Advertisement
Daily News
ആദിവാസി നില്‍പ്പ് സമരം പുനരാരംഭിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Nov 24, 05:50 am
Tuesday, 24th November 2015, 11:20 am

nilpusamaramകൊച്ചി: ആദിവാസി നില്‍പ്പ് സമരം പുനരാരംഭിക്കുന്നു. ജനുവരി ഒന്നുമുതല്‍ ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ സക്രെട്ടറിയേറ്റ് പടിക്കല്‍ ആദിവാസികളുടെ നില്‍പ്പ് സമരം ആരംഭിക്കുമെന്ന് നേതാക്കളായ സി.കെ ജാനു, എം. ഗീതാനന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ ഭൂമി ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. അടുത്ത മാസം 17ന് തിരുവനന്തപുരത്ത് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ 20,000 ഏക്കര്‍ ഭൂമി പതിച്ചു നല്‍കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. അട്ടപ്പാടി മേഖലയില്‍ 9,000 ഏക്കര്‍ ഭൂമി പതിച്ചു നല്‍കാനുണ്ട്. ഇവ ആദിവാസികള്‍ക്ക് പതിച്ചു നല്‍കുക, മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നില്‍പ്പു സമരത്തില്‍ ഉന്നയിക്കുന്നത്.

അട്ടപ്പാടിയില്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്ത് നല്‍കുന്നതിന് പകരം ഭൂമാഫിയകള്‍ക്ക് ഭൂമി കൈമാറാനുള്ള നടപടിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും സമരക്കാര്‍ ആരോപിച്ചു.

ആദിവാസി ഗോത്ര മഹാസഭയുടെ കീഴില്‍ രാഷ്ട്രീയപാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഊര് വികസന മുന്നണി പാര്‍ട്ടി മാര്‍ച്ചില്‍ രൂപീകരിക്കും. മാര്‍ച്ച് ആദ്യവാരത്തോടെ മുന്നണിയുടെ കണ്‍വെന്‍ഷന്‍ നടക്കും. കണ്ണൂരിലെ പേരാവൂര്‍, ഇടുക്കി തുടങ്ങി സംസ്ഥാനത്തെ 10 നിയമസഭാ മണ്ഡലങ്ങളില്‍ ആദിവാസി വോട്ട് നിര്‍ണായകമാണ്. വോട്ട് ചൂണ്ടിക്കാട്ടി വിലപേശാന്‍ തങ്ങള്‍ തയാറല്ല. അതേസമയം സ്വന്തം ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ ആദിവാസികളെ പഠിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ഇടതുവലതു മുന്നണികളുമായി സഹകരിക്കില്ല. എസ്.എന്‍.ഡി.പി യോഗം നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെയും ഭാഗമാകില്ല. ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങളോടുള്ള മുന്നണികളുടെ സമീപനം മനസിലാക്കിയതിനുശേഷമാകും അവരോടുള്ള രാഷ്ട്രീയ നിലപാടുകള്‍ തീരുമാനിക്കുകയെന്നും നേതാക്കള്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ വി.ഡി. മജീന്ദ്രന്‍, സി.എന്‍. ബാബുരാജ്, അനീഷ് മാത്യു, എസ് ബോരന്‍ എന്നിവരും പങ്കെടുത്തു.