| Sunday, 8th December 2024, 3:54 pm

ഇന്ത്യ മുന്നണിയില്‍ വീണ്ടും തര്‍ക്കം; എസ്.പിയുടെ അബു അസ്മി ബി.ജെ.പിയുടെ ബി ടീമെന്ന് ആദിത്യ താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രധാന സഖ്യകക്ഷികള്‍ക്കെതിരെ സീറ്റ് വിഭജനത്തില്‍ വിമര്‍ശനം ശക്തമാവുമ്പോള്‍ മഹാരാഷ്ട്രയിലെ എസ്.പി സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ അബു അസ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉദ്ധവ് വിഭാഗം ശിവസേന. ഉദ്ധവ് താക്കറെയുടെ മകനും എം.എല്‍.എയുമായ ആദിത്യ താക്കറെ അബു അസ്മിയെ ബി.ജെ.പിയുടെ ബി ടീം എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്.

ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ആയ മിലിന്ദ് നര്‍വേക്കര്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന്റെ ചിത്രവും ഇത് ചെയ്തവരെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന ബാല്‍ താക്കറെയുടെ വാചകവും അടങ്ങിയ ഒരു പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി മഹാവികാസ് അഘാഡിയില്‍ നിന്ന് പിന്മാറുകയുണ്ടായി. വര്‍ഗീയ ആശയങ്ങളോട് എസ്.പിക്ക് ഒത്തുപോകാനാകില്ലെന്ന് പ്രഖ്യാപിച്ചാണ് എസ്.പി. സംസ്ഥാന അധ്യക്ഷനായ അബു അസിം ആസ്മിയുടെ നേതൃത്വത്തിലുള്ള എസ്.പി മുന്നണി വിട്ടത്.

എന്നാല്‍ തന്റെ പരാമര്‍ശങ്ങള്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ ഉദ്ദേശിച്ചുള്ളതല്ലെന്നും ആദ്യത്യ താക്കറെ വ്യക്തമാക്കിയിട്ടുണ്ട്. അഖിലേഷ് ജി യുദ്ധം ചെയ്യുമ്പോള്‍ ഇവിടെ ചിലര്‍ ബി.ജെ.പിയുടെ ബി ടീമിനെപ്പോലെയാണ് പെരുമാറുകയാണെന്നും ഞങ്ങള്‍ ഇത് മുമ്പും കണ്ടിട്ടുണ്ടെന്നായിരുന്നു ആദിത്യയുടെ പരാമര്‍ശം.

‘മഹാവികാസ് അഘാഡയില്‍ ആരെങ്കിലും ബി.ജെ.പിയുടെ ഭാഷ സംസാരിക്കുകയാണെങ്കില്‍, ബി.ജെ.പി.യും അവരും തമ്മിലുള്ള വ്യത്യാസം എന്താണ്? ഞങ്ങള്‍ എന്തിനാണ് ഇത്തരക്കാരുടെ കൂടെ നില്‍ക്കുന്നത്? ഇത്തരത്തില്‍ സംസാരിക്കുന്ന ഒരാളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്ന് തീരുമാനിക്കണം,’ആദിത്യ പറഞ്ഞു.

അതേസമയം ആദിത്യ താക്കറെക്ക് മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ റായ്സ് ഷെയ്ഖും രംഗത്തെത്തിയിട്ടുണ്ട്. ‘ഞങ്ങള്‍ രണ്ട് ചോദ്യങ്ങളാണ് ശിവസേനയോട് ഉന്നയിച്ചത്. ഒന്നാമതായി, നിങ്ങള്‍ ഒരു കടുത്ത ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലേക്ക് നീങ്ങുകയാണോ എന്നതാണ്. രണ്ടാമതായി അവര്‍ക്കാരാണ് വോട്ട് നല്‍കിയത് എന്നാണ്. എന്നാല്‍ ഇതൊന്നും വ്യക്തമാക്കാതെ, ഞങ്ങളെ എതിര്‍ത്തുകൊണ്ട് ആദിത്യ ആരോപണം ഉന്നയിക്കുകയാണ്. ഇത് തെറ്റാണ്, ഈ കാര്യ സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും,’ റായ്‌സ് ഷെയ്ഖ് പ്രതികരിച്ചു.

നിയമസഭയില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ തയാറാണെന്നും വര്‍ഗീയ ആശയം പ്രചരിപ്പിക്കുന്ന ശിവസേനയൊപ്പം സഖ്യത്തില്‍ തുടരാനില്ലെന്നും അബു അസിം പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭയില്‍ സമാജ് വാദി പാര്‍ട്ടിക്ക് രണ്ട് എം.എല്‍.എമാരാണുള്ളത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷമായ മഹാവികാസ് അഘാഡി സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ എസ്.പി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Content Highlight: Aaditya Thackeray Called Samajwadi Party  leader Abu Azmi as B team of BJP

Video Stories

We use cookies to give you the best possible experience. Learn more