ന്യൂദല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്.
ഒറ്റ തിരിച്ചറിയല്‍ നല്ലതാണെന്നും ആധാര്‍ പ്രയോജനപ്രദമെന്നുമാണ് കോടതിയുടെ ആദ്യ വിധി. ആധാറില്‍ കൃത്രിമം അസാധ്യമാണെന്നും പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ നല്ലതെന്നും ജസ്റ്റിസ് സിക്രി അഭിപ്രായപ്പെട്ടു. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര്‍ക്ക് ഒരേ അഭിപ്രായമാണ്.
പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ ഉപകാരപ്രദമാണെന്നാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയത്. പൗരന്‍മാരുടെ അവകാശങ്ങളില്‍ പരിമിത നിയന്ത്രണമാകാമെന്നും ജസ്റ്റിസ് സിക്രി ചൂണ്ടിക്കാട്ടി. 40 പേജുള്ള വിധിപ്രസ്താവമാണ് ജസ്റ്റിസ് സിക്രി വായിക്കുന്നത്.
ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 29 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.
വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള 29 ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന്
ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തെ ആധാര്‍ ലംഘിക്കുവെന്ന ആരോപണമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. പ്രതിപക്ഷ എതിര്‍പ്പുകള്‍ ഒഴിവാക്കാന്‍ പാര്‍ലമെന്റില്‍ മണി ബില്ലായാണ് ആധാര്‍ നിയമം അവതരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജനുവരി 17 മുതല്‍ 38 ദിവസങ്ങളിലായാണ് കേസില്‍ ഒടുവില്‍ വാദം കേട്ടത്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ വാദം കേള്‍ക്കല്‍ കൂടിയായിരുന്നു ഇത്.
നേരത്തെ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കാന്‍ ആധാര്‍ നമ്പര്‍ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് തങ്ങളുടെ ഉത്തരവ് വേണ്ടവിധം മനസിലാക്കാതെയാണെന്ന കോടതി വാദത്തിനിടെ പറഞ്ഞിരുന്നു.
സ്വകാര്യത ഭരണഘടനാപരമായ മൗലികാവകാശമാണ് എന്ന നിര്‍ണായകമായ സുപ്രീം കോടതി വിധിയില്‍ ആധാര്‍ സ്വകാര്യത ലംഘിക്കുന്നു എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുകയും ഇത് ഗൗരവത്തോടെ ഭരണഘടന ബഞ്ച് കാണുകയും ചെയ്തിരുന്നു.
സ്വകാര്യതയ്ക്കുള്ള അവകാശം ജീവിതത്തിന്റേയും വ്യക്തി സ്വാതന്ത്ര്യത്തിന്റേയും അവിഭാജ്യമായ കാര്യമാണെന്നും ഭരണഘടനയുടെ 21ാം അനുച്ഛേദം ഇത് ഉറപ്പ് നല്‍കുന്നതായും സുപ്രീം കോടതി പറഞ്ഞു.
അതേസമയം ദേശീയ സുരക്ഷയ്ക്കപ്പുറം പൗരന്മാരുടെ വിവരം ശേഖരിക്കുന്നതില്‍ ഗവണ്‍മെന്റിന് യുക്തിസഹമായ കാരണങ്ങളുണ്ടാകാമെന്ന നിരീക്ഷണവും 2017 ഓഗസ്റ്റ് 24ന്റെ വിധിയില്‍ സുപ്രീം കോടതി നടത്തിയിരുന്നു.
ഇതുവരെ 100 കോടിയിലധികം ഇന്ത്യക്കാര്‍ ആധാറിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍, പാന്‍ കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയെല്ലാം ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍ അവശ്യസേവനങ്ങള്‍ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കുന്നത് അന്തിമ ഉത്തരവ് വരും വരെ സുപ്രീം കോടതി തടഞ്ഞിരിക്കുകയാണ്.
ആധാര്‍ ബില്‍ ഒരു ധനകാര്യ ബില്ലാണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളിയിരുന്നു. ഈ കേസില്‍ കര്‍ണാടക ഹൈക്കോടതിയിലെ മുന്‍ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമിയും ഒരു ഹരജിക്കാരനാണ്.
കേന്ദ്രസര്‍ക്കാരിനായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഹാജരായപ്പോള്‍ വിവിധ പാര്‍ട്ടികള്‍ക്കും ഹരജിക്കാര്‍ക്കുമായി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, പി.ചിദംബരം, രാകേഷ് ദ്വിവേദി, ശ്യാം ദിവാന്‍, അരവിന്ദ് ദതാര്‍, രാകേഷ് ദ്വിവേദി എന്നിവര്‍ ഹാജരായി.
സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാര്‍. ആദ്യത്തേത് കേശവാനന്ദ ഭാരതി കേസാണ്.
ആധാര്‍ കേസില്‍ 38 ദിവസത്തെ വാദം നടന്നുവെങ്കില്‍ കേശവാനന്ദ ഭാരതി കേസില്‍ 68 ദിവസമായിരുന്നു വാദം നടന്നത്. ആധാര്‍ കേസില്‍ ജനുവരി 17ന് തുടങ്ങിയ കേസിലെ വാദം മേയ് 10ന് അവസാനിച്ചു.
ബാങ്ക് അടക്കം എല്ലാ സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും സ്റ്റോര്‍ ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത് എന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രാധാന കാര്യം. ദിവസവും ചെയ്യുന്ന ഒടുമിക്ക കാര്യങ്ങളും രേഖപ്പെടുത്തപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു.
അതുകൊണ്ടു തന്നെ നിരീക്ഷണത്തിന്റെ പ്രശ്നം വരുന്നുണ്ട് എന്നും അവര്‍ വാദിക്കുന്നു. ആധാര്‍ പദ്ധതി തന്നെ തെറ്റാണ് എന്നതാണ് ഏറ്റവും അടിസ്ഥാനപരമായി ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന കാര്യം. സ്വകാര്യത ആധാറിനും ബാധകമാണ് എന്ന് 24-08-17ന്റെ സുപ്രീം കോടതി വിധി സൂചിപ്പിച്ചിരുന്നു. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കിയിരുന്ന ഐപിസി സെക്ഷന്‍ 377 റദ്ദാക്കിയ വിധിയിലും വ്യക്തികളുടെ സ്വകാര്യത എന്ന ഭരണഘടനാപരമായ മൗലികാവകാശമാണ് സുപ്രീം കോടതി ഉയര്‍ത്തിപ്പിടിച്ചത്.