ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ഒരു പുതിയ നിയമം അവതരിപ്പിച്ച് വേണമെങ്കില്‍ ബാങ്കിങ്, സിം കാര്‍ഡ് സേവനങ്ങള്‍ക്ക് ഇനിയും ആധാര്‍ നിര്‍ബന്ധമാക്കാമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. എന്നാല്‍ സര്‍ക്കാര്‍ ഇതിനു മുതിരുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ടെതില്ലെന്ന് സുപ്രീം കോടതി ഈയിടെ വിധി പ്രസ്താവിച്ചിരുന്നു. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍
“വളരെ വ്യക്തമായ നിലപാടാണ് കോടതിയുടേത്. ആധാര്‍ ഒരു പൗരത്വരേഖയല്ല. സര്‍ക്കാര്‍ സേവനങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കുക എന്നതാണ് ആധാറിന്റെ അടിസ്ഥാനലക്ഷ്യം.
ഈ സേവനങ്ങള്‍ കുറ്റമറ്റതാക്കാന്‍ ആധാര്‍ ബാങ്ക് അക്കൗണ്ടും മൊബൈലുമായി ബന്ധിപ്പിക്കുന്നത് സഹായകരമാണെന്ന് കണ്ടാല്‍ അങ്ങനെ ചെയ്യും”- ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കവേ ജെയ്റ്റ്ലി പറഞ്ഞു.
ആധായനികുതിയടവിന് ആധാര്‍ നിലനിര്‍ത്തിക്കൊണ്ടുള്ള കോടതിയുടെ നിലപാടും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. പൗരന്മാരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ ആധാറിന്റെ ഭരണഘടനാ സാധുത നിലനിര്‍ത്തിയ കോടതി വിധി ശ്രദ്ധേയമായിരുന്നു.