ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷമാണ് ജുബിത് സംവിധാനം ചെയ്ത ആഭാസം ഇന്ന് തീയറ്ററുകളില്‍ എത്തിയത്. ആര്‍ഷഭാരത സംസ്‌കാരം എന്ന് ആര്‍.എസ്.എസും ബി.ജെ.പിയും ഇപ്പോഴും ഉയര്‍ത്തിക്കാട്ടുന്ന സംസ്‌കാര- ആഭാസങ്ങളുടെ പൊള്ളത്തരം വെള്ളിത്തിരയിലേക്കു പകര്‍ത്തുകയാണ് ജുബിത് തന്റെ കന്നി ചിത്രത്തിലൂടെ ചെയ്യുന്നത്. ഡെമോക്രാറ്റിക് ട്രാവലേഴ്‌സിന്റെ ഗാന്ധി മാര്‍ക്‌സ് അംബേദ്കര്‍ ജിന്ന ഗോഡ്സെ ബസുകളിലൂടെ ആണ് കഥ മുന്നോട്ടു പോകുന്നത്. അതില്‍ത്തന്നെ ഗാന്ധി ബസാണ് കേന്ദ്രഘടകം മറ്റുള്ള ബസുകള്‍ ഉപകഥാപാത്രങ്ങള്‍ ആണ്.
ബസ്സിലെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും രാഷ്ട്രീയവും സദാചാരവും ഒക്കെയാണ് ഈ രണ്ടുമണിക്കൂര്‍ സിനിമ പ്രേക്ഷകന്റെ മുന്നിലേക്ക് വയ്ക്കുന്നത്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തുന്ന ബസ്സില്‍ പെണ്ണിനെ ഇറച്ചി കഷ്ണം മാത്രമായി കാണുന്ന മലയാളി പുരുഷന്റെ ഫ്രസ്ട്രേഷനും സ്വന്തം കാര്യം മാത്രം ചിന്തകളില്‍ പ്രധാനമാകുന്ന മലയാളി മനസും വിവാഹം കഴിക്കാണ് നിര്‍ബന്ധിതയാകുന്ന പെണ്ണും സ്‌നേഹം പരസ്യമായി പ്രകടിപ്പിക്കുന്ന വിദേശീയരും മലയ്ക്ക് പോകുന്ന സ്വാമിയും എല്ലാം കഥാപാത്രങ്ങള്‍ ആണ്.
വ്യത്യസ്ത ദിശകളിലൂടെ സഞ്ചരിക്കുന്ന വിവിധ മനുഷ്യരുടെ ജീവിതത്തിന്റെ ചില അടരുകള്‍ മാത്രമാണ് സിനിമയില്‍ കാണിക്കുന്നത്. മധ്യവര്‍ഗ കുടുംബത്തിന്റെ ഉള്ളില്‍ കുട്ടികള്‍ അനുഭവിക്കുന്ന ചൂഷണത്തെ സൂചിപ്പിക്കുന്നതിനൊപ്പം തന്നെ അതിനെ കുറിച്ച് ബോധവാന്മാരല്ലാത്ത മാതാപിതാക്കളെയും നമുക്ക് ചിത്രം കാണിച്ചു തരുന്നു. ബാംഗ്ലൂര്‍ നഗരത്തില്‍ പെയിന്റ് തൊഴിലാളിയായ രോഗിയായ വൃദ്ധന്റെ വേഷം കൈകാര്യം ചെയ്യുന്ന ഇന്ദ്രന്‍സ് ജോലിയെ അങ്ങേയറ്റം ആസ്വദിക്കുന്ന അതില്‍ സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ്. ഇത്രമേല്‍ ആസ്വദിച്ച് പെയിന്റ് അടിക്കുന്ന മറ്റൊരാളെ ഒരു പക്ഷെ നമുക്കൊരിക്കലൂം കാണാന്‍ സാധിക്കുക പോലുമില്ല എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് അയാളുടെ തൊഴിലെടുക്കല്‍ . അതേസമയം അയാള്‍ ദരിദ്രനാണ്, മറ്റെന്തോ ചിന്തകളില്‍ ആകുലനാണ്.
ബാംഗ്ലൂരില്‍ മലയാളി മെസ് നടത്തുന്ന കുടുംബവും ബസ്സിലുണ്ട്. ബീഫ് പ്രശ്‌നമാകുമ്പോള്‍ ബീഫിന് മായാമോഹിനി എന്ന് പേരിടാം എന്നും മലയാളികള്‍ക്ക് മാത്രം കൊടുത്താല്‍ മതി എന്നും നിലപാടെടുക്കുന്ന മുതലാളിയാണ് അയാള്‍. ബസ്സില്‍ വച്ച് ചുംബിക്കുന്ന കമിതാക്കളെ കണ്ടു “ഇവരെയൊക്കെ നാട്ടില്‍ വച്ച് ആയിരുന്നെങ്കില്‍ അടിച്ചോടിക്കാമായിരുന്നു എന്ന് പുരുഷാധിപത്യ ബോധത്തിന്റെ എല്ലാം ഗുണങ്ങളും തികഞ്ഞ അയാള്‍ അമര്‍ഷം രേഖപ്പെടുത്തുന്നു. അടുത്തിരിക്കുന്ന ആളിന്റെ “ചേട്ടന്‍ ശിവസേനയാണോ” എന്ന ചോദ്യത്തില്‍ അയാള്‍ തന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നു. കേരളത്തില്‍ ആര്‍.എസ്.എസിനേക്കാളും അപകടമാകുന്നത് അവര്‍ക്കൊക്കെ രണ്ടെണ്ണം കിട്ടണം എന്ന പൊതുബോധമാണ് എന്ന് സംവിധായകന്‍ പറഞ്ഞു വയ്ക്കുന്നു.
സിനിമയുടെ അവസാനത്തോടടുക്കുമ്പോള്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളില്‍ ഓരോ കഥാപാത്രവും എങ്ങിനെ പ്രതികരിക്കുന്നു എന്നും ഡ്രൈവര്‍ ഓടി പോകുന്ന ഗാന്ധി ബസില്‍ നിന്നും ഗോഡ്സെ ബസിലേക്ക് എത്ര എളുപ്പം ആളുകള്‍ക്ക് ചേക്കേറാന്‍ സാധിക്കുന്നു എന്നും, മലയ്ക്ക് പോകുന്ന സ്വാമി, ” അപ്പൊ ശരി ഞങ്ങളുടെ ആളുകളുടെ അടുത്തേക്ക് പോകട്ടെ” എന്നും തുറന്നു പറയാവുന്ന ഇടമായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നു എന്നും ആഭാസം കാണിച്ചു തരുന്നു.
സിനിമയിലെ ഓരോ കഥാപാത്രവും ഓരോ രാഷ്ട്രീയം നമുക്കു മുന്നിലേക്ക് വയ്ക്കുന്നുണ്ട്. അതിജീവനത്തിന്റെ, അവഗണനയുടെ, അടക്കിവയ്ക്കുന്ന ലൈംഗികദാഹത്തിന്റെ, കപടതയുടെ, ചതിയുടെ, ഭരണകൂട ചതിയുടെ എല്ലാം കുപ്പായങ്ങള്‍ക്കുള്ളില്‍ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ ആണ് ചിത്രത്തിന്റെ കാതല്‍. ഈ ചിത്രത്തിന്റെ പോരായ്മയും അതുതന്നെ ആണ്. വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ദൃശ്യഭാഷയേക്കാള്‍ ഡയലോഗുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് ചിലയിടത്തെങ്കിലും കല്ലുകടിയാകുന്നു.
പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെയും ഇന്ദ്രന്‍സിന്റെയും ഉപകഥകളിലെ ദൃശ്യഭാഷയോടു ചേര്‍ന്ന് നില്ക്കാന്‍ മറ്റുള്ള സീനുകള്‍ക്ക് സാധിച്ചിട്ടില്ല! സിനിമയിലെ ഗാനങ്ങള്‍ ഊരാളി ബാന്‍ഡിന്റെ സംഭാവനയാണ്. സാമൂഹിക വിഷയങ്ങളില്‍ തങ്ങളുടെ വിമര്‍ശനം കൃത്യമായി രേഖപ്പെടുത്തുന്ന ഊരാളിയുടെ രണ്ടു ഗാനങ്ങളും കഥയോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്. ഇന്ദ്രന്‍സും അലന്‍സിയറും സൂരജ് വെഞ്ഞാറമൂടും റിമാകല്ലിങ്ങലും ശീതള്‍ ശ്യാമും ശൈലജ പി അമ്പുവും മല്ലു പി ശേഖറും സുജിത് ശങ്കറും ജിലു ജോസഫ്ഉം എല്ലാം ചിത്രത്തില്‍ വേഷമിടുന്നു.
മലയാളത്തില്‍ സമാന്തര സിനിമകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അവ മുദ്രാവാക്യ സിനിമകളായി മാത്രം നില്‍ക്കുന്നു എന്നതാണ്. ഇങ്ങനെയാകരുത് എങ്ങനെയാകരുത് എന്ന് പ്രേക്ഷകനെ പറഞ്ഞു പഠിപ്പിക്കുന്ന തരത്തിലാണ് തിരക്കഥകള്‍ രൂപകല്പന ചെയ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ഒരു സാധാരണ മലയാളിക്ക് ദഹിക്കുന്ന രീതിയില്‍ അല്ല ആഭാസം മുന്നോട്ടു നീങ്ങുന്നത്. ഈ പോരായ്മ കൊണ്ട് തന്ന് ഈ ചിത്രം അതുദ്ദേശിക്കുന്ന പ്രേക്ഷകരിലേക്ക് എത്തുമോ എന്നത് ഒരു സംശയമായി നില്‍ക്കുന്നു.
വിഷയത്തിന് അഞ്ചില്‍ അഞ്ചു കൊടുക്കുമ്പോഴും ഒരു ചലച്ചിത്ര ആസ്വാദക എന്ന നിലയില്‍ ആഭാസത്തിനു മൂന്നില്‍ കൂടുതല്‍ പോയിന്റ് നല്‍കാന്‍ സാധിക്കില്ല. പ്രശ്‌നങ്ങളുടെ അവതരണം മാത്രമായി സിനിമ നില്‍ക്കുന്നു എന്നത് ഗൗരവമുള്ള പോരായ്മയായി വിലയിരുത്തുകയും ചെയ്യുന്നു