| Saturday, 7th February 2015, 11:40 am

എ.എം ആരിഫിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് എ.എ ഷുക്കൂര്‍: തന്റെ പ്രസ്ഥാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ആരിഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: അരൂരില്‍ നിന്നുളള സി.പി.ഐ.എം എം.എല്‍.എ ആയിട്ടുള്ള എ.എം ആരിഫിനെ കോണ്‍ഗ്രസിലേക്കു ക്ഷണിച്ച് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍.

“ആരിഫിനു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാണ്.” എ.എ ഷുക്കൂര്‍ പറഞ്ഞു.

നേരത്തെ ശെല്‍വരാജന്‍ യു.ഡി.എഫിലേക്കു വന്നപ്പോള്‍ തന്നെ ആരിഫിനെ പ്രതീക്ഷിച്ചതാണെന്നും ഷുക്കൂര്‍ പറഞ്ഞു. 2006ല്‍ ഗൗരിയമ്മയേയും 2011ല്‍ എ.എ ഷുക്കൂറിനെയും പരാജയപ്പെടുത്തിയാണ് ആരിഫ് അരൂരില്‍ എം.എല്‍.എയായത്.

എന്നാല്‍ ഷുക്കൂറിന്റെ ക്ഷണത്തെ ആരിഫ് തള്ളി. “എന്റെ പ്രസ്ഥാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കും. പാര്‍ട്ടിയുമായി യാതൊരു പ്രശ്‌നവുമില്ല. എന്റെ പാര്‍ട്ടിയില്‍ നിന്നും എല്ലാ പിന്തുണയുമുണ്ട്. എന്നെ ശാസിക്കാനും നിയന്ത്രിക്കാനും തിരുത്താനും പാര്‍ട്ടി അധികാരമുണ്ട്. രക്ഷ ഇടതുപക്ഷം മാത്രമാണ് എന്നു ജനം തിരിച്ചറിയുന്നുണ്ട്. ഞാന്‍ ഒരു വലയിലും വീഴില്ല.” ആരിഫ് പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്നു മനസിലാക്കിയപ്പോള്‍ വിടുവായത്തം പറയുകയാണ് ഷുക്കൂര്‍. അരൂര്‍ സീറ്റില്‍ കണ്ണുനട്ടുള്ള പ്രസ്താവനയാണ് ഷൂക്കൂറിന്റേതെന്നും ആരിഫ് പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രതിസന്ധിയിലായ സമയത്ത് ലക്ഷക്കണക്കിനു രൂപ ചിലവഴിച്ച് സര്‍ക്കാറിനെ നിലനിര്‍ത്താന്‍ വേണ്ടിയാണ് ശെല്‍വരാജനെ കൂറുമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

ശെല്‍വരാജനെ സ്വാധീനിക്കാനായി അദ്ദേഹത്തിന്റെ മണ്ഡലത്തിലാണ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചതെന്ന ആരോപണം ശെല്‍വരാജ് പാര്‍ട്ടി വിട്ട സമയത്ത് ഉണ്ടായിരുന്നു. ശെല്‍വരാജന്റെ മണ്ഡലത്തിലല്ല ആരിഫിന്റെ മണ്ഡലത്തിലാണ് ഏറ്റവും തുക ചിലവഴിച്ചതെന്ന് മുഖ്യമന്ത്രി ഇതിനു മറുപടി നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ ആരിഫല്ലേ പാര്‍ട്ടി വിടേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. തന്നെ കോണ്‍ഗ്രസ് സ്വാധീനിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ കാരണമെന്നും ആരിഫ് പറഞ്ഞു.

നേരത്തെ നെയ്യാറ്റിന്‍കരയില്‍ സി.പി.ഐ.എമ്മിന്റെ എം.എല്‍.എയായിരുന്ന ശെല്‍വരാജന്‍ കോണ്‍ഗ്രസിലേക്കു മാറിയിരുന്നു. ആ സമയത്തു തന്നെ ആരിഫും പാര്‍ട്ടി വിടുന്നുവെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more