ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ആധാറിനെ ചിത്രീകരിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ആധാറിന്റെ യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വ്യകതികളെ തിരിച്ചറിയാന്‍ ആധികാരികമായി ഉപയോഗപ്പെടുത്താമെങ്കിലും ബാങ്ക് തട്ടിപ്പുകളെ തടയും എന്നും മറ്റുമുള്ള വാദം തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു.
ദാരിദ്ര്യ രേഖക്കു താഴെയുള്ളവര്‍ക്ക് കൃത്യമായി സാമ്പത്തിക സഹായമെത്തിക്കാനും നികുതി വെട്ടിപ്പ് തടയാനും ബാങ്ക് കൊള്ളകളും തട്ടിപ്പുകളും തടയാനും ആധാര്‍ ഉപകരിക്കും എന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചുകൊണ്ടിരിക്കെയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടല്‍.
“തെറ്റായ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചല്ല ബാങ്ക് തട്ടിപ്പുകള്‍ നടന്നതെന്നിരിക്കെ ആധാര്‍ ഇത് തടയും എന്ന വാദം ശരിയല്ല. വായ്പയെടുക്കുകയും തിരിച്ചടക്കാതിരിക്കുകയും ചെയ്ത തട്ടിപ്പുകാരുടെ വിവരങ്ങള്‍ ബാങ്കുകള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ആധാറിന് മറ്റ് പ്രയോജനങ്ങള്‍ ഉണ്ടായിരിക്കാം, എന്നാല്‍, തട്ടിപ്പുകള്‍ തടയാന്‍ ആധാറിന് കഴിയില്ല”, ജസ്റ്റിസ് എ.കെ സിക്രി പറഞ്ഞു. “ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ ആധാര്‍ ഒരു പരിഹരമല്ല; അതിന് മറ്റു വഴികള്‍ സ്വീകരിക്കേണ്ടതുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: 5.6 ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി: ഫേസ്ബുക്ക്
1.2 ബില്ല്യണ്‍ പൗരന്‍മാര്‍ ആധാര്‍ എടുത്തിട്ടുണ്ടെന്നും ഇവരെല്ലാം അവരുടെ ബയോമെട്രിക് വിവരങ്ങള്‍ സ്വമേധയാ നല്‍കിയതാണെന്നും സ്വകാര്യ വ്യക്തി വിവരങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള സുപ്രീം കോടതിയുടെ ആശങ്കക്ക് എ.ജി മറുപടി നല്‍കി. “ബയോമെട്രിക്‌സ് വിവരങ്ങള്‍ സുരക്ഷിതമായ രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സ്വമേധയാ ബയോമെട്രിക്‌സ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നവര്‍ക്ക് സ്വകാര്യതാ ലംഘനത്തെ കുറിച്ച് പരാതിപ്പെടാന്‍ കഴിയില്ല. മാത്രമല്ല, ദശലക്ഷക്കണക്കിന് ദരിദ്രര്‍ക്ക് ഭക്ഷണവും അഭയവും നല്‍കി ജീവിക്കാനുള്ള അവകാശം നിലനിര്‍ത്തുന്നതാണ് ആധാര്‍. ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ ആധാറിലൂടെ നിലനിര്‍ത്തുന്നവര്‍ക്ക് സ്വകാര്യതുടെ അവകാശ ലംഘനത്തെക്കുറിച്ച് പരാതിപ്പെടാന്‍ കഴിയുകയില്ല”, അദ്ദേഹം പറഞ്ഞു.
“നിങ്ങള്‍ ആഹാരവും അഭയവും സ്വീകരിക്കുകയാണെങ്കില്‍ മറ്റു അവകാശങ്ങളുടെ ലംഘനത്തെക്കുറിച്ച് മിണ്ടരുത്” എന്നാണ് എ.ജിയുടെ വാദമെന്ന് കോടതി പ്രതികരിച്ചു. തുടര്‍ വാദങ്ങള്‍ ചൊവ്വാഴ്ചയിലെക്ക് മാറ്റിവെച്ചു.
Watch DoolNews Video :