| Sunday, 9th April 2017, 12:56 pm

ആകാശത്തും ആധാര്‍; ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി വ്യോമയാന മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആഭ്യന്തര വിമാനയാത്ര നടത്തുന്ന യാത്രക്കാര്‍ക്ക് ആധാറോ പാസ്‌പോര്‍ട്ടോ നിര്‍ബന്ധമാക്കാന്‍ വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇത് നടപ്പാക്കും. യാത്രാവിലക്കുള്ളവരെ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

പുതിയ പദ്ധതി നിലവില്‍ വന്നാല്‍ ഇന്ത്യയിലെവിടേയും യാത്ര ചെയ്യണമെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തിരിച്ചറിയല്‍ രേഖ കൂടി സമര്‍പ്പിക്കേണ്ടതായി വരും. ചെയ്ത കുറ്റങ്ങളുടെ തീവ്രതയനുസരിച്ച് യാത്രാവിലക്കുള്ളവരെ നാലായി തരം തിരിക്കും. ഇതു പ്രകാരമാണ് വിലക്കിന്റെ കാലാവധിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കുന്നത്.


Must Read: തങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന പരാതിയുമായി ജിഷ്ണുവിന്റെ ബന്ധുക്കള്‍; സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരെ പൊലീസ് നിരീക്ഷിക്കുന്നു


യാത്രാവിലക്കുള്ളവരുടെ പട്ടിക ക്രമീകരിക്കുന്നതിന് വേണ്ടി യാത്രക്കാരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കേണ്ടതായുണ്ട്. അതിനാലാണ് പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് എന്ന് മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചു.

പുതിയ സംവിധാനം ജൂലൈയോടെ നടപ്പാക്കാനാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. സിവില്‍ ഏവിയേഷന്‍ റിക്വയര്‍മന്റിന്റെ കരട് രൂപം പൊതുജനങ്ങളുടെ അഭിപ്രായം അറിയാനായി അടുത്തയാഴ്ച പുറത്തിറക്കും. ഒരു മാസമാണ് ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി ഉള്ളത്.

We use cookies to give you the best possible experience. Learn more