒരു സംവാദത്തിനു തയ്യാറാണ് എന്നുള്ളതായിരുന്നു നില്‍പു സമരം നടക്കുമ്പോഴും അവരെടുത്തിരുന്ന നിലപാട്. രാഷ്ട്രീയ മലയാളി നാളിതു വരെ കണ്ടു പഴകിയിരുന്നില്ലാത്ത പുതിയൊരു ജനാധിപത്യ സമീപനം ആയിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്.

ഭൂമിയുടെ രാഷ്ട്രീയത്തെ കുറിച്ച് മാര്‍ക്‌സ് പറയുന്ന വരികള്‍ നോക്കൂ

“എല്ലാ സമ്പത്തിന്റെയും ആദ്യത്തെ ഉറവിടം ഭൂസ്വത്താണ്. അത് ഇന്ന് വലിയൊരു പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു . തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഭാവി അതിന്റെ പരിഹാരത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. സ്വകാര്യ ഭൂവുടമസ്ഥതയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ നിയമജ്ഞന്മാരും തത്വചിന്തകന്മാരും അര്‍ത്ഥശാസ്ത്രജ്ഞാന്മാരും  ഉന്നയിക്കുന്ന എല്ലാ വാദമുഖങ്ങളും ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

ഒന്നാമത്, “സ്വാഭാവികാവകാശ” ത്തിന്റെ മറവില്‍ വെട്ടിപ്പിടുത്തമെന്ന പ്രഥമ വസ്തുതയെ മൂടിവെയ്ക്കാന്‍ അവര്‍ കഠിനമായി ശ്രമിച്ചിട്ടുണ്ടെന്ന് മാത്രമേ ഞാനിപ്പോള്‍ പറയുന്നുള്ളൂ. വെട്ടിപ്പിടുത്തം കുറച്ചു പേരുടെ സ്വാഭാവികാവകാശമാണെങ്കില്‍ കൂടുതല്‍ പേരെ സംബന്ധിച്ചിടത്തോളം , തങ്ങളില്‍നിന്നു പിടിച്ചെടുത്തത് തിരിച്ചു പിടിച്ചെടുക്കാനുള്ള സ്വാഭാവികാവകാശം ആര്‍ജ്ജിക്കാന്‍ വേണ്ടത്ര ശക്തി സംഭരിക്കുകയെ വേണ്ടൂ.”

(വിപ്ലവത്തിനു ശേഷമുള്ള ഭൂവിനോയോഗത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളും അതിന്റെ കാര്യ കാരണങ്ങളും “ഭൂമിയുടെ ദേശസാല്‍ക്കരണത്തെപ്പറ്റി” എന്ന ഭാഗത്ത് വിശദീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ വിപ്ലവം വരുന്ന നാള്‍വരെ ആദിവാസികള്‍ അടക്കമുള്ള ഭൂരഹിതര്‍ എന്തു ചെയ്യണമെന്നുള്ള ചോദ്യത്തിനുള്ള ഉത്തരത്തിനായി മാക്‌സിനെ തന്നെ കീഴാള പക്ഷത്തു നിന്നും വായിച്ചു നോക്കൂ)

അടുത്തപേജില്‍ തുടരുന്നു

ആദിവാസി ഭൂസമരത്തിന്റെ സമരത്തിന്റെ നാള്‍ വഴികള്‍

ആദിവാസി ഭൂപ്രശ്‌നം എന്നുള്ളതു വയനാട് എന്ന ജില്ലയില്‍ മാത്രമുള്ള ഒരു പ്രഹേളികയല്ലന്നു ആദ്യമേ പറയട്ടെ.  മറ്റൊന്ന് എല്ലാ ആദിവാസികളും ഭൂരഹിത കമ്മ്യൂണിറ്റികളുമല്ല. കുറുമരും കുറിച്യറും ഭൂവുമടകളാണ്. ഉദാ: കുറിച്യര്‍ എന്ന ആദിവാസി വിഭാഗത്തില്‍പെടുന്ന മന്ത്രി ജയലക്ഷ്മിയുടെ കുടുംബം ഭൂവുടമകളും കര്‍ഷകരുമാണ്.

എന്നാല്‍ ദരിദ്രരും ഭൂരഹിതരുമായ ഒട്ടനവധി ആദിവാസി വിഭാഗങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ട്. ഭൂവുടമകള്‍ക്ക് ഭൂരഹിതരുടെ പ്രശ്‌നം അറിയില്ലെന്നു പറയുമ്പോള്‍ അതില്‍ ജയലക്ഷ്മിയും പെടുന്നത് അതുകൊണ്ടാണ്. ഇവിടെ ഭൂരിപക്ഷം വരുന്ന ഭൂരഹിതരായിട്ടുള്ള ആദിവാസി വിഭാഗങ്ങളെ കുറിച്ചാണ് പ്രധാനമായും എഴുതാനുള്ളത്. കുടിയേറ്റ (കയ്യേറ്റം എന്നു തന്നെ പറയണം) ലോബികള്‍ക്കൊപ്പം നിന്ന രാഷ്ട്രീയ മുഖ്യധാരയോട് വിയോജിക്കേണ്ടി വന്ന ആദിവാസി ജനത സ്വന്തം കാര്യം നോക്കാന്‍ തീരുമാനിക്കുന്നു.

കൈയേറ്റ ഭൂമി തിരികെ കിട്ടാന്‍ ആദ്യം അവരാശ്രയിച്ചത് കോടതികളെ ആയിരുന്നു (ഗോത്രമഹാ സഭ കോടതികളെ ആശ്രയിക്കുന്നതില്‍ മടി കാണിക്കുന്നുവെന്നു ഈയടുത്തു ഒരു court activist പരിതപിക്കുന്നു കണ്ടു!) നിയമ വ്യവഹാരങ്ങളില്‍ കൂടി ആദിവാസികള്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധിപുറപ്പെടുവിച്ചപ്പോള്‍  കോണ്‍ഗ്രസ്സ്-സി.പി.ഐ.എം  മുന്നണികള്‍ ഒരേ മനസോടെ നിയമ സഭയില്‍ ബില്‍ കൊണ്ട് വരികയും കോടതി വിധി അട്ടിമറിക്കുകയും ചെയ്തു. എന്തിയായിരുന്നു, ആര്‍ക്കു വേണ്ടിയെന്നുള്ളതു ആ കോടതി വിധി അട്ടിമറിച്ചതെന്നു പലര്‍ക്കും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണത്രേ !

അധികാരവര്‍ഗ്ഗ പാര്‍ട്ടികള്‍ ആദിവാസി ഫണ്ടില്‍ കൈയിട്ടു വാരിയും വകമാറ്റി ചിലവഴിച്ചും ഭരണം മുന്നോട്ടു കൊണ്ടുപോയപ്പോള്‍ ആദിവാസി ഗോത്രമഹാസഭ ഇന്ത്യന്‍ ഭരണഘടനയെ എങ്ങിനെ ആദിവാസികള്‍ക്ക് അനുകൂലമാക്കി ഉപയോഗിക്കാം എന്നുള്ള അന്വേഷണങ്ങളില്‍ ആയിരുന്നു. അവര്‍ക്കു ഭൂമി ലഭ്യമാക്കാനുള്ള സമരങ്ങള്‍ ഒരു വശത്തുകൂടി നടത്തുന്നതിനോടൊപ്പം തന്നെ ഭരണഘടനയില്‍ നിന്നും ആദിവാസികള്‍ക്കനുകൂലമായി എഴുതി വെച്ചിട്ടുള്ള മുഴുവന്‍ അവകാശങ്ങളും നേടിയെടുക്കാനും അവര്‍ ശ്രമിച്ചിരുന്നു.

കേരളത്തിലെ മുഖ്യധാര രാഷ്ട്രീയം ആദിവാസിയുടെ ഭരണഘടന അവകാശങ്ങളെ  കുറിച്ചു നിശബ്ദത പാലിക്കുകയല്ലേയെന്നു പരിശോധിക്കൂ!  ഗോത്രമഹാ സഭയുടെ സമരങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ അതിന്റെ അന്തസത്തയില്‍ ഇവയെല്ലാം കാണാന്‍ കഴിയും. ആദിവാസികളുടെ ഭൂമി അഞ്ചാം പട്ടികയില്‍ പെടുത്തണമെന്നും അവിടങ്ങളില്‍ പെസ ഗ്രാമസഭകള്‍ ഉണ്ടാക്കണമെന്നുമുള്ള ആവിശ്യം ഉന്നയിക്കപെടുന്നതും അതുകൊണ്ടാണ്. അപ്പോള്‍ മാത്രമേ, ഫണ്ട് വിനിയോഗം അഴിമതിക്കാരായ ഉദ്യോഗസ്ഥ രാഷ്ട്രീയ ദുഷ്പ്രഭുക്കന്‍മാരെ ഒഴിവാക്കി നേരിട്ടു ആദിവാസികള്‍ക്ക് ലഭിക്കുകയുള്ളൂ.

ജനാധിപത്യ പരമായി തെരഞ്ഞെടുക്കപെട്ട ആദിവാസികളുടെ ഊര് സഭകള്‍ക്ക് ആ പണം എങ്ങിനെ വിനിയോഗിക്കണമെന്നു തീരുമാനിക്കാനും കഴിയും. അധികാര കേന്ദ്രീകരണം എന്നുള്ള വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന നോണ്‍ സെന്‍ട്രലൈസ്ട് ഭരണ സംവിധാനമാണ് പെസഗ്രാമ സഭകള്‍. ഇന്ത്യയിലെ അപൂര്‍വ്വം ചില സംസ്ഥാനങ്ങള്‍ ഒഴിച്ച് നിറുത്തിയാല്‍ മറ്റിടങ്ങളില്‍ എല്ലാം ഈ ഗ്രാമസഭകള്‍ നിലവില്‍ വന്നിട്ടുണ്ട്.

നിയാംഗിരി കുന്നുകളില്‍ നിന്നും വേദാന്ത എന്ന മൈനിംഗ് കോര്‍പ്പറേറ്റിനെ ഓടിപ്പിച്ചത് അവിടുത്തെ പെസഗ്രാമ സഭകള്‍ ആയിരുന്നു. ഒരു പക്ഷെ അത്തരത്തില്‍ അധികാരം ആദിവാസിക്ക് ലഭിക്കുന്നത് ഭയക്കുന്നതു കൊണ്ടു കൂടിയായിരിക്കണം പെസ ഗ്രാമ സഭകള്‍ കേരളത്തില്‍ ഇത്രയും നാള്‍ അനുവദിക്കാതിരുന്നത്.

ആദിവാസി നിയമങ്ങളും… നിയമ പോരാട്ടങ്ങളും…

പട്ടികവര്‍ഗക്കാരുടെ ദേശീയ സാഹചര്യത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ധേബര്‍ കമ്മീഷന്റെ (Dhebar Commission) നിര്‍ദേശം പരിഗണിച്ചുകൊണ്ടാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാന്‍ 1975ല്‍ കേരള നിയമസഭ ആദ്യമായി ഒരു നിയമം പാസാക്കിയത്. സ്വകാര്യവനം ദേശസാല്‍ക്കരിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ (Kerala Private Forest (Vesting & Assignment Act, 1971) ആദിവാസികളുടെ വനാവകാശം ഭാഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും, പ്രസ്തുത നിയമവും കേരളത്തില്‍ വലിയ ചര്‍ച്ചയായില്ല. രണ്ടു നിയമങ്ങളും ഉണ്ടാക്കുമ്പോള്‍ സി.പി.ഐയിലെ അച്ചുതമേനോന്‍ ആയിരുന്നു മുഖ്യമന്ത്രി.

ഞെട്ടിപ്പിക്കുന്ന കണക്കുകളും യാഥാര്‍ഥ്യങ്ങളുമാണ് അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കാനുള്ള 1975 ലെ നിയമം വിവാദമായതോടെ പുറത്തുവന്നത്. ട്രൈബല്‍ ഡവലപ്‌മെന്റ് വകുപ്പ് (ITDP) നടത്തിയ വിശദമായ സര്‍വെയില്‍ നിന്നും വ്യക്തമായത് 1960 നുശേഷം അട്ടപ്പാടി ബ്ലോക്കില്‍ മാത്രം10,000 ഹെക്ടറിലധികം ആദിവാസി ഭൂമി അന്യാധീനപ്പെട്ടു എന്നതാണ്. വ്യാജമായ രേഖകള്‍ നിര്‍മിച്ചും പ്രലോഭിപ്പിച്ചും ആദിവാസികളെ കബളിപ്പിച്ചും ഭൂമി തട്ടിയെടുത്ത കേസുകളാണ് ഏറെയും. (അതാണ് സാംസ്‌ക്കാരിക മൂലധനത്തിന്റെ സവിശേഷാധികാരം)

അടുത്തപേജില്‍ തുടരുന്നു

കേരളത്തിലെ ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള ഒരേ ഒരു നിയമം KST Act, 1975 [Kerala Scheduled Tribes (Restriction on Transfer and Restoration of Alienated Land) Act, 1975 മാത്രമാണ്. നിയമ മനുസരിച്ച് നിരവധി ആദിവാസികള്‍ നഷ്ടപെട്ട ഭൂമി തിരിച്ചു കിട്ടാന്‍ അപേക്ഷനല്‍കിയെങ്കിലും, 4000ല്‍ ഏറെ പേരുടെ അപേക്ഷകള്‍ മാത്രമെ വ്യവഹാരത്തിന്റെ പരിഗണനയില്‍ കൊണ്ടുവന്നുള്ളൂ.

ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ ഭൂമി തിരിച്ചെടുത്ത് നല്‍കാനുള്ള നടപടിക്രമം പൂര്‍ത്തീകരിച്ചിട്ടും ഭരണകൂടങ്ങള്‍ അനങ്ങിയില്ല. അങ്ങിനെയാണ് ഡോ: നല്ല തമ്പിതേറയെന്ന പൗരാവകാശ പ്രവര്‍ത്തകന്‍ 1993ല്‍ ഹൈക്കോടതിയെ സമീപിക്കുന്നതും നിയമാനുസൃതം ഭൂമി തിരിച്ചെടുത്തു കൊടുക്കാന്‍ കോടതി ഉത്തരവിടുന്നതും. ആദിവാസികള്‍ക്ക് നഷ്ടപെട്ട ഭൂമി സ്വാതന്ത്ര്യത്തിനു മുമ്പ് ഇവിടെയെത്തിയ ജൈന മതസ്തര്‍ ആയിരുന്നു കൈവശപെടുത്തിയതെന്നു ചില കേന്ദ്രങ്ങള്‍ പറയുന്നതൊരു നുണയാണ്. കാരണം അവര്‍ വയനാട്ടിലായിരുന്നു പ്രമുഖമായും ഉണ്ടായിരുന്നത്.

എന്നാല്‍ ആദിവാസിക്ക് കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഭൂമി നഷ്ടപെട്ടിരുന്നു എന്നുള്ളതൊരു വസ്തുതയുമാണ്. അട്ടപാടിയിലും ഇടുക്കിയിലും കണ്ണൂരും ഭൂമി കയ്യേറിയത് കേരള ജനസംഖ്യയില്‍ .001 ശതമാനം പോലും വരാത്ത ജൈന മതസ്ഥര്‍ ആണെന്നു ആരെങ്കിലും സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ സഹതാപിക്കുകയെ മാര്‍ഗമുള്ളൂ. കര്‍ഷകര്‍ എന്ന വിളിപ്പേരുള്ള വരേണ്യ സമുദായങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ആദിവാസി ഭൂമി കയ്യെറിയിട്ടുണ്ടുവെന്നുള്ള വസ്തുതയാണ്.

തുടര്‍ന്ന് 1975ലെ നിയമം മറികടക്കാന്‍ ആന്റണി സര്‍ക്കാര്‍ 1996ല്‍ ഒരു ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഭാഗ്യവശാല്‍ ഇന്ത്യയുടെ രാഷ്ട്രപതി ആ ഓര്‍ഡിനന്‍സ് തിരിച്ചയച്ചു. അന്ന് കോണ്‍ഗ്രസ്സ്-സി.പി.ഐ.എം മുന്നണികള്‍ ഒറ്റക്കെട്ടായി ദേശീയതലത്തില്‍ കൊണ്ടുപോയ ഒരേ ഒരു വിഷയം ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള 75ലെ നിയമം റദ്ദാക്കുക എന്ന ആവശ്യമാണ്.

1996 ലെ ഭേദഗതിനിയമം പരാജയപ്പെട്ടപ്പോള്‍ 1999ലെ നായനാര്‍ സര്‍ക്കാര്‍ മറ്റൊരു ഭേദഗതി നിയമം കൊണ്ടുവന്നു. കയ്യേറ്റക്കാര്‍ കൈവശം വെക്കുന്ന ആദിവാസി ഭൂമിക്ക് 5 ഏക്കര്‍വരെ സാധുത നല്‍കി പകരം ഭൂമി സര്‍ക്കാര്‍ നല്‍കാനും, 5 ഏക്കറില്‍ കൂടുതല്‍ ഉള്ളത് തിരിച്ചു പിടിച്ച് നല്‍കാനുമായിരുന്നു ഭേദഗതി നിര്‍ദേശിച്ചിരുന്നത്. അതോടെപ്പം, 1975 ലെ നിയമം റദ്ദാക്കാനും പുതിയ നിയമം നിര്‍ദേശിച്ചു.

ഇടതുവലതു പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിയമം പാസാക്കിയപ്പോള്‍ ശ്രീമതി ഗൗരിയമ്മ മാത്രം നിയമത്തെ എതിര്‍ത്തു. 1999 ലെ നിയമഭേദഗതി ഡോ: നല്ലതമ്പി തേറയും, പി.യു.സി.എല്‍ തുടങ്ങിയ സംഘടനകളും, ആദിവാസികളും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. കേരള സര്‍ക്കാര്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപിച്ചു.

സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുവരെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടാന്‍ കേരളത്തില്‍ ഒരു ദശകം നീണ്ടുനിന്ന പ്രക്ഷോഭം നടന്നു. (2009ല്‍ ഭേദഗതി നിയമം ഭാഗികമായി അംഗീകരി ച്ചുകൊണ്ട് സുപ്രീംകോടതി വിധിയുണ്ടായി. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സംയുക്തമായി അംഗീകരിച്ച ഭേദഗതിനിയമമോ, സുപ്രീംകോടതി നിര്‍ദേശങ്ങളോ നാളിതുവരെ നടപ്പാക്കിയിട്ടില്ല).

1975 ലെ നിയമം അട്ടിമറിച്ചത് നിയമസഭയില്‍ കൂടിയാണ്. കോടതി വഴിയല്ല. അട്ടിമറിച്ചത് നായനാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്തും. ആ നിയമം അട്ടിമറിക്കുന്നതോടെ കേരളത്തിലെ ആദിവാസി ഭൂസമരം അവസാനിക്കും എന്നാണ് ഭരണവര്‍ഗ പാര്‍ട്ടികളും സൊ കോള്‍ഡ് കര്‍ഷകരും വിശ്വസിച്ചിരുന്നത്. കേരളത്തിലെ അധികാര വര്‍ഗ്ഗ പാര്‍ട്ടികളുടെ ചതി തിരിച്ചറിഞ്ഞ ആദിവാസി സമൂഹം മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതായപ്പോഴായിരുന്നു സമരത്തിനിറങ്ങിയത്. അല്ലാതെ ഒരു ദിവസം ഇരുട്ടി വെളുത്തപ്പോള്‍ ആദിവാസി ഭൂസമരം താമരശ്ശേരി ചുരം കയറി വയനാട് എത്തിയതല്ല!

കയ്യേറിയ ഭൂമി തിരികെ പിടിക്കാനായി നടത്തിയ സമരത്തില്‍ ആദ്യഘട്ടങ്ങളില്‍ സി.പി.ഐ.എം റെഡ്ഫ്‌ലാഗ് അടക്കമുള്ളവര്‍ പങ്കാളികളായിരുന്നു. ഇടക്കാലത്ത് പകരം ഭൂമിയെങ്കിലും തരികയെന്ന ഒരു മദ്ധ്യവര്‍ത്തി നിലപാടിലേക്ക് സി.കെ ജാനുവും ഗീതന്‍ എന്നു വിളിക്കുന്ന ഗീതാനന്ദനും മാറിയപ്പോള്‍ തൊഴിലാളി വര്‍ഗ്ഗ ഐക്യം ശിഥിലപ്പെടുത്താന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വത്തിന്റെ ആളുകളെന്നു ഒട്ടുമിക്ക എം.എല്‍ പാര്‍ട്ടികളും മത പരിവര്‍ത്തനത്തിനായി ശ്രമിക്കുന്ന സുവിശേഷക്കാരാണെന്നു സംഘപരിവാര്‍ സംഘടനകളും ആരോപണമുയര്‍ത്തി.

മുത്തങ്ങ സമരമായിരുന്നു ഭൂമി എന്ന വസ്തുവിന്റെ യഥാര്‍ത്ഥ വില കീഴാള വിഭാഗങ്ങള്‍ക്ക് മനസിലാക്കി കൊടുത്തത്. ഭൂമിയെന്നതുഅതിജീവനത്തിന്റെയും ഉപജീവനത്തിന്റെയും രാഷ്ട്രീയ പ്രശ്‌നമാണെന്ന് ആദിവാസി സമൂഹവും കേരള രാഷ്ട്രീയം മൊത്തത്തിലും തിരിച്ചറിയുന്നത് മുത്തങ്ങ സമരത്തിനു ശേഷമായിരുന്നു.

സമരത്തെ അടിച്ചമര്‍ത്തിയെന്നു ഭരണകൂടങ്ങളും സംഘടിത വരേണ്യ സാമുദായിക ശക്തികളും വിലയിരുത്തിയെങ്കിലും യഥാര്‍ഥത്തില്‍ അവര്‍ക്കു തെറ്റുകയായിരുന്നു. ചെങ്ങറയിലേക്കും അരിപ്പയിലേക്കും ഭൂമിയുടെ രാഷ്ട്രീയം പടര്‍ന്നു. മറ്റൊരു പ്രത്യേകത ആദിവാസികള്‍ക്ക് ഭൂമി ലഭിച്ചാല്‍ പോലും മദ്യത്തിന് വേണ്ടി ആദിവാസികള്‍ ഭൂമി മറിച്ചു നല്‍കുമെന്നൊരു വര്‍ത്തമാനം ഇമ്മടെ”നാട്ടുകാര്‍/കര്‍ഷകര്‍”ക്കിടയില്‍ അന്നുമുണ്ടായിരുന്നു. നാട്ടുകാര്‍ക്ക് വേണ്ടിയാണല്ലോ ഇമ്മടെ ഭരണകൂടം! അതുകൊണ്ട് തന്നെ ആ ആരോപണത്തെ മറികടക്കാന്‍ ഗോത്രമഹാസഭ മദ്യോപയോഗത്തെ എതിര്‍ത്തിരുന്നുവെന്നാണ് എന്റെ അറിവ്.

ഗോത്രമഹാസഭ മുന്നോട്ടു വെച്ചിരുന്ന മുദ്രാവാക്യം കേവലം ഭൂമി എന്നുള്ളതു മാത്രമായിരുന്നില്ല. ആദിവാസി ഭൂമി ഇനിയൊരിക്കലും നഷ്ടപെട്ടു പോകാതിരിക്കാന്‍ അവയെ പട്ടികവര്‍ഗ മേഖലയായി പ്രഖ്യാപിക്കുക, പെസ (പഞ്ചായത്തു രാജ് വ്യവസ്ഥകള്‍  പട്ടികവര്‍ഗ മേഖലയിലേക്ക് വ്യാപിപിക്കല്‍) നിയമം 1996 നടപ്പാക്കി ആദിവാസി ഗ്രാമസഭകള്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നിവയും പ്രധാന ആവശ്യങ്ങളായിരുന്നു.

അതിനോടൊപ്പം 2006ലെ വനാവകാശ നിയമം കൂടി ചേരുന്നതോടെ ആദിവാസികള്‍ക്ക് വന വിഭവങ്ങളില്‍ മേലുള്ള അവകാശം കൂടി കൈ വരുന്നു.For more info, see പട്ടയം കൊടുക്കാന്‍ ഭൂമിയുണ്ട്; പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കാന്‍ ഭൂമിയില്ല!!!

അടുത്തപേജില്‍ തുടരുന്നു

കഴിഞ്ഞ മൂന്നു പതിറ്റാണ്ട്

1. 90 കളില്‍ തന്നെ വയനാട്ടില്‍ പലയിടങ്ങളിലായി സമരങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മാനന്തവാടിയില്‍ കയ്യേറിയ 128 ഏക്കര്‍ ഭൂമി (സെന്റ് അല്ല ട്ടോ) ആദിവാസികള്‍ ബലം പ്രയോഗിച്ചു തിരിച്ചു പിടിച്ചു. പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 1995ല്‍ ചീങ്കേരിയില്‍ സമരമുണ്ടായി. തുടര്‍ന്നു അമ്പുകുത്തി, കോളിളംപാക്കി, പനവല്ലി എന്നിവടങ്ങളില്‍ കുടില്‍ കെട്ടി സമരങ്ങള്‍ ഉണ്ടായി. കൃഷിക്കും ജീവിതത്തിനുമായുള്ള ഭൂമിക്കു വേണ്ടിയായിരുന്നു അവയെല്ലാം.

2. അട്ടപ്പാടിയിലെതടക്കം ഭീതിതമായ രീതിയില്‍ ആദിവാസികള്‍ക്കിടയില്‍ പട്ടിണി (32) മരണം ഉണ്ടായപ്പോഴാണ് 2001 ആഗസ്റ്റില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കുടില്‍ കെട്ടി സമരമുണ്ടാകുന്നത്. ആ മരണങ്ങള്‍ വ്യാജ മദ്യം കൊണ്ടാണെന്നും പട്ടിണി കിടന്നതു കൊണ്ടല്ലെന്നുമുള്ള കോണ്‍ഗ്രസ്സ് മന്ത്രിയുടെ പ്രസ്താവനയും സമരത്തിന് കാരണമായിന്നു. “സ്വന്തം മണ്ണില്‍ അഭയാര്‍ഥികളാകാന്‍ വിധിക്കപ്പെട്ടവരല്ല ആദിവാസികള്‍”എന്ന പ്രഖ്യാപനവുമായി നൂറുകണക്കിന് ആദിവാസികള്‍ സെക്രട്ടേറിയറ്റ് പടിക്കലും മുഖ്യമന്ത്രിയുടെ വീട്ടുപടിക്കലും കുടില്‍കെട്ടി സമരം നടത്തി.

3. സമരത്തിന്റെ ഒരു ഘട്ടത്തില്‍ കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍ തന്നെ വലിയൊരു upsurge (പെരുക്കം) ഉണ്ടാകുകയും അതിനെ തുടര്‍ന്ന് ആദിവാസി ഗോത്രമഹാസഭ രൂപപ്പെടുകയുമുണ്ടായി.

4. കുടില്‍ കെട്ടി സമരത്തിലെ ഒത്തു തീരുപ്പു വ്യവസ്ഥയില്‍ ഷെഡ്യൂള്‍ഡ് ഏരിയ പ്രഖ്യാപനം ഉണ്ടായിരുന്നു. ആന്റണിയായിരുന്നു മുഖ്യമന്ത്രി. അന്നുണ്ടാക്കിയ കരാറില്‍ ആദിവാസികള്‍ക്ക് 5 ഏക്കര്‍ വീതം നല്‍കാമെന്നും ഭരണകൂടം പറഞ്ഞിരുന്നു.

5. എന്നാല്‍ ആന്റണി വഞ്ചിച്ചു. 2001ല്‍ ഉണ്ടാക്കിയ കരാര്‍ കൊടുക്കാമെന്നു ഏറ്റിരുന്ന മുത്തങ്ങയിലെ ഭൂമിയില്‍ ക്ഷമ നശിച്ച ആദിവാസികള്‍ 2003ല്‍ കുടില്‍ കെട്ടി താമസിക്കാന്‍ തുടങ്ങി. (ആരായിരുന്നു അതിന്റെ കാരണക്കാര്‍)

6. പാട്ടാകാലവധി കഴിഞ്ഞിട്ടും കാടുവെട്ടി തെളിച്ചു യൂക്കാലിപ്റ്റസ് വെച്ചുപിടിപ്പിച്ച ബിര്‍ളക്കെതിരെ വിരലനക്കാതിരുന്ന നാട്ടുകാര്‍ എന്നറിയപ്പെടുന്നവര്‍ ഉടനെ ആദിവാസിക്കെതിരെ തിരിയുന്നു. (വനത്തിനടുത്തു ജീവിക്കുന്ന ഈ നാടുക്കാര്‍ ആരാണെന്നു ആരെങ്കിലും അന്വേഷിക്കാറുണ്ടോ. അവര്‍ക്കു നാളത് വരെ ആദിവാസിയോടുണ്ടായിരുന്ന മനോഭാവം 75ലെ നിയമം അട്ടിമറിക്കുന്നതുമായി ബന്ധപെട്ടു നില്‍ക്കുന്നതാണ്.

ആ മനോഭാവമായിരുന്നു സത്യത്തില്‍ മദ്ധ്യതിരുവതാം കൂറില്‍ നിന്നും മറ്റും മലകയറാന്‍ തുടങ്ങിയതും ചിലര്‍ ചുരം കയറി വയനാട് എത്തിയതും. ആദ്യകാലത്ത് മിച്ചഭൂമി ആയിരുന്നു ലക്ഷ്യങ്ങളില്‍ പിന്നീടത് ആദിവാസി ഭൂമിയായി മാറി).

7. മുത്തങ്ങയില്‍ ആദിവാസിക്കെതിരെ ഇറങ്ങിയവരില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. ഇപ്പോള്‍ സി.പി.എമ്മിന്റെ ജില്ലാ നേതാക്കള്‍ ആയിരുന്നവര്‍ അതില്‍ ഉണ്ടായിരുന്നു (വ്യക്തിപരമാക്കേണ്ട എന്നുള്ളതിനാല്‍ ഞാനറിഞ്ഞിട്ടുള്ള പേരുകള്‍ പറയുന്നില്ല. ഒരു പക്ഷെ ആ വ്യക്തികള്‍ അന്നത്തെ നിലപാടില്‍ നിന്നും മുന്നോട്ട് പോയിട്ടുണ്ടാകാനും സാധ്യതയുണ്ട്)

8. എന്തിനു പറയുന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലുമുണ്ടായിരുന്നു :) അവര്‍ക്കു വനം സംരക്ഷിക്കണം പോലും. വനം വെട്ടി തെളിച്ചു ബിര്‍ള യൂക്കാലി പ്ലാന്റെഷന്‍ ഉണ്ടാക്കിയപ്പോള്‍ ഇല്ലാതിരുന്ന വിഷമമായിരുന്നു ജീവിക്കാനായി ആദിവാസികള്‍ മുത്തങ്ങയില്‍ കുടില്‍കെട്ടി ജീവിക്കാന്‍ ശ്രമിച്ചപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഉണ്ടായത്.

9. കോണ്‍ഗ്രസ്സ് നേതാവായിരുന്ന സുധാകരന്റെ ഗുണ്ടകള്‍ ആദിവാസികള്‍ക്കെതിരെ ഇറങ്ങുന്നു (അതിന്റെ ചിത്രങ്ങള്‍ ഇപ്പോഴും ലഭ്യമാണ്)

10. സംഘര്‍ഷം… പോലീസ് ഇടപെടുന്നു. ആദിവാസികള്‍ ഉണ്ടാക്കിയ കുടിലുകള്‍ കത്തിക്കുന്നു. അവിടന്നങ്ങോട്ട് അക്ഷരാര്‍ത്ഥത്തില്‍ നരനായാട്ടായിരുന്നു.

11. പോലീസ് വെടിവെപ്പുണ്ടാകുന്നു. ജോഗി കൊല്ലപെടുന്നു. ആവിശ്യ പരിചരണം ലഭിക്കാത്തനാല്‍ ഒരു ഫോറസ്റ്റ് ഗാര്‍ഡും കൊല്ലപ്പെടുന്നു.

12. ഭീകരമായ ഭരണകൂട അതിക്രമത്തില്‍ ആദിവാസികള്‍ ചിഹ്നഭിഹ്നമായി പോകുന്നു. അവരെ അറസ്റ്റ് ചെയ്യുന്നു. തുറുങ്കിലടയ്ക്കുന്നു.

അടുത്തപേജില്‍ തുടരുന്നു


13. ബിഷപ്പിനു വേണ്ടിയായിരുന്നു മുത്തങ്ങയില്‍ വനഭൂമി ഗോത്രമഹാസഭാ പ്രവര്‍ത്തകര്‍ കയ്യെറിയതെന്നു ബി.ജെ.പി ആരോപിച്ചു. (അതിലും വര്‍ഗീയത കയറ്റി വിടാന്‍ ആ ടീംസിനു ഒരു മടിയുമുണ്ടായില്ല)

14. “മുത്തങ്ങ മോചിപ്പിച്ചു” എന്നായിരുന്നു പിറ്റേ ദിവസത്തെ ഒരു പത്രത്തിന്റെ തലകെട്ട്. (എന്തായിരിക്കും മാധ്യമ പ്രവര്‍ത്തകനായ കവി ഉദ്ദേശിച്ചിരിക്കുക)

15. മുത്തങ്ങയില്‍ നിന്നും പോലീസ് പിടിച്ചവരില്‍ തമിഴ്‌നാട് ആന്ധ്രാപ്രദേശ് എന്നിവടങ്ങില്‍ നിന്നും ഓരോ തീവ്രവാദി വീതമുണ്ടായിരുന്നു. പത്രങ്ങളില്‍ വെറുതെ അച്ചു നിരത്തപെടില്ലെന്നും എഴുതിയ ആളുകള്‍ ഇപ്പോഴും ഞെളിഞ്ഞിരിക്കുന്നുണ്ടെന്നും അറിയാം. (പക്ഷെ നാളിതുവരെ കേരളത്തിലെ ഒരു മലയാളി പോലും ആ തമിഴ് തീവ്രവാദിയെയും ആന്ധാ തീവ്രവാദിയെയും കണ്ടില്ല. പിന്നീട് അന്വേഷിച്ചിട്ടുമില്ല)

16. ഇതിനിടയില്‍ വയനാട്ടിലെത്തിയ ഒരു കൂട്ടം സി.പി.ഐ.എം സംസ്ഥാന നേതാക്കള്‍ പോലീസ് കഥകളും നാട്ടുകാരും പറയുന്നത് കേട്ട് ക്ഷോപിക്കുന്നു. സമരക്കാര്‍ സായുധ പൊലീസിനെതിരെ അതിഭീകര ആയുധങ്ങളായ അമ്പും വില്ലുമെടുത്തുവത്രേ (ആദിവാസികള്‍ ഇത്രയ്ക്കു ചങ്കൂറ്റമോ. അമ്പമ്പോ!)

17. പക്ഷെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് മുത്തങ്ങയില്‍ എത്തുന്നു. അവിടെ വെച്ചു ആദിവാസികള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നു. മൊത്തം രാഷ്ട്രീയ ചിത്രം മാറുന്നു.

18. പിന്നീടങ്ങോട്ട് നാടെങ്ങും സമരം. (എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, ശിവദാസ മേനോന്റെ തല പോലീസ് തല്ലി പൊട്ടിക്കുന്നു. ഇതിനിടയില്‍ ശിവദാസ മേനോന്റെ തലയില്‍ നിന്നുമുതിര്‍ന്ന രക്തം കൈകൊണ്ടെടുത്തു തന്റെ മുഖത്ത് പുരട്ടി യുവ നേതാവ് കൃഷ്ണദാസ് മാതൃകയായത് കേരളം ചാനലുകളില്‍ കൂടി കാണുന്നു)

19. മുത്തങ്ങാനന്തരം സര്‍ക്കാര്‍ വിരുദ്ധ സമരം നടത്തിയത്തിന്റെ കൂടി മൈലേജുമായി എല്‍.ഡി.എഫ് അധികാരത്തില്‍ വരുന്നു. മുത്തങ്ങയില്‍ വെച്ചെടുത്ത കേസുകള്‍ പിന്‍വലിക്കപെട്ടില്ല. (പോലീസ് മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പല കേസുകളും പിന്‍വലിച്ചതില്‍ സംഘപരിവാറുക്കാരുടെ കേസും പെടും എന്നോര്‍ക്കണം. ആവശ്യമുള്ളവര്‍ ഡാറ്റ തപ്പിക്കോ)

20. വെടിവെപ്പില്‍ ആദിവാസിയായിരുന്ന ജോഗി കൊലചെയ്യപെട്ടതില്‍ അന്നേ പോലീസ് എഫ്.ഐ.ആര്‍ രേഖപെടുത്തിയിരുന്നുവെങ്കിലും എല്‍.ഡി.എഫും അതില്‍ അന്വേഷണം നടത്തിയില്ല. ഒരു ആദിവാസി കൊലചെയ്യപെട്ടിട്ടു ഇന്നും അന്വേഷണം നടക്കുന്നില്ലയെന്നുള്ളതില്‍ ആര്‍ക്കും ലജ്ജയോന്നുമില്ലല്ലോ ല്ലെ !

21. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ ആദിവാസികള്‍ക്കും ആ സര്‍ക്കാരും ഭൂമി ലഭ്യമാക്കിയില്ല. എന്നാല്‍ ഭൂമി നല്‍കിയിട്ടുമുണ്ട്. ജാനുവടക്കമുള്ള ചിലര്‍ക്ക് കുടില്‍ കെട്ടി സമരത്തിന്റെ ഭാഗമായി താമസിച്ചു വന്നയിടങ്ങളില്‍ പട്ടയം കൊടുത്തിട്ടുണ്ട് എന്നുള്ളതു വസ്തുതയുമാണ്. അങ്ങിനെ അഞ്ചു വര്‍ഷം കഴിഞ്ഞു. (ആദിവാസിയുടെ കാര്യമാകുമ്പോള്‍ ഇത്രയൊക്കെയുള്ളുവെന്നും… കാല്പനികത വിട്ടു ഭൂമിയിലേക്ക് ഇറങ്ങിവാടാ മരഭൂതമേയെന്ന തിട്ടൂരം വേറെ ചിലര്‍ക്ക്. ഹോ !)

22. അഞ്ചുവര്‍ഷം കഴിഞ്ഞു ഉമ്മന്‍ ചാണ്ടി വന്നു. ആദിവാസിക്കു മാത്രം ഒരു വളര്‍ച്ചയുമുണ്ടായില്ല. ആദിവാസികള്‍ അതിവേഗം ബഹുദൂരത്തായി. (കാരണം വയനാട്ടിലെ നാട്ടുകാരുരായ കര്‍ഷകരുടെ സ്വന്തം മുന്നണി. നാട്ടുകാര്‍ കോപിച്ചാല്‍ പിന്നെ ഇരു മുന്നണികള്‍ കമായെന്നൊരക്ഷരം മിണ്ടില്ല)

23. ഇതിനിടയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്ന് ആദിവാസികള്‍ (കര്‍ഷകര്‍ വയനാട്ടില്‍ സര്‍ക്കാര്‍ ഓഫീസിനു തീയിട്ടുന്നു. എന്തായി അന്വേഷണം ?)

24. ഗാഡ്ഗില്‍ വിഷയത്തിലെ ബി.ജെ.പിയുടെ ഇരട്ടതാപ്പ് മറ്റു സംസ്ഥാനങ്ങളില്‍ അന്വേഷിച്ചാല്‍ അറിയാം. (See more -http://www.azhimukham.com/news/11150/ckjanu-bjp-rsst-ribes-kerala-tsruggle-left-congress-pramod) ആദിവാസി ഭൂമി കയ്യേറിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന ഹൈറെഞ്ചിലെ ആ പാവം “കര്‍ഷകനെ” സി.പി.ഐ.എം മുന്നണിയില്‍ എം.പിയായി വിജയിച്ചു!

25. ആദിവാസികള്‍ക്ക് നല്‍കാനായി കേന്ദ്രത്തില്‍ നിന്നും കേരള സര്‍ക്കാര്‍ പണം നല്‍കി വാങ്ങിയ ആറളത്തെ ഫാമില്‍ യു.ഡി.എഫിന്റെ ചില ബന്ധുക്കള്‍ക്ക് പൈനാപ്പിള്‍ കൃഷി പാട്ടം ലഭിച്ചു. സ്വകാര്യ വ്യക്തിയ്ക്ക് കോര്‍പ്പറെഷന്‍ ഭൂമി പാട്ടത്തിനു നല്‍കാമെന്ന ക്ലോസ് കൊണ്ടുവന്നത് എല്‍.ഡി.എഫും!

26. അവസാനം പത്തു വര്‍ഷം മുമ്പുണ്ടാക്കിയ കുടില്‍ കെട്ടി സമരത്തിന്റെ വ്യവസ്ഥകള്‍ പാലിക്കണം എന്ന് പറഞ്ഞുകൊണ്ട് 2014 ല്‍ നില്‍പ് സമരം ഉണ്ടാകുന്നു. പത്തു വര്‍ഷത്തിന് ശേഷം ഒരേ ആവിശ്യമായി ആദിവാസികള്‍ക്കു സമരം ചെയ്യേണ്ടി വന്ന ഗതികേട് ഒരു “കേരള മോഡലാണ്”. (ആദ്യഘട്ടത്തില്‍ കേരളത്തിലെ മാധ്യമങ്ങളും പുരോഗമന നാട്യങ്ങളും കണ്ടഭാവം നടിച്ചില്ല. എന്തായിരിക്കും കാരണം?)

27. കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരും ആദിവാസികള്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ടെന്നു പറയേണ്ടി വരും.

28. ആറളത്ത് ഇപ്പോഴും അനധികൃതമായി ആളുകള്‍ താമസിക്കുന്നുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. എല്‍.ഡി.എഫ് വരുമ്പോള്‍ എല്ലാം ശരിയാകുമായിരിക്കും

അടുത്തപേജില്‍ തുടരുന്നു

സി.കെ ജാനു ചെകുത്താന്‍ മുന്നണിയിലാണെന്നു വിഷമിക്കുന്നവര്‍ 70കളില്‍  അതിജീവനത്തിന്റെ പേര് പറഞ്ഞു സംഘപരിവാര്‍ കൂടിയുള്‍പെട്ട ജനസംഘത്തിന്റെ തോളത്തു കയ്യിട്ടതും തെരഞ്ഞെടുപ്പില്‍ കെ.ജി മാരാരെ പിന്തുണച്ചതും ഒന്നോര്‍ക്കുന്നത് നല്ലതായിരിക്കും. ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്നു ഇതിനു മുമ്പു കേരളത്തില്‍ പറഞ്ഞിട്ടുള്ളയാള്‍ പലരുടെയും ആചാര്യനായ “ഈ.എം.എസ് നമ്പൂതിരിപാടാണ്”.

ആചാര്യനോട് തോന്നാത്ത ചതുര്‍ഥി “ആദിവാസി സ്ത്രീ”യോട് വേണ്ടതുണ്ടോയെന്നകാര്യത്തില്‍ എനിക്ക് സംശയമുണ്ട്! ബാബറി പള്ളി തകര്‍ത്തു രാമക്ഷേത്രം പണിയാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസ്സുകാരും സംഘപരിവാര്‍ വിരോധത്തിന്റെ മൊത്തകച്ചവടമൊന്നും ഏറ്റെടുക്കേണ്ടതില്ല.

ജാനു ബി.ജെ.പി മുന്നണിയില്‍ പോകുന്നതിനോട് രാഷ്ട്രീയമായി എനിക്കു വിയോജിപ്പാണ്. ഇന്ത്യയിലെ ഫാസിസ്റ്റ് സംഘടനയുടെ രാഷ്ട്രീയ മുഖമായ ബി.ജെ.പിക്കുള്ള അന്യമത വിദ്വേഷത്തോട് യോജിക്കാനെ കഴിയില്ല. ഇന്ത്യന്‍ ഫ്യൂഡല്‍ ഘടനയുടെ തമ്പുരാക്കന്മാരില്‍ നിന്നും ആദിവാസികള്‍ക്ക് നീതി ലഭിക്കുവാന്‍ പോകുന്നില്ലെന്നുള്ളതു ഇതര സംസ്ഥാനങ്ങളുടെ അനുഭവത്തില്‍ നിന്നും നാം തിരിച്ചറിഞ്ഞാണ്.

മൂലധന/കോര്‍പ്പറേറ്റു താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രമുഖമായും ആദിവാസികള്‍ക്കായി നിര്‍മ്മിക്കപെട്ട 2006ലെ വനാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ നടക്കുന്നവരാണവര്‍. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇത്രയും സത്യസന്ധതയില്ലാതെ, സുതാര്യതയില്ലാതെ നിഗൂഡമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടായിട്ടില്ല. ഒരു ആദിവാസി സമര ചരിത്രത്തെ എളുപ്പത്തില്‍ ഹൈജാക്ക് ചെയ്യുകയാണവര്‍.

അരിപ്പ സമരത്തിലുള്ള ശ്രീരാമന്‍ കൊയ്യോന്‍ ആണ് സംഘപരിവാര്‍ കാമ്പില്‍ എത്തിയ മറ്റൊരാള്‍. അതിന്റെ കാരണങ്ങള്‍ വേറെ പരിശോധിക്കേണ്ടതാണ്. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും ഇന്നും വിശ്വസിക്കുന്നതു കൊണ്ടു സി.കെ ജാനുവിന്റെ ഇപ്പോഴത്തെ തീരുമാനത്തോട് വിയോജിക്കുകയേ തരമുള്ളൂ.

കാതലായ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ളത് ഇനിയാണ്

1. മുത്തങ്ങ കഴിഞ്ഞു ഒന്നര പതിറ്റാണ്ടിനിപ്പറവും തൊഴിലിടങ്ങളില്‍ നിന്നും ദിവസ കൂലി പോലും കൃത്യമായി ലഭിക്കാത്ത ആദിവാസികള്‍ ഇന്നും വയനാട്ടില്‍ നിന്നും കൊച്ചിയിലേക്ക് വന്നു കേസ് നടത്തുന്നുണ്ട്. ആ കേസുകള്‍ എന്നാണു നിങ്ങളുടെ ഭരണകൂടം എഴുതി തള്ളുക? (ഇതൊക്കെ ആര്‍ക്കറിയണം. അവരെങ്ങിനെ ജീവിക്കുന്നുവെന്നെല്ലാം എത്രയാളുകള്‍ ചിന്തിക്കുന്നുണ്ട്)

2. പോലീസ് അതിക്രമം മൂലം ഭയം മാറാതെ ഇന്നും ജീവിക്കുന്നവര്‍, ജയില്‍ ജീവിതത്തിനിടയിലെ പീഡനം മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ മരണപ്പെട്ടു പോയവര്‍… ഇവരുടെ കാര്യം ഇന്നും ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? (വയനാട്ടിലെ സൊ കാള്‍ഡ് നാട്ടുകാരെങ്കിലും!)

3. നിങ്ങളുടെ ചാനലുകളിലെ അന്തിചര്‍ച്ചകളില്‍ ആദിവാസി വിഷയങ്ങള്‍ സംസാരിക്കുന്നില്ലയെന്നു വെച്ചു ആദിവാസിക്കൊരു പ്രശ്‌നവും ഇല്ല എന്നാണോ കരുതിയിരിക്കുന്നത്?

4. കര്‍ഷകര്‍  എന്ന  പേരില്‍  ഇന്നും അറിയപെടുന്ന കുടിയേറ്റക്കാര്‍ കയ്യേറിയ ആദിവാസി ഭൂമിയെ കുറിച്ചു നിങ്ങളുടെ നിലപാട് എന്താണ്?

5. അതും പോട്ടെ, പകരം ഭൂമി എന്ന വിഷയത്തില്‍ നിങ്ങളുടെ നിലപാട് എന്താണ്?

6. നാളെ എല്‍.ഡി.എഫോ യു.ഡി.എഫോ (ബി.ജെ.പി വരില്ലെന്നുള്ളത് കൊണ്ടു തല്‍ക്കാലം ഒഴിവാക്കുന്നു. ഇനിയഥവാ ബിരിയാണി കൊടുത്താല്‍ തന്നെ പി.സി തോമസ് സമ്മതിക്കുമോ?) അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കുമോ? (അതിനുള്ള ഭൂമിയൊന്നുമില്ലെന്നു ദയവു ചെയ്തു പറയരുത്!)

7.  ഭരണഘടന അനുശാസിക്കുന്ന  ആദിവാസികളുടെ സ്വയം ഭരണത്തെ കുറിച്ചു നിങ്ങളുടെ നിലപാടെന്താണ്?  ആദിവാസി ഭൂമികളെ അഞ്ചാം പട്ടികയില്‍ പെടുത്തി പെസാ ഗ്രാമ സഭകള്‍ രൂപീകരിക്കുമോ?

8. അവിടെയെല്ലാം വനാവകാശ നിയമം നടപ്പിലാക്കുമോ?

9. അതിരപ്പിള്ളിയില്‍ നിന്നും അവിടെയുള്ള ആദിവാസികളെ കുടിയിറക്കാനും ഏതെങ്കിലും ട്രൈബല്‍ ഹോസ്റ്റലില്‍ ആക്കാനും ആരു അധികാരത്തില്‍ വന്നാലും എത്തുമെന്ന് പ്രതീക്ഷിക്കാം. ഇല്ലേ?

10. POSCO നിയമം മൂലം (നിയമത്തിന്റെ പ്രയോഗത്തില്‍ ഉണ്ടാകുന്ന “അനീതി” ഒരു പ്രശ്‌നമാണ് സര്‍) ആദിവാസി യുവാക്കള്‍ ജയില്‍ വാസം അനുഭവിക്കുന്നത് അറിഞ്ഞു കാണുമോ ആവോ?  എന്താണു നിങ്ങളുടെ നിലപാട് എന്നറിയാന്‍ ആഗ്രഹമുണ്ട്. യു.ഡി.എഫ് സര്‍ക്കാരാണ് അവരെ ജയിലില്‍ ഇട്ടിരിക്കുന്നത്. എല്‍.ഡി.എഫ് വന്നാല്‍ അവരെ പുറത്തിറക്കുമോ? അതോ ആധുനികരുടെ നിയമത്തിനു പാളിച്ചകള്‍ ഇല്ലെന്നുള്ള “പൊതു” ധാരണയില്‍ എത്തുമോ? (ഇതിനെതിരെ സംസാരിക്കാന്‍ ഗോത്രമഹാ സഭയും പിന്നെ കുറച്ചു മാവോയിസ്റ്റ് അനുഭാവികളും മാത്രമേയുള്ളൂവെന്നും ഓര്‍ക്കണം)

11. 90 കളില്‍ തുടങ്ങിയ ആദിവാസി പോരാട്ടങ്ങള്‍ മൂന്നു പതിറ്റാണ്ട് പിന്നീടാന്‍ പോകുമ്പോഴും (ആദിവാസി സമരത്തിന്റെ അര നൂറ്റാണ്ട് എന്നെങ്കിലും പറയുന്നതാണ് കൂടുതല്‍ ശരി) കക്ഷി രാഷ്ട്രീയത്തിന്റെ കള്ളികളില്‍ നിന്നും ആക്ഷേപം ഉന്നയിക്കുകയല്ലാതെ ആദിവാസി സമൂഹത്തിനു വേണ്ടി എന്തു ചെയ്യുന്നുണ്ട് എന്നുള്ള ചോദ്യത്തിന്നു ഉത്തരം നല്‍കേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയല്ലേ?

ചിത്രങ്ങള്‍ കടപ്പാട്: ഗോത്രമഹാസഭ

We use cookies to give you the best possible experience. Learn more