ന്യൂദല്‍ഹി: ആധാര്‍ പദ്ധതി പൂര്‍ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ്. ആധാര്‍ വിഷയം പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഭൂരിപക്ഷ നിലപാടിന് എതിര്‍ നിലപാട് രേഖപ്പെടുത്തിയ ജഡ്ജിമാരിലൊരാളായിരുന്നു ചന്ദ്രചൂഢ്.
2016ല്‍ മണി ബില്ലായി ആധാര്‍ നിയമം പാസാക്കിയതു തന്നെ ഭരണഘടനാ വിരുദ്ധമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
“ആധാര്‍ മണി ബില്ലായി പാസാക്കിയത് ഭരണഘടനയെ വഞ്ചിക്കലാണ്.” എന്നായിരുന്നു ചന്ദ്രചൂഢിന്റെ നിരീക്ഷണം. ഒരു ബില്ലിനെ മണി ബില്ലായി വര്‍ഗീകരിക്കാനുള്ള സ്പീക്കറുടെ തീരുമാനം കോടതിയില്‍ പുനപരിശോധനാ വിധേയമാക്കാവുന്നതാണ്. നിയമങ്ങള്‍ പാസാക്കുന്നതില്‍ രാജ്യസഭയുടെ പ്രാധാന്യവും അദ്ദേഹത്തിന്റെ വിധിന്യായത്തില്‍ ഉയര്‍ത്തിക്കാട്ടി.
Also Read:മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ടിനും ഇനി ആധാര്‍ വേണ്ട
” നിയമാനുസൃതമായി അധികൃതര്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാഷ്ട്രീയ സ്വാധീനവും ഭരണകൂടത്തിന്റെ താല്‍പര്യങ്ങളും ഭരണഘടനയ്ക്ക് അതിജീവിക്കാനാവുകയുള്ളൂ.” എന്നും അദ്ദേഹം നിരീക്ഷിച്ചു.
ആധാര്‍ മണി ബില്ലായി കൊണ്ടുവന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നായിരുന്നു ജസ്റ്റിസ് സിക്രിയുടെ വിധിന്യായത്തില്‍ ഭൂരിപക്ഷ നിലപാട്.
സ്വകാര്യതയുടെയും വിവര സംരക്ഷണത്തിന്റെയും ലംഘനമാണ് ആധാര്‍ പദ്ധതിയെന്നും അദ്ദേഹം നിലപാടെടുത്തു. ” സാങ്കേതികമായ മാറ്റങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താനാവുന്നതല്ല ഭരണഘടനാ പരമായ അവകാശങ്ങള്‍.” അദ്ദേഹം നിരീക്ഷിച്ചു.
ആധാര്‍ നിയമത്തിലെ സെക്ഷന്‍ 57 ഭരണഘടനയുടെ 14, 21 ആര്‍ട്ടിക്കിളുകളുടെ ലംഘനമാണെന്നും സ്വകാര്യ സ്ഥാപനങ്ങളെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് വിവര ചൂഷണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.