ന്യൂദല്‍ഹി: ആധാര്‍ നമ്പറുകള്‍ സ്ഥിരമായോ അല്ലെങ്കില്‍ താല്‍ക്കാലികമായോ ഡിയാക്ടിവേറ്റ് ചെയ്യാനുള്ള അധികാരം യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന ആധാര്‍ ആക്ടിലെ ചട്ടത്തിലാണ് ഇക്കാര്യം പറയുന്നത്.
എന്നാല്‍ ഇത്തരത്തില്‍ ആധാര്‍ നമ്പറുകള്‍ ഡിയാക്ടിവേറ്റ് ചെയ്യപ്പെട്ടാല്‍ പൗരന്മാര്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്ന സംശയത്തിന് ഈ നിയമത്തില്‍ യാതൊരു വിശദീകരണവുമില്ലെന്ന് വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ആധാര്‍ ബാങ്ക് അക്കൗണ്ടുമായും മറ്റും ബന്ധിപ്പിച്ചവര്‍ക്ക് ഇത്തരത്തില്‍ ഡിയാക്ടിവേറ്റ് ചെയ്യപ്പെടുന്നത് വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
ഒരു വ്യക്തിയുടെ ആധാര്‍ ഡിയാക്ടിവേറ്റ് ചെയ്യപ്പെടാന്‍ അഞ്ച് സാഹചര്യങ്ങളാണ് ആധാര്‍ ആക്ടില്‍ പരാമര്‍ശിക്കുന്നത്. അവ ഇതാണ്:
5 അല്ലെങ്കില്‍ 15വയസായി രണ്ടുവര്‍ഷത്തിനുശേഷവും ഒരു കുട്ടി ബയോമെട്രിക്‌സ് വീണ്ടും അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ആധാര്‍ ഡിയാക്ടിവേറ്റ് ചെയ്യപ്പെടും.
ആധാര്‍ ഉടമ ബയോമെട്രിക് വിവരങ്ങള്‍ നല്‍കിയിട്ടും അത് പിടിച്ചെടുക്കപ്പെട്ടില്ലെങ്കില്‍ ആധാര്‍ ഡിയാക്ടിവേറ്റ് ചെയ്യപ്പെടും.
കൃത്യമായ രേഖയില്ലാതെയാണ് ആധാര്‍ എന്റോള്‍മെന്റ് നടന്നതെന്ന് പിന്നീട് കണ്ടെത്തിയാല്‍ ആധാര്‍ ഡിയാക്ടിവേറ്റ് ചെയ്യപ്പെടും.
പുതിയ ഫോട്ടോഗ്രാഫ് എടുക്കുന്നതിനു പകരം നിലവിലുള്ള ഫോട്ടോ തന്നെയാണ് ഉപയോഗിച്ചതെങ്കില്‍ ആധാര്‍ ഡിയാക്ടിവേറ്റ് ചെയ്യപ്പെടും.
ആധാറിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍ “മോശമായ ഡാറ്റ” ആയി വിലയിരുത്തപ്പെട്ടാല്‍ ആധാര്‍ ഡിയാക്ടിവേറ്റ് ചെയ്യപ്പെടും.
ഈ അഞ്ചു കാരണങ്ങള്‍ക്കു പുറമേ ഡിയാക്ടിവേഷന് അനിവാര്യമായി വരുന്ന മറ്റേത് കാരണം കൊണ്ടും യുണീക്ക് ഐഡിന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ആധാര്‍ റദ്ദാക്കാമെന്നും നിയമത്തില്‍ പറയുന്നു.
യു.ഐ.ഡി.എ.ഐ നിര്‍ദേശിക്കുന്ന ഒരു ഏജന്‍സി ഡിയാക്ടിവേഷനു മുമ്പ് ഒരു അന്വേഷണം നടത്തുകയും ആധാര്‍ ഉടമയുടെ അഭിപ്രായം തേടുകയും ചെയ്യുമെന്ന് ആധാര്‍ ആക്ടില്‍ പറയുന്നുണ്ടെങ്കിലും ഇത് ആധാര്‍ ഉടമയുടെ അവകാശമായി നല്‍കിയിട്ടില്ല എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.
യു.ഐ.ഡി.എ.ഐ 3,84,237 ആധാര്‍ നമ്പറുകള്‍ ഇത്തരത്തില്‍ ഡിയാക്ടിവേറ്റ് ചെയ്തിട്ടുണ്ടെന്നാണ് 2013 മാര്‍ച്ച് 20ന് യു.പി.എ സര്‍ക്കാറിനു കീഴിലുള്ള പാര്‍ലമെന്ററി കാര്യമന്ത്രി രാജീവ് ശുക്ല ലോക്‌സഭയെ അറിയിച്ചത്.
2015-2016 വര്‍ഷത്തില്‍ സാമൂഹ്യ പെന്‍ഷനും ഭക്ഷ്യറേഷനും ആധാര്‍ നിര്‍ബന്ധമാക്കിയശേഷം രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഒട്ടേറെപ്പേര്‍ ആധാര്‍ ഡിയാക്ടിവേറ്റ് ചെയ്യപ്പെട്ടതിന്റെ ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രാജസ്ഥാനിലെ നിര്‍മ്മാണ തൊഴിലാളിയായ ബാബു സിങ്ങിന്റെ കുടുംബം ഇതിന് ഒരു ഉദാഹരണമാണ്. പൊളിയോ ബാധിച്ച ഭാര്യ പുന്നി ദേവിയും രണ്ടു മക്കളുമുള്‍പ്പെട്ടതാണ് ബാബു സിങ്ങിന്റെ കുടുംബം. ആധാര്‍ പ്രശ്‌നം കാരണം ഈ കുടുംബത്തിന് റേഷന്‍ ലഭിക്കാറില്ലെന്ന് ബാബുവിനെ ഉദ്ധരിച്ച് സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.