| Friday, 8th April 2022, 11:45 am

തിരുത തോമ എന്ന് വിളിച്ച് അവഹേളിക്കുകയാണെന്ന് കെ.വി. തോമസ് പറഞ്ഞത് വൈകാരികമായാണ്: എ.എ. റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കെ.വി. തോമസിനെ കോണ്‍ഗ്രസ് ജാതീയമായി അധിക്ഷേപിക്കുകയാണെന്ന് സി.പി.ഐ.എം രാജ്യസഭാ എം.പി എ.എ. റഹീം. ജാതി അധിക്ഷേപം ബി.ജെ.പിയെ പോലെ കോണ്‍ഗ്രസും ശീലമാക്കിയിരിക്കുകയാണെന്ന് റഹിം പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ തന്നെ തിരുത തോമ എന്ന് വിളിച്ച് അവഹേളിക്കുകയാണെന്ന് കെ.വി. തോമസ് പറഞ്ഞത് വൈകാരികമായാണെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

‘എന്നെ തിരുതാ തോമായെന്നു വിളിച്ചു കോണ്‍ഗ്രസുകാര്‍ അവഹേളിക്കുന്നു, അതെ, ഞാന്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചയാളാണ്. വൈകാരികമായി കെ.വി. തോമസ് ഇന്നലെ പറഞ്ഞ വാക്കുകളാണിത്.

ജാതി അധിക്ഷേപം ബി.ജെ.പിയെപ്പോലെ കോണ്‍ഗ്രസ് ശീലമാക്കിയിരിക്കുന്നു. കേരളത്തിന്റെ സര്‍വ്വാദരണീയനായ മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകന്‍ എന്ന് വിളിച്ചു ആക്ഷേപിക്കാന്‍ ശ്രമിച്ചതും ഇതേ കോണ്‍ഗ്രസാണ്. ചെത്തുകാരന്റെ മകന്‍ ചെത്താന്‍ പോകണമെന്നും ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസ് ബോധം.

മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നും വന്ന ഒരാള്‍ മീന്‍ പിടിക്കാന്‍ പോകേണ്ടതിന് പകരം കോളേജ് അധ്യാപകനാകുന്നു, പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു. ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ, തന്റെ കൂടെയുള്ളവരുടെ ഈ മാനസികാവസ്ഥയെ കുറിച്ചാണ് കെ.വി. തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞത്.

മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടാനും, കെ.വി. തോമസിനെ, രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന ഒരു സെമിനാറില്‍ നിന്ന് എന്തിന് വിലക്കുന്നു എന്ന് യുക്തിസഹമായി വിശദീകരിക്കാനും കഴിയാതെവരുമ്പോള്‍, ജാതിയും കുലവും പറഞ്ഞു അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് സംസ്‌കാരത്തിന് പുരോഗമന കേരളം മറുപടി നല്‍കും,’ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണെന്നാണ് കെ.വി. തോമസ് പറഞ്ഞത്. സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നു. കേരളത്തിന് പുറത്ത് സി.പി.ഐ.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോകുന്നത്.

മാര്‍ച്ചില്‍ യെച്ചൂരിയുമായി സംസാരിച്ചു. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്, അതുകൊണ്ടാണ് പങ്കെടുക്കാന്‍ അനുമതി തേടിയത്. സമീപകാല തെരഞ്ഞെടുപ്പുകളൊന്നും കോണ്‍ഗ്രസിന് അനുകൂലമല്ല. രാഹുല്‍ ഗാന്ധിയടക്കം സി.പി.ഐ.എം യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നറിയിച്ച കെ.വി. തോമസിനെതിരെ നടപടിയെടുക്കാന്‍ എ.ഐ.സി.സിയോട് ശിപാര്‍ശ ചെയ്യുമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞത്. കെ.വി. തോമസ് സെമിനാറില്‍ പങ്കെടുക്കില്ലെന്നാണ് ഇപ്പോഴും കരുതുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

കെ.വി. തോമസ് പുറത്തേക്ക് പോകരുതെന്നാണ് ഇപ്പോഴും തങ്ങളുടെ പ്രാര്‍ത്ഥന. കെ.വി. തോമസ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകുന്നത് വലിയ നഷ്ടം തന്നെയാവുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: AA Rahim says about KV Thomas

We use cookies to give you the best possible experience. Learn more