| Saturday, 24th December 2016, 1:21 pm

മാവോയിസ്‌റ്റെന്നു പറഞ്ഞ് നക്‌സല്‍ വിരുദ്ധ സേന ആദിവാസി ബാലനെ മരത്തില്‍ കെട്ടിയിട്ടശേഷം മര്‍ദ്ദിച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാസ്തര്‍: മാവോയിസ്‌റ്റെന്നു പറഞ്ഞ് 13കാരനെ നക്‌സല്‍ വിരുദ്ധ സേന കൊല ചെയ്തതായി ആരോപണം. സോമാരു പൊട്ടം എന്ന ആദിവാസി ബാലനെയാണ് ഡിസംബര്‍ 16ന് കൊലപ്പെടുത്തിയത്.

കുട്ടിയെ നാലഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് ഒരു മരത്തില്‍ കെട്ടിയിട്ട് ചോദ്യം ചെയ്യുകയും തോക്കിന്റെ പാത്തികൊണ്ട് തുടര്‍ച്ചയായി കുത്തുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് കാച്ച് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഛാപ്ര ഛാപ്ര ശേഖരിച്ചു കാട്ടില്‍നിന്നും തിരിച്ചുവരും വഴിയാണ് കുട്ടിയെ സേന പിടികൂടിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കുട്ടിയുടെ അച്ഛനെയും ചില ബന്ധുക്കളെയും സേന പിടികൂടിയിരുന്നെങ്കിലും അവരെ പിന്നീട് വെറുതെ വിട്ടു.


Also Read:മോദിയ്ക്ക് കോഴ നല്‍കിയെന്ന രേഖകളുടെ ആധികാരികത ശരിവെച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്


കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയശേഷം വസ്ത്രങ്ങള്‍ ഉരിഞ്ഞ്  മാവോയിസ്റ്റ് യൂണിഫോം ധരിപ്പിച്ച് ഫോട്ടം എടുത്തതായും ഗ്രാമവാസികള്‍ പറയുന്നു. കൊലപാതകം സംബന്ധിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് സുരക്ഷാ സേന ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് കുമ്മ പൊട്ടം ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി പരിഗണിച്ച കോടതി കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ്.

തെളിവു സംരക്ഷിക്കുന്നതിനായി കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യുകയാണ് ചെയ്തിരുന്നത്. മൃതദേഹം ബാസ്തര്‍ കമ്മീഷണറുടെയും പരാതിക്കാരുടെയും സാന്നിധ്യത്തില്‍ പുറത്തെടുത്ത് പരിശോധിക്കാനാണ് കോടതി ഉത്തരവിട്ടത്. മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുമ്പോള്‍ ഒപ്പം പോകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജഗ്ദല്‍പൂര്‍ ലീഗ് എയ്ഡ് ഗ്രൂപ്പിലെ അഭിഭാഷകരാണ് കുട്ടിയുടെ പിതാവിനുവേണ്ടി കോടതിയില്‍ ഹാജരായത്.

കുട്ടി കൊല്ലപ്പെട്ട ദിവസം മെതാപാല്‍, ഗോഗ്ല കാടുകളില്‍ സേന നടത്തിയ ഓപ്പറേഷനില്‍ “ആയുധങ്ങളുമായി നക്‌സല്‍ യൂണിഫോമിലെത്തിയ അജ്ഞാതനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു” എന്നാണ് ബിജാപൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് കോടതിയെ അറിയിച്ചത്. ഈ മേഖലയില്‍ അന്നേദിവസം മറ്റ് കൊലപാതകങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല എന്നു പറഞ്ഞതുകൊണ്ടുതന്നെ കൊല്ലപ്പെട്ട കുട്ടിയെയാണ് നക്‌സല്‍ എന്ന് പൊലീസ് വിശേഷിപ്പിച്ചിരിക്കുന്നതെന്നത് വ്യക്തമാണ്.

എന്നാല്‍ കുട്ടിയുടെ പക്കല്‍ ആയുധമൊന്നുമുണ്ടായിരുന്നില്ലെന്നും സാധാരണ വസ്ത്രമാണ് ധരിച്ചിരുന്നതെന്നുമാണ് എസ്.പിയുടെ വാക്കുകളോട് പ്രതികരിച്ചുകൊണ്ട് കുട്ടിയുടെ പിതാവ് പറഞ്ഞത്.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണണെന്നുമാണ് കുട്ടിയുടെ പിതാവ് ആവശ്യപ്പെടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more