ആധാര്‍-വോട്ടര്‍ ഐ.ഡി ലിങ്കിങ് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; ലിങ്കിങ് ഇഷ്ടാനുസൃതമെന്നാവര്‍ത്തിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍
national news
ആധാര്‍-വോട്ടര്‍ ഐ.ഡി ലിങ്കിങ് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; ലിങ്കിങ് ഇഷ്ടാനുസൃതമെന്നാവര്‍ത്തിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd August 2022, 12:39 pm

ന്യൂദല്‍ഹി: വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വോട്ടര്‍ പ്രൊഫൈലുകള്‍ ഉണ്ടാക്കാന്‍ ആധാര്‍-വോട്ടര്‍ ലിങ്കിങ് സഹായിച്ചേക്കുമെന്ന് ആശങ്കയുണ്ടെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ (ഐ.എഫ്.എഫ്). സര്‍ക്കാരേതര സംഘടനയായ ഐ.എഫ്.എഫ് ദല്‍ഹി ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

ആധാര്‍-വോട്ടര്‍ ലിങ്കിങ്ങിനെ സാധൂകരിക്കുന്ന ‘കണ്ടന്‍ഷ്യസ് ഇലക്ഷന്‍ ലോസ് (അമന്‍മെന്റ്) ബില്‍ 2021ലാണ് ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അത് കണക്കിലെടുക്കാതെ ഡിസംബറില്‍ ബില്‍ ബി.ജെ.പി സര്‍ക്കാര്‍ പാസാക്കുകയായിരുന്നു.

വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ആധാര്‍-വോട്ടര്‍ ലിങ്കിങ് എന്നാണ് ബില്ലിനെതിരെ ഉയരുന്ന ആരോപണം.

ആധാര്‍-വോട്ടര്‍ ലിങ്കിങ് ഇഷ്ടാനുസൃതം ചെയ്യാവുന്നതാണെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. എന്നാല്‍ ബില്ലുമായി ബന്ധപ്പെട്ട ഫോം 6, ഫോം 6ബി എന്നിവയില്‍ കേന്ദ്ര നിയമമന്ത്രാലയം ഭേദഗതി വരുത്തിയിരുന്നു.

പുതിയ മാറ്റങ്ങള്‍ പ്രകാരം ആധാര്‍ കൈവശമുള്ളവര്‍ വോട്ട് ചെയ്യണമെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കണം.

വോട്ടവകാശം നഷ്ടപ്പെടാതിരിക്കണമെങ്കില്‍ ആധാര്‍ നമ്പര്‍ വോട്ടര്‍ ഐ.ഡിയുമായി ലിങ്ക് ചെയ്യണമെന്ന് ബൂത്ത് ഓഫീസര്‍ നിര്‍ബന്ധിച്ചുവെന്ന പരാതികള്‍ ലഭിച്ചതായി ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് വോട്ട് ചെയ്യാന്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടതില്ലെന്ന വാദവുമായി അധികാരികള്‍ രംഗത്തെത്തിയത്.

വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ആധാര്‍-വോട്ടര്‍ ലിങ്കിങ്ങ് എന്ന അഭിപ്രായങ്ങളും പരാതിക്ക് പിന്നാലെ പുറത്തുവന്നിരുന്നു.

അതേസമയം ഫോം 6ബിയില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നത് വ്യക്തികളുടെ സ്വാതന്ത്രമാണെന്ന് ഹരിയാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ട്വിറ്ററില്‍ കുറിച്ചു. ഐ.എഫ്.എഫിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഫോം 6ബിയിലേക്കായി ആധാര്‍ നമ്പര്‍ നല്‍കുന്നത് ഒരാളുടെ വ്യക്തിപരമായ താത്പര്യമാണ്. ആധാര്‍ നമ്പര്‍ നല്‍കിയില്ലെന്ന കാരണത്താല്‍ വോട്ടര്‍പട്ടികയിലേക്ക് വരുന്ന ഒരാളുടേയും അപേക്ഷകള്‍ തള്ളിക്കളയരുത്.

ആധാര്‍ നമ്പര്‍ ശേഖരിക്കുന്നത് പേര് ചേര്‍ക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൂടുതല്‍ മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്താനും വേണ്ടി മാത്രമാണ്,’ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ട്വിറ്ററില്‍ കുറിച്ചു.

Content Highlight: Aadhar voter ID linking not mandatory says electoral officers amid issues rise regarding forcible linking