ന്യൂദല്‍ഹി: പ്രായം സ്ഥിരീകരിക്കാന്‍ ആധാര്‍ കാര്‍ഡ് സാധുതയുള്ള രേഖയല്ലെന്ന് സുപ്രീം കോടതി. 2015ല്‍ വാഹനാപകടത്തില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നടപടി.
വാഹനാപകടത്തില്‍ ഇരയായ വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ആധാര്‍ കാര്‍ഡ് രേഖയായി പരിഗണിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.
മരിച്ചയാളുടെ ജനനതീയതി സ്ഥിരീകരിക്കാന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും ജനനതീയതി നിര്‍ണയിക്കണമെന്നാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്.
ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്നും ജനനതീയതി നിര്‍ണയിക്കാനോ സ്ഥിരീകരിക്കാനോ ഉള്ള തെളിവായി ആധാര്‍ കാര്‍ഡിനെ കാണാന്‍ പാടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യുടെ 2023ലെ സര്‍ക്കുലര്‍ നമ്പര്‍ എട്ട് പ്രകാരം ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തില്‍ ആധാര്‍ കാര്‍ഡിനെ കുറിച്ച് പ്രസ്താവിച്ചതായി ബെഞ്ച് പറഞ്ഞു.
2015ല്‍ വാഹനാപകടത്തില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്ന കോടതി നഷ്ട്പരിഹാരം നിശ്ചയിക്കുമ്പോള്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 19.35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. എന്നാല്‍ പ്രായ സ്ഥിരീകരണത്തില്‍ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി അത് 9.22 ലക്ഷമായി കുറയ്ക്കുകയായിരുന്നു.
മരിച്ചയാളുടെ പ്രായം കണക്കാക്കാന്‍ ഹൈക്കോടതി ആധാര്‍ കാര്‍ഡിനെയാണ് ആശ്രയിച്ചതെന്നും ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പ്രായം സ്ഥിരീകരിച്ച ഹൈക്കോടതി പിഴവ് വരുത്തിയെന്നും മരിച്ചയാളുടെ ബന്ധുക്കള്‍ കോടതിയില്‍ വാദിച്ചു.
Content Highlight: Aadhaar card not valid document to verify age: Supreme Court