Update: സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാനാവില്ല; ഇനി ആധാര്‍ വേണ്ടാത്ത സേവനങ്ങള്‍ ഇവയൊക്കെ
Aadhar
Update: സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാനാവില്ല; ഇനി ആധാര്‍ വേണ്ടാത്ത സേവനങ്ങള്‍ ഇവയൊക്കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th September 2018, 11:38 am

ന്യൂദല്‍ഹി: സ്വകാര്യ കമ്പനികള്‍ക്ക് ഇനി മുതല്‍ ആധാറിനായി ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ ആവശ്യപ്പെടാനാവില്ല. സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വ്യക്തികളുടെ വിവരങ്ങള്‍ ആവശ്യപ്പെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സെക്ഷന്‍ 57 സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്.

ആധാര്‍ നിയമത്തിലെ ദേശീയ സുരക്ഷ സംബന്ധിച്ച 33 (2) വകുപ്പും 47 ാം വകുപ്പും സുപ്രീം റദ്ദാക്കി. ബയോമെട്രിക് വിവരങ്ങള്‍ കൈമാറരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

എന്നാല്‍ ആദായ നികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാണ്. പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുത്. ആധാറിനായി ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണം. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്.

എന്നാല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല. കുട്ടികളെ ആധാറില്‍ ഉള്‍പ്പെടുത്തുന്നതിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമായും വേണം. സ്‌കൂളുകളില്‍ ചേര്‍ക്കുന്ന സമയത്ത് ആധാര്‍ ചോദിക്കരുത്. ആധാര്‍ ഇല്ലെന്ന പേരില്‍ സ്‌കൂളില്‍ സീറ്റ് നിഷേധിക്കരുത്. സി.ബി.എസ്.ഇ, നീറ്റ് പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.


Live Update -ആധാര്‍; ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി


സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്.

ഒറ്റ തിരിച്ചറിയല്‍ നല്ലതാണെന്നും ആധാര്‍ പ്രയോജനപ്രദമെന്നുമാണ് കോടതിയുടെ ആദ്യ വിധി. ആധാറില്‍ കൃത്രിമം അസാധ്യമാണെന്നും പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ നല്ലതെന്നും ജസ്റ്റിസ് സിക്രി അഭിപ്രായപ്പെട്ടു. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര്‍ക്ക് ഒരേ അഭിപ്രായമാണ്.

പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ ഉപകാരപ്രദമാണെന്നാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയത്. പൗരന്‍മാരുടെ അവകാശങ്ങളില്‍ പരിമിത നിയന്ത്രണമാകാമെന്നും ജസ്റ്റിസ് സിക്രി ചൂണ്ടിക്കാട്ടി. 40 പേജുള്ള വിധിപ്രസ്താവമാണ് ജസ്റ്റിസ് സിക്രി വായിക്കുന്നത്.

ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 29 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.

വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള 29 ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു.