| Tuesday, 17th April 2018, 6:12 pm

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി. കേംബ്രിജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി യു.എസ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ആശങ്ക പങ്കുവെച്ചത്. 130 കോടി ഇന്ത്യാക്കാരുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും കഴിഞ്ഞ ആഴ്ച സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ആശങ്ക വ്യക്തമാക്കിയത്.

ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചാല്‍ ജനാധിപത്യം എങ്ങനെ നിലനില്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു.

“ആധാര്‍ വിവരങ്ങളെക്കുറിച്ചുള്ള ആശങ്ക സത്യമാണ്. ഡാറ്റാ സംരക്ഷണ നിയമം ഇല്ലാത്ത രാജ്യത്ത് എങ്ങനെയാണ് ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കുന്നത്.” ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന അഞ്ചംഗ ബെഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു. ചോര്‍ന്ന വിവരങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിക്കാന്‍ സാധിച്ചേക്കാമെന്നതാണ് യഥാര്‍ഥ ആശങ്കയെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിയമമില്ലാത്ത സാഹചര്യത്തില്‍ അതിന്റെ സുരക്ഷിതത്വം എങ്ങനെ ഉറപ്പുവരുത്തുമെന്നും അദ്ദേഹം ചോദിച്ചു. പ്രശ്നം വെറും ലക്ഷണമായല്ല യാഥാര്‍ഥ്യമായി തന്നെ കാണണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം 130 കോടിയോളം വരുന്ന ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് ദുരുപയോഗം ചെയ്യപ്പടുമോ എന്ന് കഴിഞ്ഞ ആഴ്ച കോടതി ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയോട് ആരാഞ്ഞിരുന്നു. എന്നാല്‍ ആധാര്‍ ഡേറ്റ എന്നത് ആറ്റംബോംബല്ല എന്നതായിരുന്നു അതിന് യു.ഐ.എ.ഡി.ഐ മറുപടി നല്‍കിയത്.

We use cookies to give you the best possible experience. Learn more