കൊച്ചി: സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ നിയമ പോരാട്ടം നടത്തിയ മലയാള ചിത്രം ആഭാസത്തിന് യു/എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി. നീണ്ട അവകാശ പോരാട്ടത്തിനൊടുവിലുള്ള വിജയമാണിതെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ റിലീസ് ചെയ്യെണ്ടിയിരുന്ന ചിത്രത്തിന് ഡിസംബര്‍ ഇരുപത്തിയാറിന് നടന്ന ആദ്യ സെന്‍സറില്‍ എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു നല്‍കിയത്. ഇതിന് എതിരെയായിരുന്നു അണിയറപ്രവര്‍ത്തകരുടെ പോരാട്ടം. സെന്‍സര്‍ബോര്‍ഡ് പറയുന്ന കട്ടുകള്‍ ചിത്രത്തിന് നല്‍കിയിട്ടും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ ജുബിത് നമ്രാഡ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
തുടര്‍ന്ന് മുംബൈയില്‍ റിവ്യു കമ്മറ്റിക്ക് അപ്പീല്‍ നല്‍കിയെങ്കിലും കൂടുതല്‍ കട്ടുകള്‍ നിര്‍ദേശിക്കുകയായികരുന്നു. തുടര്‍ന്നാണ് ഡല്‍ഹി ട്രൈബ്യുണലിനെ സമീപിച്ചതെന്നും ജുബിത് പറയുന്നു. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് കിട്ടയതിനെ തുടര്‍ന്ന് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ചിത്രത്തിലെ പ്രധാനകഥാപാത്രമായ സുരാജിന്റെ കാല്‍ തുടയുടെ ചിത്രത്തില്‍ യു/എ സര്‍ട്ടിഫിക്കറ്റ് എഴുതിയ പോസ്റ്ററാണ് പുറത്ത് വിട്ടത്.
ചിത്രത്തിന് ആദ്യം എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പറഞ്ഞിരുന്നത് ചിത്രത്തിലെ നായകനായ സുരാജ് വെഞ്ഞാറമുടിന്റെ കാല്‍ തുടകാണിക്കുന്നു എന്നതായിരുന്നു. ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചതിന്റെ സന്തോഷം അണിയറപ്രവര്‍ത്തകര്‍ ആഭാസത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെ അറിയിച്ചു.
ചിത്രം ഏപ്രില്‍ പതിനാലിന് തിയേറ്ററുകളില്‍ എത്തും.നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആഭാസത്തില്‍ സുരാജും റിമ കല്ലിംഗലുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
സദാചാരം എന്ന പേരില്‍ സമൂഹം കാട്ടിക്കൂട്ടുന്ന വൃത്തികേടുകളെ കുറിച്ച് സംവദിക്കുന്ന ചിത്രമാണ് ആഭാസം. സമൂഹത്തില്‍ നിലനില്‍ക്കുന്ന അസഹിഷ്ണുതകളേയും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. മലയാളികളുടെ കപട സദാചാര ബോധത്തെ പൊളിച്ചടുക്കുന്നതുകൂടിയാണ് ചിത്രം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഡിസംബര്‍ 26″ന് ആദ്യത്തെ സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ തിരുവനന്തപുരത്ത് നടന്നപ്പോള്‍, ഒരു നീണ്ട അവകാശ പോരാട്ടത്തിനാണ് ഞങ്ങള്‍ തുടക്കം കുറിച്ചത്. ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് എന്ന പേരില്‍ A സര്‍ട്ടിഫിക്കറ്റ് വച്ചു നീട്ടിയ തിരുവനന്തപുരത്തെ എമാന്മാര്‍ക്കെതിരെ ഞങ്ങള്‍ റീവ്യൂ കമ്മിറ്റിക്ക് അപ്പീല്‍ നല്‍കി.
ഫെബ്രുവരി 3″ന് മുംബൈയില്‍ വെച്ചു നടന്ന റീവ്യൂ കമ്മിറ്റിയുടെ വിചാരണയില്‍ പട പേടിച്ചു പന്തളത്ത് ചെന്നവന്റെ അവസ്ഥയാണ് ഞങ്ങളെ എതിരേറ്റത്. പന്തം കൊളുത്തിയ മുംബൈ സെന്‍സര്‍ ബോര്‍ഡ് വെച്ചു നീട്ടിയതും A, ഇത്തവണ കുറേ ഉപാധികളോടെ.
വിശ്വസിച്ച സിനിമയും അതിന്റെ രാഷ്ട്രീയവും ഒരു തരത്തിലുമുള്ള കലര്‍പ്പിലാതെ നിങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍, ഞങ്ങള്‍ വീണ്ടും അപ്പീല്‍ നല്‍കി. ഇത്തവണ ഡല്‍ഹിയില്‍, ട്രിബൂണലില്‍.
വ്യക്തമായി കേസ് പഠിച്ച് ജോസഫ് പി അലക്‌സ് എന്ന അഭിഭാഷകനും ഞങ്ങളുടെ കൂടെ ചേര്‍ന്നു. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി സിനിമയെന്ന സൃഷ്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഇന്ന് ഞങ്ങള്‍ പട ജയിച്ചിരിക്കയാണ്.
ആഭാസത്തിന് U/A സര്‍ട്ടിഫിക്കറ്റ്. ???
അപ്പോള്‍ ഇനി വിഷുവിന് കാണാം.